ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം: കൊല്‍ക്കത്തയില്‍ സച്ചിന്‍ തരംഗം

Posted on: November 5, 2013 6:00 am | Last updated: November 4, 2013 at 11:46 pm

കൊല്‍ക്കത്ത: സച്ചിന്‍ തരംഗം അലയടിക്കുകയാണ് കൊല്‍ക്കത്തയില്‍. ഇതിഹാസത്തിന്റെ വിടപറയല്‍ പരമ്പരയിലെ ആദ്യ മത്സരം ഈഡന്‍ഗാര്‍ഡനിലാണ്. മറ്റന്നാള്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ അത് സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ എന്ന ബാറ്റിംഗ് ജീനിയസിന്റെ 199താമത്തെ മത്സരമാകും. കൊല്‍ക്കത്തയില്‍ സച്ചിന്റെ അവസാന മത്സരമെന്ന പ്രത്യേതകയും വേദനയുമെല്ലാം നാട്ടുകാര്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. സച്ചിന്റെ കൂറ്റന്‍ കട്ടൗട്ടുകള്‍ സ്റ്റേഡിയത്തിന് ചുറ്റിലും ഉയര്‍ന്നു കഴിഞ്ഞു. നഗരത്തിലെവിടെയും സച്ചിന്‍ മയം. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പരിശീലനത്തിനെത്തുന്ന് കാണാന്‍ പോലും ജനസഞ്ചയം. ട്വന്റി ട്വന്റി ക്രിക്കറ്റോടെ ടെസ്റ്റിന് കൈമോശം വന്ന കാണിക്കൂട്ടം ബുധനാഴ്ച രാവിലെയോടെ ഈഡന്‍ഗാര്‍ഡനിലേക്ക് ഒഴുകിയെത്തും. സച്ചിന്റെ ബാറ്റില്‍ നിന്ന് സ്‌ട്രെയ്റ്റ് ഡ്രൈവുകള്‍ പിറക്കുമ്പോള്‍ ഗ്യാലറിയിലെ തലകള്‍ക്ക് ലഹരി പിടിക്കും. ടെലിവിഷന് മുന്നിലിരിക്കുന്നവരുടെ സ്ഥിതിയും വ്യത്യസ്തമാകില്ല. തനിക്ക് മികച്ചൊരു യാത്രയയപ്പ് നല്‍കാന്‍ ഓടിനടക്കുന്ന ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനോടും ഇവിടെയുള്ള നാട്ടുകാരോടും സച്ചിന്‍ നന്ദി അറിയിക്കുക ബാറ്റു കൊണ്ടായിരിക്കും. അതിനുള്ള തയ്യാറെടുപ്പിലാണ് സച്ചിന്‍.
കഠിന പരിശീലനത്തിലാണ് താരം. ഇന്നലെ രാവിലെ പത്തരയോടെ പരിശീലനത്തിനെത്തിയ സച്ചിന്‍ പാഡണിയുന്നതിന് മുമ്പ് പന്തെടുത്തു. നെറ്റ്‌സില്‍ മുരളി വിജയിനെതിരെ ലെഗ് ബ്രേക്കുകള്‍ എറിഞ്ഞു. പല തവണ ബീറ്റണായ മുരളിയെ സച്ചിന്‍ അടുത്തു വിളിച്ച് ആ പന്തുകള്‍ കളിക്കേണ്ട രീതിയെ കുറിച്ച് പറഞ്ഞു കൊടുത്തു. ഗുരുമുഖത്ത് നിന്ന് പാഠമുള്‍ക്കൊണ്ടതുപോലെ മുരളി പിഴവുകള്‍ പരിഹരിച്ച് ലെഗ് ബ്രേക്കുകളെ നേരിട്ടു. അതിന് ശേഷം കോച്ച് ഡങ്കന്‍ ഫ്‌ളെച്ചറുമായി സച്ചിന്‍ ദീര്‍ഘനേരം ചര്‍ച്ച നടത്തി. തുടര്‍ന്ന് പാഡണിഞ്ഞ സച്ചിന്‍ തന്റെ ഊഴം കാത്ത് താരജാഡയില്ലാതെ ക്ഷമയോടെ കാത്തു നില്‍ക്കുന്ന കാഴ്ച. ഓപണിംഗ് ബാറ്റ്‌സ്മാന്‍മാരായ മുരളി വിജയും ശിഖര്‍ധവാനുമായിരുന്നു നെറ്റ്‌സില്‍ ആദ്യം പരിശീലനത്തിനെത്തിയത്.
ഇവര്‍ പിന്‍മാറിയതിന് ശേഷം സച്ചിനും ധോണിയും നെറ്റ്‌സില്‍ ബാറ്റേന്തി. ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും ബംഗാള്‍ പേസര്‍മാരും ഇവര്‍ക്ക് പന്തെറിഞ്ഞു. പത്ത് മിനുട്ട് നേരം മാത്രമാണ് സച്ചിന്‍ പേസര്‍മാരെ നേരിയാന്‍ വിനിയോഗിച്ചത്. ‘ട്രേഡ് മാര്‍ക്ക് ഡ്രൈവുകളുമായി സച്ചിന്‍ ഫോം പ്രദര്‍ശിപ്പിച്ചു. സ്പിന്നര്‍മാര്‍ക്കെതിരെ ഏറെ നേരം ബാറ്റ് ചെയ്ത സച്ചിന്‍ പ്രഗ്യാന്‍ ഓജയെ കൊണ്ട് വ്യത്യസ്ത ലൈനുകളില്‍ എറിയിപ്പിച്ചു. രവിചന്ദ്രന്‍ അശ്വിന്‍, മുരളി എന്നിവരും സച്ചിന് സ്പിന്‍ പരിശീലനം നല്‍കി. ത്രോ പരിശീലിച്ച ശേഷം ക്യാച്ചിംഗിലേക്ക്. ഇതിനിടെ യുവതാരങ്ങളുടെ ബാറ്റിംഗ് നിരീക്ഷിച്ച സച്ചിന്‍ ക്ലബ്ബ് ബൗളര്‍മാരുടെ ഏറും നോക്കി നിന്നു. അവരുടെ പന്തുകള്‍ നേരിടാന്‍ ഉത്സാഹം കാണിച്ച സച്ചിന്‍ മെച്ചപ്പെടുത്തേണ്ട മേഖല ചൂണ്ടിക്കാട്ടിയതിന് ശേഷം നെറ്റ്‌സ് വിട്ടു. ഇതോടെ, സച്ചിന്റെ പരിശീലനം അവസാനിച്ചു. രണ്ടര മണിക്കൂര്‍ പരിശീലന സെഷനില്‍ കോച്ച് ഡങ്കന്‍ ഫ്‌ളെച്ചര്‍ കൂടുതല്‍ നേരം ബാറ്റിംഗ് പരിശീലനം നല്‍കിയത് ശിഖര്‍ ധവാനാണ്. തുടരെ എഡ്ജ് ആയ ധവാന് നെറ്റ്‌സില്‍ അത്ര കണ്ട് മികവിലേക്കുയരാന്‍ സാധിച്ചില്ല. സച്ചിനുമായും ധവാന്‍ ഏറെ നേരം ബാറ്റിംഗ് ദൗര്‍ബല്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ടീം ബസില്‍ നിന്നിറങ്ങിയ സച്ചിനെ എതിരേറ്റത് അഞ്ചടി അഞ്ചിഞ്ച് വലിപ്പത്തിലുള്ള പ്രതിരൂപമായിരുന്നു. സച്ചിന് ഗംഭീര സ്വീകരണമൊരുക്കുന്നതിന്റെ ഭാഗമായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ തയ്യാറാക്കി പ്രതിമക്കടുത്തായി ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍ മാത്യു ഹെയ്ഡന്റെ വിഖ്യാതമായ ഒരു വാക്യവുമുണ്ട്. ഞാന്‍ ദൈവത്തെ കണ്ടു. ഇന്ത്യക്ക് വേണ്ടി നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍.

‘ഇതൊന്നും വേണ്ടായിരുന്നു’

പതിവില്ലാത്ത സ്വീകരണ രീതികള്‍ സച്ചിനെ അല്പം അസ്വസ്ഥനാക്കാതിരുന്നില്ല. ടീം ബസില്‍ നിന്ന് ഇറങ്ങിയ സച്ചിന്‍ കാണുന്നത് തന്റെ വിവിധ ചിത്രങ്ങള്‍ പതിച്ച ടീ ഷര്‍ട് ധരിച്ച എണ്‍പത് സ്‌കൂള്‍ കുട്ടികളെയാണ്. ടീഷര്‍ട്ടിന് മുകളില്‍ 199 എന്നെഴുതിയിരുന്നു. സച്ചിനെ ഡ്രസിംഗ് റൂമിലേക്ക് ആനയിച്ചത് കുട്ടികളായിരുന്നു.
അവിടെയും കഴിഞ്ഞില്ല, മാഡം തുസൗഡ്‌സ് മെഴുക് മ്യൂസിയത്തിലെ പ്രതിമയെ പോലൊന്ന് ഡ്രസിംഗ് റൂമിന് അരികിലായി ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപിച്ചിരുന്നു. സച്ചിന്‍ പ്രതിമക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു. ഒരു കുഴപ്പം മാത്രമേയുള്ളൂ. സച്ചിന്റെ പ്രതിമയെന്ന് പറഞ്ഞറിയിക്കേണ്ട അവസ്ഥ.
സച്ചിന്‍ പക്ഷേ കുറ്റം കണ്ടെത്തിയില്ല. ശില്പിയെ സച്ചിനൊപ്പം ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതരും പ്രശംസിച്ചു. സ്വീകരണം തുടരുകയാണെന്ന് കണ്ടതോടെ സച്ചിന്‍ ക്ഷമ ചോദിച്ച് പിന്‍വാങ്ങാനൊരുങ്ങി.
വലിയൊരു സ്വീകരണം നല്‍കിയതില്‍ സന്തോഷമറിയിച്ച സച്ചിന്‍ താന്‍ ക്രിക്കറ്റിനേക്കാളും വലിയ താരമല്ലെന്നും ടീമിലെ അംഗങ്ങളില്‍ ഒരുവനാണെന്നും അധികൃതരെ അറിയിച്ചുവത്രെ. സ്വീകരണത്തിന്റെ ഭാഗമായൊരുക്കിയ ഫോട്ടോ പ്രദര്‍ശനം കാണാന്‍ സച്ചിന്‍ തയ്യാറായില്ല. പരിശീലനത്തിന് ഗ്രൗണ്ടിലെത്താനുള്ള തിടുക്കത്തിലായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

കഴിക്കാന്‍ സച്ചിന്റെ കവര്‍ ഡ്രൈവെടുക്കട്ടെ

കൊല്‍ക്കത്തയിലെ ഹോട്ടല്‍ മെനുവിലും സച്ചിന്‍ തരംഗം കാണാം. ഇന്ത്യയുടെയും വെസ്റ്റിന്‍ഡീസിന്റെയും താരങ്ങള്‍ തങ്ങുന്ന താജ് ബംഗാളിലെ ഭക്ഷണ മെനുവില്‍ കവര്‍ ഡ്രൈവ് ഇന്‍ ദ ലെജന്‍സ് സ്റ്റൈല്‍ തയ്യാറായി നില്‍ക്കുന്നു. ചെറിയ പലഹാരങ്ങള്‍ക്കും ക്രിക്കറ്റ് പേരുകളാണ്. ബിഹൈന്‍ഡ് ദ സ്റ്റംപ് എന്നാല്‍ ഒരു കോഴിയിറച്ചി വിഭവം. ലെഗ് ഗ്ലാന്‍സ് എന്നാല്‍ മുംബൈയിലെ തെരുവുകളില്‍ പ്രധാനമായും കാണുന്ന തക്കാളി സാന്‍ഡ്‌വിച് ഐറ്റം. മീന്‍ വിഭവത്തിന്റെ പേര് ബൗണ്ടറി.
ഓവര്‍ ദ സ്‌ക്വയര്‍ ലെഗ്, ഹൂക്ക്, ലാറ്റ് കട്ട്, സ്‌ക്വയര്‍ കട്ട് എന്നിങ്ങനെ പോകുന്നു ഭക്ഷണവിഭവങ്ങളിലെ ക്രിക്കറ്റ് തരംഗം.
എല്ലാം, സച്ചിന്റെ 199താം ടെസ്റ്റിന്റെ ഭാഗമായിട്ടുള്ളത്. കൊല്‍ക്കത്ത ടെസ്റ്റ് കഴിയുന്നതോടെ ഈ വിഭവങ്ങളും മെനുവില്‍ നിന്ന് റിട്ടയര്‍ ചെയ്യും.