Connect with us

Kerala

ഇനി നന്ദകുമാര്‍ 'പറയുംപോലെ'; ഈസിയായി മലയാളം ടൈപ്പിംഗ്

Published

|

Last Updated

മലപ്പുറം: കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ പുതിയ സൗകര്യവുമായി നന്ദകുമാറിന്റെ “പറയുംപോലെ” ശ്രദ്ധയമാകുന്നു. വെബ് ബ്രൗസര്‍ സോഫ്ട്‌വെയറുകളായ മോസില്ല ഫയര്‍ഫോക്‌സ്, ഗൂഗിള്‍ ക്രോം തുടങ്ങിയവയുമായി ബന്ധിപ്പിക്കാവുന്ന പ്ലഗിന്‍ രൂപത്തിലാണ് മലയാളം ടൈപ്പ് ചെയ്യാനുള്ള പുതിയ സംവിധാനം നന്ദകുമാര്‍ തയാറാക്കിയിട്ടുള്ളത്.

ഇംഗ്ലീഷ് ഉച്ചാരണ രീതിയില്‍ മലയാളം ടൈപ്പ് ചെയ്യാനുള്ള ഈ സംവിധാനം കമ്പ്യൂട്ടറില്‍ പ്രഥമിക വിവരമുള്ള ആര്‍ക്കും ഉപയോഗിക്കാം. മോസില്ല ഫയര്‍ഫോക്‌സുമായി ബന്ധിപ്പിച്ച് തുടങ്ങിയ ഈ പ്ലഗിന്‍ ഒരാഴ്ചക്കിടെ ആയിരത്തിലേറെ ആളുകളാണ് ഡൗണ്‍ലോഡ് ചെയ്ത്. പ്രത്യേക സോഫ്റ്റ്‌വെയര്‍ ആയി ഉപയോഗിക്കേണ്ടതില്ലെന്നതാണ് പ്രധാന മേന്മ. മലയാളം സെറ്റ് ചെയ്യാന്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്നതോടെ തൊട്ടുതാഴെയുള്ള ഭാഗത്ത് മലയാളവും പ്രത്യക്ഷപ്പെടും.
മലപ്പുറം ജില്ലയിലെ കല്ലിങ്ങല്‍പ്പറമ്പ് എം എസ് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് നന്ദകുമാര്‍. നേരത്തെ സ്‌കൂളുകളില്‍ തിരഞ്ഞെടുപ്പ് നടത്താനായി സമ്മതിയെന്ന സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയതും നന്ദകുമാര്‍. ആയിരക്കണക്കിനു സ്‌കൂളുകളിലാണ് ഈ വര്‍ഷം വിന്‍ഡോസ് ഉപേക്ഷിച്ച് “സമ്മതി”യിലൂടെ സ്‌കൂള്‍ തിരഞ്ഞെടുപ്പ് നടത്തിയത്.
കഴിഞ്ഞ വര്‍ഷം സോഫ്റ്റ്‌വെയര്‍ രൂപപ്പെടുത്തി ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തി മൂന്ന് ദിവസത്തിനുള്ളില്‍ 1500 പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയുടെ ഫലം വന്ന സമയത്ത് മാത്‌സ് ബ്ലോഗിനുവേണ്ടി ജയവിശകലനം എന്ന പോര്‍ട്ടല്‍ നന്ദകുമാര്‍ തയ്യാറാക്കിയിരുന്നു. രണ്ട് ദിവസം കൊണ്ട് ജാവാസ്‌ക്രിപ്റ്റ് സ്വയം പഠിച്ചാണ് ഈ പോര്‍ട്ടല്‍ തയ്യാറാക്കിയത്.
ഈ പരീക്ഷാ ഫല വിശകലന പ്രോഗ്രാം ഉപയോഗിച്ചതും ആയിരകണക്കിന് അധ്യാപകര്‍. ഐ ടി അറ്റ് സ്‌കൂള്‍ പ്രൊജക്ടിന്റെ അനിമേഷന്‍ പരിശീലനത്തിനു കീഴില്‍ അനിമേഷന്‍ പരിചയപ്പെട്ട നന്ദകുമാര്‍ പിന്നീട് ആന്‍സ് എന്ന പേരില്‍ ഈ പദ്ധതി സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറ്റിയതോടെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലോകത്തിലേക്ക് പ്രവേശിക്കുന്നത്.
ആദ്യ പ്രോജക്ട് ചലനം എന്ന അനിമേഷന്‍ സോഫ്റ്റ്‌വെയറായിരുന്നു. അനിമേഷന്‍ പഠിച്ച് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന പ്രോഗ്രാമിംഗ് ഭാഷയായ പൈതണില്‍ സ്വന്തമായൊരു അനിമേഷന്‍ സോഫ്റ്റ്‌വെയര്‍ തന്നെ സൃഷ്ടിച്ചു. സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന ഐ ടി അറ്റ് സ്‌കൂള്‍ ഉബുണ്ടു എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നന്ദകുമാറിന്റെ ചലനം എന്ന സോഫറ്റ്‌വെയര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഡോ. ഇ ശങ്കരന്റെയും മുണ്ടോത്തുപറമ്പ് ഗവ. യു പി സ്‌കൂള്‍ അധ്യാപികനര്‍മദയുടെയും മകനാണ് നന്ദകുമാര്‍.
ഓപ്പണ്‍ സോഴ്‌സ് ഫോര്‍ യു അടക്കമുള്ള ആനുകാലികങ്ങളില്‍ ലേഖനം എഴുതിതുടങ്ങിയ ഈ പ്ലസ് ടു വിദ്യാര്‍ഥി കമ്പ്യൂട്ടര്‍ വിജ്ഞാനകോശം, പൈത്തണ്‍ പ്രോഗ്രാമിംഗ് എന്നീ പുസ്തകങ്ങളുടെ പണിപ്പുരയിലാണിപ്പോള്‍.
ഓളം എന്ന ഓണ്‍ലൈന്‍ നിഘണ്ടുവിന്റെ ഡാറ്റാബേസ് പ്രയോജനപ്പെടുത്തി തീരം എന്ന ഒരു ഓഫ് ലൈന്‍ ഇംഗ്ലീഷ് മലയാളം നിഘണ്ടു നന്ദകുമാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ വാക്കുകളുടെ ഉച്ചാരണം കേള്‍ക്കാം. ഇന്റര്‍നെറ്റ് സൗകര്യത്തിന്റെ കാര്യത്തിലാണ് ഇന്നും നന്ദകുമാറിന് പ്രശ്‌നം. വേഗത വളരെ കുറഞ്ഞ മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ചാണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്.