സദാചാര രാഷ്ട്രീയത്തിന്റെ വീണ്ടെടുപ്പിന്

Posted on: November 5, 2013 6:00 am | Last updated: November 4, 2013 at 10:13 pm

മല പോലെ വന്ന പ്രശ്‌നം പൊടുന്നനെ ഉരുകിയൊലിക്കുകയായിരുന്നു ശ്വേതാമേനോന്‍ സംഭവത്തില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, എല്‍ ഡി എഫിന് മൂര്‍ച്ചയുള്ള ഒരു ആയുധം വീണു കിട്ടുകയും ചാനലുകള്‍ ആഘോഷത്തിന് കോപ്പ് കൂട്ടുകയും ചെയ്യുന്നതിനിടെയാണ് അവരെയൊക്കെ നിരാശരാക്കി പീതാംബരക്കുറുപ്പിനെതിരായ പരാതി ശ്വേതാമേനോന്‍ ആകസ്മികമായി പിന്‍വലിച്ചത്. ഇതോടെ യു ഡി എഫിനെ പിടിച്ചുലക്കുമായിരുന്ന രാഷ്ട്രീയ കൊടുങ്കാറ്റിന് വിരാമമായെന്ന് കരുതുന്നവരുണ്ട്.
പീതാംബരക്കുറുപ്പ് മാപ്പ് പറഞ്ഞ സാഹചര്യത്തിലും അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്തുമാണ് പരാതിയിയില്‍ നിന്ന് പിന്മാറുന്നതെന്നും ആരുടെയും സമ്മര്‍ദത്താലല്ലെന്നും ശ്വേതാ മേനോന്‍ പറയുന്നുണ്ടെങ്കിലും ശക്തമായ സമ്മര്‍ദം ഇതിന്റെ പിന്നിലുണ്ടെന്ന് വ്യക്തം. മൊഴിയെടുക്കാനെത്തിയ പോലീസിനോടും മാധ്യമങ്ങള്‍ക്ക് മുമ്പിലും ക്ഷോഭത്തോടെയും വികാരഭരിതയായുമാണ് അവര്‍ സംസാരിച്ചിരുന്നത്. പീഡനത്തിനെതിരെ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും അവര്‍ തറപ്പിച്ചു പറഞ്ഞിരുന്നു. ഈ നിലപാടില്‍ അവര്‍ ഉറച്ചു നില്‍ക്കുകയും രേഖാമുലം പരാതി നല്‍കുകയും ചെയ്തിരുന്നെങ്കില്‍ പീതാംബരക്കുറുപ്പിനെതിരെ നടപടിക്ക് യു ഡി എഫ് നിര്‍ബന്ധിതമാകുമായിരുന്നു. പൊതുവെ നല്ല കാലാവസ്ഥയല്ല ഇപ്പോള്‍ യു ഡി എഫിന്. ഗണേഷ്‌കുമാര്‍ പ്രശ്‌നം, സോളാര്‍ തട്ടിപ്പ് കേസ്, സലീംരാജ് കേസ്, കത്തിപ്പുകഞ്ഞു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിലെ ഗ്രൂപ്പിസം തുടങ്ങി ഒന്നിനു പിറകെ മറ്റൊന്നായി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന യു ഡി എഫിനെയും ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെയും പൂര്‍വോപരി കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തിലാക്കുമായിരുന്നു ശ്വേതാ മേനോന്‍ അപമാനിക്കപ്പെട്ട സംഭവം.
ശ്വേതയുടെ പിന്‍മാറ്റത്തോടെ യു ഡി എഫ് നേതൃത്വത്തിന് ആശ്വാസത്തിന്റെ നെടുവീര്‍പ്പയക്കാനായെങ്കിലും സദാചാര രാഷ്ട്രീയത്തിന്റെ തകര്‍ച്ചയെക്കുറിച്ചു ഗൗരവപൂര്‍വം ചിന്തിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഇത് അവസരമൊരുക്കേണ്ടതുണ്ട്. സാംസ്‌കാരിക കേരളത്തിന് അപമാനം വരുത്തിയ, ഉന്നതരുമായി ബന്ധപ്പെട്ട മറ്റു സ്ത്രീപീഡനക്കേസുകളില്‍ നിന്ന് വിഭിന്നമായി പരസ്യ വേദിയില്‍ വെച്ചാണ് കൊല്ലം സംഭവത്തില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്നത്. കാറില്‍ നിന്ന് ഇറങ്ങി ജലോത്സവ വേദിയിലേക്കും തിരിച്ചു വാഹനത്തിലേക്കും കയറുന്നത് വരെയും വേദിയില്‍ ഇരിക്കുമ്പോഴും ജലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴുമെല്ലാ എം പി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ശ്വേതയുടെ മൊഴി. പൊതുവേദികളില്‍ തുടര്‍ച്ചയായി അപമാനശ്രമം ഉണ്ടായിട്ടും, തത്സമയം ശ്വേത പ്രതികരിക്കാതിരുന്നത് സംശയത്തിനിടം നല്‍കുകയും മാധ്യമ ശ്രദ്ധ കിട്ടാനാണ് വേദി വിട്ടുപോയി മണിക്കൂറുകള്‍ക്കു ശേഷം ആരോപണം ഉന്നയിച്ചതെന്ന വിമര്‍ശം ഉയര്‍ത്തുകയുമുണ്ടായെങ്കിലും പീതാംബരക്കുറുപ്പ് ആവര്‍ത്തിച്ചു മാപ്പപേക്ഷ നടത്തിയത് അവരുടെ ആരോപണത്തില്‍ ഭാഗികമായെങ്കിലും വസ്തുതയുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ട്. പൊതുവേദികളില്‍ പോലും മാന്യത പാലിക്കാന്‍ കഴിയാത്ത വിധം സദാചാരപരമായി നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ അധഃപതിക്കുന്നത് വേദനാജനകമാണ്. കേന്ദ്രമന്ത്രി വയവര്‍ രവി അഭിപ്രായപ്പെട്ടതു പോലെ അറിയപ്പെടുന്ന വ്യക്തികളും പൊതുജനമധ്യത്തില്‍ ശ്രദ്ധിക്കപ്പെുന്നവരും പൊതുവേദികളിലെ പെരുമാറ്റം മാന്യമാകാനും സ്ത്രീകളോടുള്ള സംസാരത്തിലും നോട്ടത്തിലും ഇടപഴകലുകളിലും അപാകം സംഭവിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മറിച്ചുള്ള സമീപനങ്ങള്‍ അവര്‍ക്ക് മാത്രമല്ല, അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്കും മുന്നണികള്‍ക്കും സംസ്ഥാനത്തിന് തന്നെയും ദുഷ്‌പേരുണ്ടാക്കും. ധാര്‍മിക മൂല്യങ്ങളുടെയും സദാചാര നിയമങ്ങളുടെയും പാലനം കുടുംബത്തിന്റെ ഭദ്രതക്ക് മാത്രമല്ല, സമൂഹത്തിന്റെ സുരക്ഷിതത്വത്തിനും രാഷ്ട്രീയ കക്ഷികളുടെ വിശ്വാസ്യതക്കും ജനപിന്തുണക്കും അനിവാര്യമാണ്.
സംസ്‌കാരസമ്പന്നമെന്നാണ് കേരളം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇന്ന് ചിത്രം മാറി. 2012-2013 വര്‍ഷത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ദേശീയ തലത്തില്‍ കേരളം രണ്ടാം സ്ഥാനത്താണെന്നാണ് ദല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. മാധ്യമങ്ങളില്‍ സ്ഥലം പിടിക്കുന്ന കേരളത്തിലെ സ്ത്രീപീഡനക്കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കയുമാണ്. മദ്യത്തിന്റെ വ്യാപനം, സ്ത്രീകളുടെ നടപ്പിലും വസ്ത്രധാരണത്തിലും വന്ന ആശാസ്യകരമല്ലാത്ത മാറ്റങ്ങള്‍, മീഡിയകളിലെ അധാര്‍മിക, സദാചാരവിരുദ്ധ പരിപാടികള്‍ തുടങ്ങി സാമൂഹിക ചുറ്റുപാടുകളുടെ ജീര്‍ണതയാണ് ഈ ധാര്‍മികച്യുതിയുടെ മുഖ്യ കാരണങ്ങള്‍. നാടിന്റെ സദാചാര തകര്‍ച്ചയില്‍ വിലപിക്കുന്നവര്‍ മലീമസമായ സാമൂഹികാന്തരീക്ഷത്തിന് പരിഹാരം കാണാനാണ് ആദ്യമയി തുനിയേണ്ടത്. രാഷ്ട്രീയത്തെ ക്രിമിനലുകളില്‍ നിന്ന് രക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊള്ളുന്ന പടപടികളെ തുരങ്കം വെക്കുന്നവരെ ശ്വേതാ മേനോന്‍ സംഭവം കണ്ണു തുറപ്പിക്കേണ്ടതാണ്.