Connect with us

Gulf

നിതാഖാത്ത്‌: പുനരധിവാസത്തിന് സമഗ്ര പാക്കേജ്‌

Published

|

Last Updated

തിരുവനന്തപുരം: നിതാഖാത്ത് ഇളവ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ സഊദി അറേബ്യയില്‍ നിന്ന് മടങ്ങി വരേണ്ടി വരുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പുനരധിവാസ പാക്കേജിന് രൂപം നല്‍കി. ബേങ്കുകളുമായി സഹകരിച്ച് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
നോര്‍ക്ക വകുപ്പ് തയ്യാറാക്കിയ പാക്കേജിന് അടുത്ത മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. അതേസമയം, ഇളവ് കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ വിലയിരുത്തുന്നതിനായി നോര്‍ക്ക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നാളെ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. രാവിലെ 11 മണിക്ക് നോര്‍ക്ക മന്ത്രി കെ സി ജോസഫിന്റെ ചേംബറിലാണ് യോഗം.
സ്വയം തൊഴിലിന്റെ ഭാഗമായി വാഹന വായ്പ ലഭ്യമാക്കുന്ന പദ്ധതിക്കാണ് ആദ്യ ഘട്ടം രൂപം നല്‍കിയിരിക്കുന്നത്. നിതാഖാതിന്റെ ഭാഗമായി തൊഴില്‍രഹിതരാകുന്നവരില്‍ ഭൂരിഭാഗവും സഊദി അറേബ്യയില്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവരാണെന്ന റിപ്പോര്‍ട്ടുകളുടെ കൂടി പശ്ചാത്തലത്തിലാണ് വാഹന വായ്പ ആദ്യം പരിഗണിക്കുന്നത്. ടാക്‌സി വാഹനങ്ങള്‍ മുതല്‍ ലോറികള്‍ വരെയുള്ളതിനെല്ലാം വായ്പ ലഭ്യമാക്കും.
ഇതിനായി ഇരുപത് ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. ഇതില്‍ രണ്ട് ലക്ഷം രൂപ വരെ ക്യാപിറ്റല്‍ സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കും. പതിനെട്ട് ലക്ഷം രൂപ 10.5 ശതമാനം പലിശ നിരക്കില്‍ നല്‍കും. നിശ്ചിത കാലയളവില്‍ തിരിച്ചടവിനും പലിശക്കും മോറൊട്ടോറിയം ഉണ്ടാകും. കനറാ ബേങ്കുമായാണ് ഇപ്പോള്‍ ധാരണയിലെത്തിയിരിക്കുന്നതെങ്കിലും കൂടുതല്‍ ബേങ്കുകളുടെ സഹകരണം സര്‍ക്കാര്‍ തേടിയിട്ടുണ്ട്.
കൃഷി, ചെറുകിട കച്ചവടങ്ങള്‍, കുടില്‍ വ്യവസായം, മറ്റു സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയവ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും. രണ്ട് തവണയായി ഇളവ് നല്‍കിയ സാഹചര്യത്തില്‍ ഭൂരിഭാഗം പേരും തൊഴില്‍ രേഖകള്‍ ശരിയാക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാറിന്റെ നിഗമനം. അതിനാല്‍ തന്നെ കൂടുതല്‍ പേരുടെ മടങ്ങിവരവ് പ്രതീക്ഷിക്കുന്നില്ല. എംബസിയില്‍ നിന്ന് എക്‌സിറ്റ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോര്‍ക്ക വകുപ്പ് സഊദിയില്‍ മൂന്ന് പ്രാദേശിക ഉപദേശക സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഈ സമിതികളുടെ പ്രാദേശിക റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും നാളത്തെ യോഗം തുടര്‍ നടപടികള്‍ സ്വീകരിക്കുക.
സര്‍ക്കാര്‍ നടത്തിയ സര്‍വേ അനുസരിച്ച് 4,50,229 പേരാണ് സഊദി അറേബ്യയിലുള്ളത്. ഇവരില്‍ പതിനായിരത്തോളം പേര്‍ മാത്രമേ തിരിച്ചുവരൂവെന്നാണ് സര്‍ക്കാറിന്റെ കണക്കു കൂട്ടല്‍. നിതാഖാത്ത് പ്രഖ്യാപിച്ച ശേഷം കഴിഞ്ഞ ഏപ്രില്‍ മുതല്‍ സഊദിയില്‍ നിന്നു മടങ്ങിയെത്തിയ പതിമൂവായിരം പേര്‍ വിമാനത്താവളങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവയെല്ലാം നിതാഖാത് മൂലമാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് നോര്‍ക്കയുടെ വിലയിരുത്തല്‍.

ഉപദേശക സമിതിയുമായി ബന്ധപ്പെടണം

തിരുവനന്തപുരം: നിതാഖാത് കാരണം മടങ്ങിവരുന്നവര്‍ മൂന്ന് മേഖലകളില്‍ രൂപവത്കരിച്ച ഉപദേശക സമിതികളുമായി ബന്ധപ്പെടണം. യാത്രാ സൗജന്യവും പുനരധിവാസവും ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാകും. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലാണ് ഉപദേശക സമിതികള്‍. സമിതി അംഗങ്ങള്‍: റിയാദ് മേഖല: കുഞ്ഞി കുമ്പള- 009665 06699321, അബ്ദുല്ല വല്ലഞ്ചിറ- 009665 06932970, ഷാജി ആലപ്പുഴ- 009665 08121242, കുന്നുമ്മല്‍ കോയ- 009665 03461473, കെ ആര്‍ ഉണ്ണികൃഷ്ണന്‍- 009665 09654951. ജിദ്ദ മേഖല: അബ്ദുല്‍ മജീദ് നാഹാ- 009665 467698, കെ ടി എ മുനീര്‍- 009665 56602367, പഴേരി കുഞ്ഞുമുഹമ്മദ്, അഹ്മദ് പാലയാട്ട്- 009665 01821152, വി കെ അബ്ദുല്‍ റഊഫ്- 009665 06670866. ദമാം മേഖല: പി എം നജീബ്- 009665 31570600, ബിജു കല്ലുമല- 009665 01245153, സി ഹാശിം- 009665 02885814, ഖാദര്‍ ചെങ്കള- 009665 00073288, മുഹമ്മദ് അബ്ദുല്‍ കരീം ആസാദ്- 009665 54572879. സമിതി ശിപാര്‍ശ ചെയ്യുന്നവര്‍ക്കാണ് മടക്കയാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നത്.