അവഗണനക്കറുതിയാകാതെ കാരന്തൂര്‍- മെഡിക്കല്‍ കോളജ് റോഡ്

Posted on: November 3, 2013 8:12 am | Last updated: November 3, 2013 at 8:12 am

കോഴിക്കോട്: മഴക്ക് മുമ്പ് തകര്‍ന്ന കാരന്തൂര്‍- മെഡിക്കല്‍ കോളജ് റോഡിന് അധികൃതരുടെ അവഗണന. ദേശീയ പാത 212ല്‍ നിന്ന് കാരന്തൂര്‍ വഴി മെഡിക്കല്‍ കോളജ് വഴി പോകുന്ന റോഡാണിത്.

മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്ന ഈ റോഡിലൂടെ ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ആശുപത്രിയിലേക്ക് രോഗികളുമായി വരാറുള്ളത്. ജില്ലയിലെ പ്രധാനപ്പെട്ട ഈ റോഡിലേക്ക് അധികൃതരുടെ ശ്രദ്ധ പതിയാത്തത് തികഞ്ഞ അനാസ്ഥയാണ്. നഗരത്തില്‍ ഉള്‍പ്പെടെ തകര്‍ന്ന മിക്ക റോഡുകളും ഏറെ മുറവിളിക്ക് ശേഷം അറ്റകുറ്റപ്പണി നടത്തിയെങ്കിലും അധികൃതര്‍ ഈ റോഡിനോടുള്ള അവഗണന തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
കാരന്തൂര്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ഭാഗങ്ങളില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് ഗതാഗതം ദുസഹമായിട്ടും അറ്റകുറ്റപ്പണി നടത്താന്‍ തയാറായിട്ടില്ല. ചില സമയത്ത് മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഗതാഗതതടസ്സവും ഈ റോഡില്‍ ഉണ്ടാകാറുണ്ട്.
മഴക്ക് മുമ്പ് ചെറിയ രീതിയില്‍ തകര്‍ന്ന റോഡ് അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനെ തുടര്‍ന്ന് പിന്നീട് പൂര്‍ണമായും തകരുകയായിരുന്നു. കൊളായിത്താഴം, മുണ്ടിക്കല്‍താഴം, മായനാട് തുടങ്ങിയ ഭാഗങ്ങളിലെല്ലാം റോഡ് മിക്കയിലിടങ്ങളിലും തകര്‍ന്നിരിക്കുകയാണ്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ആവശ്യാര്‍ഥം കുഴിച്ച റോഡിന്റെ ഒരു വശം പൂര്‍ണമായും തകര്‍ന്ന നിലയിലും പലയിടത്തും കാണാനാകും.
വയനാട് ഭാഗങ്ങളില്‍ നിന്ന് രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പോകുന്ന റോഡായിട്ടും അധികൃതര്‍ വേണ്ട പരിഗണന നല്‍കുന്നില്ലെന്നാണ് പരാതി. അത്യാസന്നനിലയിലായ രോഗികളുമായി ഈ റൂട്ടിലൂടെ യാത്ര ചെയ്താല്‍ ജീവന്‍ തന്നെ അപകടത്തിലാകുന്ന സ്ഥിതിയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
ആഴ്ചകളായി മഴ പെയ്യാതിരുന്നിട്ടും തകര്‍ന്ന റോഡിലെ കുഴികള്‍ അടക്കാനുള്ള നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. താരതമ്യേന ഈ റോഡില്‍ ചെറിയ തകര്‍ച്ച നേരിട്ട മെഡിക്കല്‍ കോളജിന് സമീപത്തെ കയറ്റത്തില്‍ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും അവിടെയും തകര്‍ന്നിരിക്കുകയാണിപ്പോള്‍.
അടിവാരം, താമരശേരി, കുന്ദമംഗലം, നരിക്കുനി ഭാഗങ്ങളിലേക്കുള്ള മിക്ക സ്വകാര്യ ബസുകളും കാരന്തൂര്‍ -മെഡിക്കല്‍ കോളജ് റോഡിലൂടെയാണ് യാത്ര നടത്തുന്നത്. വയനാട് റോഡില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാത്രമായി വരുന്ന വാഹനങ്ങളും കടന്നുപോകുന്നത് ഈ റോഡിലൂടെയാണ്.ആയിരക്കണക്കിന് വാഹനങ്ങള്‍ ഇടതടവില്ലാതെ പ്രവഹിക്കുന്ന റോഡ് ഉടന്‍ അറ്റകുറ്റപ്പണി നടത്തി യാത്ര സുഖമമാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.