മേളകളുടെ ആരവങ്ങളില്ലാതെ ബദല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Posted on: November 3, 2013 7:56 am | Last updated: November 3, 2013 at 7:56 am

മഞ്ചേരി: നാടെങ്ങും യുവജനോത്സവങ്ങളും ശാസ്ത്ര-കായിക മേളകളും അരങ്ങേറുമ്പോള്‍ സംസ്ഥാനത്തെ ബദല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ മാത്രം തഴയപ്പെടുന്നു. സംസ്ഥാനത്ത് 365 ബദല്‍ സ്‌കൂളുകളിലായി 8473 വിദ്യാര്‍ഥികളുണ്ട്. 421 അധ്യാപകരും. പിന്നാക്ക പ്രദേശങ്ങളിലെ കുട്ടികള്‍ മാത്രം പഠിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളായ ബദല്‍ സ്‌കൂളുകളിലെ കുട്ടികളെ ഇത്തരം മേളകളില്‍ പങ്കെടുപ്പിക്കുന്നില്ല.
രണ്ടാംതരം പൗരന്മാരായി ഇവരെ മാറ്റിനിര്‍ത്തിയതിന് വിദ്യാഭ്യാസ അധികൃതര്‍ക്കോ സര്‍ക്കാരിനോ വ്യക്തമായ മറുപടിയില്ല. ജില്ലയില്‍ 47 സ്‌കൂളുകളിലായി ഏകദേശം 2000 കുട്ടികള്‍ പഠിക്കുന്നുണ്ട്. 76 അധ്യാപകരും പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്ക് ലംപ്‌സം ഗ്രാന്റ്, സ്‌കോളര്‍ഷിപ്പ്, ഉച്ചഭക്ഷണം, പാല്‍, മുട്ട എന്നിവ നല്‍കുന്നുണ്ടെങ്കിലും ആറുമാസമായി യൂണിഫോം വിതരണത്തിനെത്തിയിട്ടില്ല.
ഉച്ചക്കഞ്ഞിക്കുള്ള പാല്‍, മുട്ട, പച്ചക്കറി എന്നിവ വാങ്ങാന്‍ ഒരു കുട്ടിക്ക് അഞ്ച് രൂപ വീതമാണ് അനുവദിക്കുന്നത്. ഒരധ്യാപകന്‍ മാത്രമുള്ള ബദല്‍ സ്‌കൂളില്‍ ഹെഡ്മാസ്റ്ററുടെ എല്ലാ ചുമതലകള്‍ക്കും പുറമെ അഞ്ചുരൂപ കൊണ്ട് പാലും മുട്ടയും സാമ്പാറും വരുത്തി പാചകം ചെയ്ത് വിളമ്പികൊടുക്കേണ്ട സാഹചര്യമാണുള്ളത്. സപ്ലൈകോയില്‍ എത്തിയാണ് അരിയും മറ്റും എടുത്തുകൊണ്ടുവരുന്നത്.ഇതിലുള്ള അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി, ജില്ലാ കലക്ടര്‍, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ക്കെല്ലാം നിവേദനങ്ങള്‍ നല്‍കിയിട്ടും പരിഹാരമുണ്ടായിട്ടില്ല. വനാന്തര്‍ ഭാഗത്തുള്ള ചില ബദല്‍സ്‌കൂളുകളിലേക്ക് നാലും അഞ്ചും കിലോമീറ്ററുകള്‍ നടന്നുവേണം എത്തിപ്പെടാന്‍.
17 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരെല്ലാം സര്‍ക്കാര്‍ അവഗണിക്കുകയാണ്. അടിസ്ഥാന ശമ്പളം വര്‍ധിച്ചില്ല. തുടക്കത്തില്‍ 2000 രൂപയായിരുന്ന ശമ്പളം ഏറെ നിവേദനങ്ങള്‍ക്കു ശേഷം 2500 രൂപയായി. കഴിഞ്ഞ നാലു വര്‍ഷമായി 3000 രൂപ മാത്രമാണ് വേതനം ലഭിച്ചുകൊണ്ടിരിക്കുന്നത്.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം സാധാരണക്കാര്‍ പൊറുതിമുട്ടുന്നു. രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലുവരെ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ കുട്ടികളെ പഠിപ്പിക്കുകയും അഞ്ചിലേക്ക് ഉപരിപഠനത്തിന് സജ്ജമാക്കുകയും വേണം.
ബദല്‍ സ്‌കൂളുകളില്‍ പലതും സ്വകാര്യ കെട്ടിടങ്ങളിലും ചില മദ്‌റസകളിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് വാടകയും കൊടുക്കുന്നില്ല. സ്‌കൂളും കുട്ടികളും നിലനിര്‍ത്താന്‍ അധ്യാപകര്‍ കഷ്ടപ്പെടുകയാണ്. ട്രൈബല്‍ മേഖലയില്‍ അഞ്ച് മുതല്‍ പത്തു വരെ വയസുള്ള ആദിവാസി കുട്ടികളായിരിക്കും പഠിതാക്കള്‍.
കഴിഞ്ഞ ജൂണില്‍ ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിയെ നേരില്‍ കണ്ടെങ്കിലും പ്രയോജനമുണ്ടായില്ല. അള്‍ട്ടര്‍നേറ്റീവ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയുണ്ടാക്കി ബദല്‍ സ്‌കൂളിലെ അധ്യാപകര്‍ ഒട്ടേറെ നിവേദനങ്ങള്‍ നടത്തിയിട്ടും അവഗണന തുടരുന്നതായി പ്രസിഡന്റ് സി ഉമ്മുല്‍വാഹിദ, സെക്രട്ടറി ഒ ടി ഷണ്‍മുഖം, ട്രഷറര്‍ ടി അബ്ദുല്‍റശീദ് എന്നിവര്‍ പറഞ്ഞു.