Connect with us

National

അഭിപ്രായ സര്‍വേകള്‍ക്ക് നിയന്ത്രണം: കോണ്‍ഗ്രസിന് അനുകൂല നിലപാട്‌

Published

|

Last Updated

ന്യൂഡല്‍ഹി: അഭിപ്രായ സര്‍വേകള്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് വേളയില്‍ അഭിപ്രായ സര്‍വേകള്‍ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയന്ത്രിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായത്തോട് അനുകൂല നിലപാടാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്. അത്തരം സര്‍വേകള്‍ അബദ്ധവും വിശ്വാസയോഗ്യമല്ലാത്തതുമാണ്. നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യപ്പെടാമെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
അഭിപ്രായ വോട്ടെടുപ്പുകള്‍ നിരോധിക്കണമെന്നതില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തേടിയിരുന്നു. ഇക്കാര്യത്തില്‍ കൂടിയാലോചന വേണമെന്ന് കമ്മീഷനെ സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. അഭിപ്രായ സര്‍വേകള്‍ ശാസ്ത്രീയമോ സുതാര്യമോ അല്ലെന്ന് എ ഐ സി സിയുടെ നിയമ, മനുഷ്യാവകാശ വിഭാഗത്തിന്റെ സെക്രട്ടറി കെ സി മിത്തല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. സര്‍വേകള്‍ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നില്ല. ഭൂരിപക്ഷ വോട്ടര്‍മാരുടെ നിലപാടുകളല്ല പ്രതിഫലിക്കുന്നതും. അടിസ്ഥാന തിരഞ്ഞെടുപ്പ് വീക്ഷണത്തിന്റെ വിപരീതമാണ് ഇത്. അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിയെ ശ്ലാഘിക്കുകയാണെന്നും മിത്തല്‍ പറഞ്ഞു. കഴിഞ്ഞ മാസം 21നാണ് ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായം തേടിയത്. നിലവില്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് വരെയാണ് അഭിപ്രായ വോട്ടെടുപ്പിന് നിരോധമുള്ളത്.

Latest