ദീക്ഷിതിനെതിരെ ആരെ നിര്‍ത്തുമെന്ന അങ്കലാപ്പില്‍ ബി ജെ പി

Posted on: November 3, 2013 12:59 am | Last updated: November 3, 2013 at 12:59 am

congress-bjpന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ ആരെ നിര്‍ത്തുമെന്ന അങ്കലാപ്പിലാണ് ബി ജെ പി. ശക്തനായ സ്ഥാനാര്‍ഥി ആയിരിക്കണം. എന്നാല്‍ പാര്‍ട്ടിയിലെ ഏതെങ്കിലും ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്യുന്ന ആളാകരുത്. പല ഘടകങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒടുവില്‍ എത്തിയിരിക്കുന്ന തീരുമാനം ഒരു യുവ നേതാവിനെ മത്സരിപ്പിക്കാമെന്നാണ്. അതിന് വേണ്ടിയുള്ള അന്വേഷണം ഡല്‍ഹി യൂനിവേഴ്‌സിറ്റി യൂനിയന്‍ മുന്‍ പ്രസിഡന്റ് നുപൂര്‍ ശര്‍മയിലാണെത്തിയതെന്നാണ് വിവരം. ഷീലാ ദീക്ഷിതിനെതിരെ ആം ആദ്മി പാര്‍ട്ടി മേധാവി കെജ്‌രിവാള്‍ മത്സരിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബി ജെ പി കരുതലോടെ നീങ്ങുന്നത്. വോട്ട് വിഭജിക്കപ്പെട്ടാല്‍ തങ്ങള്‍ക്ക് നേട്ടം കൊയ്യാമെന്നാണ് കണക്കുകൂട്ടല്‍.
വ്യാഴാഴ്ച നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ മുപ്പതുകാരിയായ നുപൂര്‍ ശര്‍മയുടെ പേര് ഗൗരവമായി പരിഗണിച്ചുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. പാര്‍ട്ടി തീരുമാനിക്കുന്ന ഏത് ദൗത്യവും ഏറ്റെടുക്കുമെന്നായിരുന്നു നുപൂര്‍ ശര്‍മയുടെ പ്രതികരണം. മീനാക്ഷി ലേഖിയുടെ പേരും കാര്യമായി പരിഗണനയിലുണ്ട്. ഷീലയെ ലേഖി നേരിടട്ടെയെന്നാണ് ബി ജെ പി ഉന്നത നേതൃത്വത്തിന്റെ താത്പര്യം. എന്നാല്‍ അതിന് അവര്‍ സമ്മതം മൂളിയിട്ടില്ല.
നുപൂര്‍ ശര്‍മ തുടക്കക്കാരിയാണെങ്കിലും യുവ രക്തത്തെ രംഗത്തിറക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ നിരീക്ഷണം. എന്നാല്‍ ജില്ലാ തലത്തിലെ സജീവ പ്രവര്‍ത്തകരായ രാജീവ് റാണാ, സുനില്‍ യാദവ് എന്നിവരെയാണ് മണ്ഡലത്തിലെ പാര്‍ട്ടി നേതൃത്വം മുന്നോട്ട് വെക്കുന്നത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചുമതലയുള്ള മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗാഡ്കരി നിര്‍ദേശിച്ചത് പ്രതിപക്ഷ നേതാവ് വി കെ മല്‍ഹോത്ര, ഷീലാ ദീക്ഷിതിനെതിരെ മത്സരിക്കണമെന്നാണ്. എന്നാല്‍ തുടക്കത്തിലേ മല്‍ഹോത്ര ഇത് നിരസിച്ചു. 2008ല്‍ ഷീലാ ദീക്ഷിതിനെ നേരിട്ട വിജയ് ജോളിയും ഇത്തവണയില്ലെന്ന് തീര്‍ത്തു പറഞ്ഞു. സുരക്ഷിത സീറ്റ് കിട്ടിയാല്‍ മത്സരിക്കാമെന്നാണ് വിജയ് ജോളി പറയുന്നത്.
ഈ മാസം അഞ്ചിന് ബി ജെ പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. രാജസ്ഥാനിലെയും ഡല്‍ഹിലെയും സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമ രൂപം നല്‍കുകയാണ് അജന്‍ഡ. ഇതിന് മുന്നോടിയായി തിങ്കളാഴ്ച ഡല്‍ഹി സംസ്ഥാന സമിതി ഗാഡ്കരിയുടെ അധ്യക്ഷതയില്‍ ചേരും. വിജയ് ഗോയല്‍, ഹര്‍ഷ് വര്‍ധന്‍, വിജയ് ശര്‍മ, ഒ പി കൊഹ്‌ലി, ആര്‍ കെ ശര്‍മ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.