അലിവ് ഡയാലിസിസ് സെന്റര്‍ ശിലാസ്ഥാപനം ഇന്ന്‌

Posted on: November 2, 2013 7:30 am | Last updated: November 2, 2013 at 7:30 am

വേങ്ങര: സാമൂഹ്യക്ഷേമ ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന അലിവ് ചാരിറ്റി സെല്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്റര്‍ ശിലാസ്ഥാപനം ഇന്ന് നാലിന് കണ്ണമംഗലം വാളക്കുടയില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. അലിവ് ചാരിറ്റിസെല്‍ പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. പ്രഥമഘട്ടത്തില്‍ അഞ്ച് യന്ത്രം സ്ഥാപിച്ച് ഒരു ദിവസം പതിനഞ്ച് പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. പാവപ്പെട്ട കിഡ്‌നി രോഗികള്‍ക്ക് വേണ്ടി സൗജന്യ സേവനം ചെയ്യലാണ് ലക്ഷ്യം. സെന്റര്‍ നിര്‍മാണത്തിനാവശ്യമായ 20സെന്റ് ഭൂമിയും കെട്ടിടം നിര്‍മിക്കുന്നതിനും ഡയാലിസിസ് മെഷീന്‍ സ്ഥാപിക്കുന്നതിനും ആവശ്യമായ മുഴുവന്‍ സഹായവും അല്‍-അബീര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ് വാഗ്ദാനം ചെയ്തു. കണ്ണമംഗലം പഞ്ചായത്ത് പി എച്ച് സി ക്ക് കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ അറുപത് സെന്റ് ഭൂമിയും ഇദ്ദേഹം സംഭാവനയായി നല്‍കി. ഈ ഭൂമിയുടെ രേഖ ആലുങ്ങല്‍ മുഹമ്മദില്‍ നിന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഏറ്റുവാങ്ങും. മരുന്നുകള്‍ ന്യായ വിലക്ക് ലഭ്യമാക്കുന്നതിന് അലിവ് മെഡിക്കല്‍ കെയര്‍, സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, ആലുങ്ങല്‍ മുഹമ്മദ്, പി കെ അലി അക്ബര്‍ , ടി അബ്ദുല്‍ ഹഖ്, ശരീഫ് കുറ്റൂര്‍, പൂക്കുത്ത് മുജീബ്, കെ കെ അലി അക്ബര്‍ തങ്ങള്‍, കെ സി നാസര്‍, യു കെ അന്‍വര്‍, പി കെ അബ്ദുല്‍ റഷീദ്, ജഹ്ഫര്‍ ഓടക്കല്‍ പങ്കെടുത്തു.