പോലീസുകാരന്റെ റിവോള്‍വറുമായി പിടിയിലായ കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

Posted on: November 1, 2013 11:30 am | Last updated: November 1, 2013 at 11:30 am

കോഴിക്കോട്: പോലീസുകാരന്റെ സര്‍വീസ് റിവോള്‍വറുമായി മോഷ്ടാവ് പിടിയിലായ സംഭവത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസ് അന്വേഷിച്ച എസ് ഐ പി മുരളീധരനാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കോഴിക്കോട് വെച്ച് രണ്ടാഴ്ച മുമ്പാണ് സംഭവം. കണ്ണൂര്‍ പേരാവൂര്‍ കുന്നുമ്മല്‍ റഫീഖ് (42) കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് പിടിയിലായി. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് തോക്ക് കണ്ടെത്തിയത്. റയില്‍വേ സ്റ്റേഷനില്‍ വെച്ച് പരിചയപ്പെട്ട പോലീസുകാരനുമൊത്ത് മദ്യപിക്കവെ അബദ്ധത്തില്‍ അദ്ദേഹത്തിന്റെ സര്‍വീസ് റിവോള്‍വര്‍ തന്റെ കൈവശമായിപ്പോകുകയായിരുന്നുവെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.
കാഞ്ഞങ്ങാട് റയില്‍വേ സ്റ്റേഷനില്‍ നിന്ന് പരിചയപ്പെട്ട തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ രഘുവിന്റേതായിരുന്നു റിവോള്‍വറും തിരകളും. ഒരേ ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടെ സൗഹൃദത്തിലായ ഇരുവരും ട്രെയിനിലെ ബാത്ത്‌റൂമില്‍ കയറി മദ്യപിച്ചു. ഇതിനിടെ അബദ്ധത്തില്‍ പോലീസുകാരന്റെ ബാഗ് മാറിയെടുക്കുകയായിരുന്നു. എന്നാല്‍ തന്റെ ബാഗ് മോഷണം പോയതാണെന്നും മറ്റു കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് രഘുവിന്റെ വാദം. മന്ത്രി കെ പി മോഹനന്റെ എസ്‌കോര്‍ട്ട് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇയാള്‍. ഇതിനിടയിലാണ് സംഭവമുണ്ടായത്.