Connect with us

National

മോഡിയുടെ പരിപാടി 'ഭംഗിയാക്കിയത്' പ്രതിഷേധം അടിച്ചമര്‍ത്തി

Published

|

Last Updated

ഭാരൂച്ച് (ഗുജറാത്ത്): ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പരിപാടിയില്‍ ഗ്രാമീണരെയും സാമൂഹിക പ്രവര്‍ത്തകരെയും വീട്ടുതടങ്കലിലാക്കി. നിശ്ശബ്ദമായിരിക്കാന്‍ കര്‍ശന നിര്‍ദേശവും നല്‍കി. തെക്കന്‍ ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ ശിലാസ്ഥാപന ചടങ്ങ് നടക്കുമ്പോഴായിരുന്നു ഇത്.
“പാര്യവരണ്‍ സുരക്ഷാ സമിതി”യുടെ പ്രവര്‍ത്തകരെയാണ് വീട്ടുതടങ്കലിലാക്കിയത്. നര്‍മദ ജില്ലയിലെ സര്‍ദാര്‍ സരോവര്‍ ഡാമിന് സമീപം കേവാദിയയില്‍ 182 അടി ഉയരമുള്ള കൂറ്റന്‍ പ്രതിമ വരുന്നതിനെ തുടര്‍ന്ന് 70 ഗ്രാമങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നതിനെതിരെയാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്. ബലം പ്രയോഗിച്ചുള്ള വിനോദ സഞ്ചാര വികസനത്തിനെതിരെയാണ് 70000ത്തോളം വരുന്ന ഗ്രാമീണരോടൊപ്പം ഇവര്‍ പോരാടുന്നത്. ജനങ്ങളുടെയും മൃഗങ്ങളുടെയും ജീവനും കാടും ഭൂമിയും നദിയും സംരക്ഷിക്കാനാണ് പോരാട്ടം. 70 ഗ്രാമങ്ങളെയും വിനോദ സഞ്ചാര മേഖലകളാക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം.
പരിപാടിയുടെ തലേന്ന് രാത്രിയാണ് പോലീസ് ഇവരെ വീട്ടുതടങ്കലിലാക്കിയത്. മോഡിയുടെ പരിപാടി “ഭംഗിയായി” നടക്കുന്നതിന് തങ്ങളുടെ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയും സംഘടനാ പ്രവര്‍ത്തനം വിലക്കുകയും ചെയ്തതായി സാമൂഹിക പ്രവര്‍ത്തകന്‍ തൃപ്തി ഷാ പറയുന്നു. അര്‍ധ രാത്രിക്ക് ശേഷമാണ് 24 ഗ്രാമങ്ങളില്‍ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയാല്‍ ജയിലിലടക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഷായെയും രോഹിത് പ്രജാപതി, അമരീഷ് ബ്രഹമഭട്ട, സുധീര്‍ ബിനിവാള്‍ എന്നിവരെയുമാണ് വീട്ടുതടങ്കലിലാക്കിയത്. പ്രതിഷേധ സ്ഥലത്തെത്തുന്നതിന് മുമ്പാണ് രാജ്പിപ്‌ല പോലീസിന്റെ ഈ നടപടി. വഡോദരയില്‍ നിന്ന് രാജ്പിപ്‌ലയിലേക്ക് വരുന്ന വഴി ദേവാലിയ ഛോഖാദിയില്‍ വെച്ച് പോലീസ് തങ്ങളെ പിന്തുടര്‍ന്നു. രാജ്പിപ്‌ലയിലെത്തിയപ്പോള്‍ കസ്റ്റഡിയിലെടുത്തു. തങ്ങള്‍ക്കെതിരെയുള്ള കുറ്റങ്ങളെ സംബന്ധിച്ച് പോലീസ് ഒന്നും പറഞ്ഞില്ലെന്ന് ഷാ പറഞ്ഞു. സംഘടനയുടെ മറ്റ് നിരവധി പ്രവര്‍ത്തകരെയും ഗ്രാമീണരെയും വീടുകളില്‍ നിന്ന് പിടിച്ചിറക്കി കാരണങ്ങളൊന്നുമില്ലാതെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് ഭീകരതയാണ് നടമാടുന്നതെന്നും ഷാ പറഞ്ഞു.
പട്ടേലിന്റെ പ്രതിമാ നിര്‍മാണത്തിന്റെ പേരില്‍ മാമാങ്കം നടത്തുന്നതിനെതിരെ വീടുകളില്‍ വെച്ച് നിരാഹാര സമരം നടത്താന്‍ സംഘന തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനും പോലീസ് സമ്മതിച്ചില്ല. ” മോഡിയുടെ പരിപാടിക്ക് വേണ്ടി പശ്ചാത്തലം ഭംഗിയാക്കാനാണ് പോലീസ് ശ്രമിച്ചത്. സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ പ്രതിച്ഛായ നിര്‍മാണത്തിന് മോഡി നടത്തുന്ന ഇത്തരം ജനാധിപത്യവിരുദ്ധ പ്രവൃത്തികള്‍ പട്ടേല്‍ അംഗീകരിക്കുമോ? ഷാ ചോദിക്കുന്നു.

---- facebook comment plugin here -----

Latest