Connect with us

Sports

ലോകതാരമാകാന്‍ റിബറി,കോച്ചാകാന്‍ ഹെയിന്‍കസ്‌

Published

|

Last Updated

സൂറിച്: ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരമായ ഫിഫ ബാലണ്‍ഡ്യോറിനുള്ള 23 അംഗ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. യൂറോപ്പിലെ മികച്ച താത്തിനുള്ള യുവേഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ സ്വന്തമാക്കിയ ബയേണ്‍ മ്യൂണിക്കിന്റെ ഫ്രഞ്ച് പ്ലേ മേക്കര്‍ ഫ്രാങ്ക് റിബറി, നാല് തവണ ലോകതാരമായി റെക്കോര്‍ഡിട്ട ബാഴ്‌സലോണയുടെ ലയണല്‍ മെസി, മുന്‍ ലോകഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പുതു വിസ്മയങ്ങളായ ഗരെത് ബെയ്ല്‍, നെയ്മര്‍ എന്നിവര്‍ പട്ടികയിലുണ്ട്. ബയേണ്‍ മ്യൂണിക്കിന് ചാമ്പ്യന്‍സ് ലീഗും ബുണ്ടസ് ലീഗ, ജര്‍മന്‍ കപ്പ് കിരീടങ്ങളും സാധ്യമാക്കുന്നതില്‍ യത്‌നിച്ച റിബറിക്കാണ് ഇത്തവണ സാധ്യത.
മെസിയുടെ ബാഴ്‌സലോണയെ റിബറിയുടെ ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ തകര്‍ത്തുവിട്ടിരുന്നു. തന്റെതായ വ്യക്തിപ്രഭാവം നിലനിര്‍ത്തുന്നുവെങ്കിലും ക്രിസ്റ്റ്യാനോക്ക് റിബറിയെ പിന്തള്ളുക അസാധ്യം. ബ്രസീല്‍ ലീഗില്‍ നിന്ന് യൂറോപ്പിലെ വലിയ ലോകത്തേക്ക് നെയ്മര്‍ വന്നു കയറിയിട്ടേയുള്ളൂ. ബാഴ്‌സയില്‍ മികച്ച ഫോമില്‍ കളിക്കുന്ന നെയ്മര്‍ അന്തിമപട്ടികയില്‍ പുറന്തള്ളപ്പെടും. റയല്‍മാഡ്രിഡ് റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ സ്വന്തമാക്കിയ വെയില്‍സ് വിംഗര്‍ ഗരെത് ബെയ്‌ലിനും ലോകതാരമാകാനുള്ള സമയമായിട്ടില്ല. ലിവര്‍പൂളിന്റെ ഉറുഗ്വെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് ശ്രദ്ധേയ സാന്നിധ്യമാണ്. എന്നാല്‍, ചെല്‍സി ഡിഫന്‍ഡര്‍ ഇവാനോവിചിനെ കടിച്ചതിനെ തുടര്‍ന്ന് പത്ത് മത്സരങ്ങളില്‍ വിലക്ക് നേരിട്ട സുവാരസിന് ലോകഫുട്‌ബോളര്‍ പട്ടം വിദൂരത്താണ്. മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിന് രണ്ട് പേരുകളാണ് പ്രധാനം. ബയേണ്‍മ്യൂണിക്കിന്റെ ജുപ് ഹെയിന്‍കസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അലക്‌സ് ഫെര്‍ഗുസന്‍. ബയേണിന് മൂന്ന് കിരീടങ്ങള്‍ സമ്മാനിച്ച് വിരമിച്ച ഹെയിന്‍കസിനാണ് സാധ്യത. യുനൈറ്റഡിന് ലീഗ് കിരീടം നേടിക്കൊടുത്ത് കരിയര്‍ അവസാനിപ്പിച്ച ഫെര്‍ഗൂസന് പ്രത്യേക പുരസ്‌കാരം പ്രതീക്ഷിക്കാം.
കാര്‍ലോ ആന്‍സലോട്ടി (പിഎസ്ജി,റയല്‍), റാഫേല്‍ ബെനിറ്റസ് (ചെല്‍സി, നാപോളി), അന്റോണിയോ കോണ്ടെ (ജുവെന്റസ്), വിസെന്റ് ഡെല്‍ ബൊസ്‌ക് (സ്‌പെയിന്‍ ദേശീയ ടീം), യുര്‍ഗന്‍ ക്ലോപ് (ബൊറൂസിയ ഡോട്മുണ്ട്), ജോസ് മൗറിഞ്ഞോ (റയല്‍, ചെല്‍സി), സ്‌കൊളാരി (ബ്രസീല്‍ ദേശീയ ടീം), ആര്‍സെന്‍ വെംഗര്‍ (ആഴ്‌സണല്‍) എന്നീ പരിശീലകരും ഫിഫ കോച്ച് ഓഫ് ദ ഇയറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു.
ഫിഫ ബാലണ്‍ഡ്യോറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റ് താരങ്ങള്‍: എഡിന്‍സന്‍ കവാനി (ഉറുഗ്വെ), റഡാമെല്‍ ഫാല്‍കോ (കൊളംബിയ), എദെന്‍ ഹസാദ് (ബെല്‍ജിയം), സ്ലാറ്റന്‍ ഇബ്രാഹിമോവിച് (സ്വീഡന്‍), ആന്ദ്രെ ഇനിയെസ്റ്റ (സ്‌പെയിന്‍), ഫിലിപ് ലാം( ജര്‍മനി), റോബര്‍ട് ലെവന്‍ഡോസ്‌കി (പോളണ്ട്), തോമസ് മുള്ളര്‍ (ജര്‍മനി), മാനുവല്‍ ന്യുവര്‍ (ജര്‍മനി), മെസുറ്റ് ഒസില്‍ (ജര്‍മനി), ആന്ദ്രെ പിര്‍ലോ (ഇറ്റലി), ആര്യന്‍ റോബന്‍ (ഹോളണ്ട്), ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗര്‍ (ജര്‍മനി), ലൂയിസ് സുവാരസ് (ഉറുഗ്വെ), തിയഗോ സില്‍വ (ബ്രസീല്‍), യായ ടുറെ(ഐവറി കോസ്റ്റ്), റോബിന്‍ വാന്‍ പഴ്‌സി (ഹോളണ്ട്), ഷാവി (സ്‌പെയിന്‍).

---- facebook comment plugin here -----

Latest