ഹാജിമാരുടെ മടക്ക യാത്ര നാളെ മുതല്‍

Posted on: October 30, 2013 12:01 am | Last updated: October 31, 2013 at 1:28 am

HAJJകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മത്തിനു പുറപ്പെട്ടിരുന്ന ഹാജിമാരുടെ മടക്ക യാത്ര നാളെ മുതല്‍ ആരംഭിക്കും. ആദ്യ വിമാനം വൈകിട്ട് മൂന്ന് മണിക്ക് 300 ഹാജിമാരുമായി കരിപ്പൂരിലെത്തും.
വിമാനമിറങ്ങിയ ഹാജിമാരുടെ കസ്റ്റംസ് എമിഗ്രേഷന്‍ പരിശോധനകള്‍ ആഭ്യന്തര ടെര്‍മിനലിലെ ഹജ്ജ് ഹാളില്‍ നടക്കും. തുടര്‍ന്ന് വിശ്രമ ഹാളില്‍ ഇവര്‍ക്ക് ലഘുഭക്ഷണം നല്‍കും. ഹാജിമാര്‍ക്കുള്ള സംസം വെള്ളം ഹജ്ജ് യാത്രാ നാളില്‍ തന്നെ കരിപ്പൂരിലെത്തിച്ചിരുന്നു. 10 ലിറ്റര്‍ അടങ്ങിയ കാന്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ ഉടന്‍ ഹാജിമാര്‍ക്ക് കൈമാറും. ഹാജിമാരുടെ സഹായത്തിനായി ഹജ്ജ് കമ്മിറ്റി പ്രത്യേക വളണ്ടിയര്‍മാരെയും മെഡിക്കല്‍ വിഭാഗത്തെയും വിമാനത്താവളത്തില്‍ നിയോഗിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള 8,440 പേരും മാഹിയില്‍ നിന്നുള്ള 78 പേരും ലക്ഷദ്വീപില്‍ നിന്നുള്ള 300 പേരും ഉള്‍പ്പെടെ 8,817 പേരാണ് ഈ വര്‍ഷം കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് വഴി ഹജ്ജിനു പുറപ്പെട്ടിരുന്നത്. ഇവരില്‍ 12 പേര്‍ വിശുദ്ധ ഭൂമിയില്‍ നിര്യാതരായി. നവംബര്‍ 15 വരെ ഹാജിമാരുടെ മടക്ക യാത്രതുടരും. വെള്ളിയാഴ്ച വിമാനം ഉണ്ടായിരിക്കില്ല.