Connect with us

International

മെര്‍ക്കലിന്റെ ഫോണ്‍ 2002 മുതലേ ചോര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ട്‌

Published

|

Last Updated

ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അഞ്ചലാ മെര്‍ക്കലിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ യു എസ് ചാരസംഘടന 2002 മുതല്‍ നിരീക്ഷിക്കുകയും ചോര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. മുന്‍ എന്‍ എസ് എ ഉദ്യോഗസ്ഥനും അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ചോര്‍ത്തല്‍ പ്രക്രിയയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്ത എഡ്‌വാര്‍ഡ് സനോഡനെ ഉദ്ധരിച്ച് ജര്‍മന്‍ മാഗസിന്‍ ദേര്‍ സ്‌പെയ്‌ഗെലാണ് വാര്‍ത്ത പുറത്തുവിട്ടത്. മെര്‍ക്കലിന്റെ ഫോണ്‍ വിവരങ്ങള്‍ എന്‍ എസ് എ നിരീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ സ്‌പെയ്‌ഗെലാണ് പുറത്തുക്കൊണ്ടു വന്നിരുന്നത്. മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും മാഗസിന്‍ വക്താക്കള്‍ അവകാശപ്പെട്ടു. അതിനിടെ, ജര്‍മന്‍ ചാന്‍സലറുടെ ഫോണ്‍ വിവരങ്ങള്‍ എന്‍ എസ് എ ചോര്‍ത്തുന്നുണ്ടെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ നടപടിയെ എതിര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ചാന്‍സലറുടെ ഫോണ്‍ വിവരങ്ങള്‍ വര്‍ഷങ്ങളായി ചോര്‍ത്തുന്നുണ്ടെന്ന വിവരം ബരാക് ഒബാമ 2010ല്‍ അറിഞ്ഞിരുന്നുവെന്നും എന്നാല്‍ ഈ ഓപ്പറേഷന്‍ അവസാനിപ്പിക്കാന്‍ പറഞ്ഞിരുന്നില്ല എന്ന് മാത്രമല്ല അത് തുടരാന്‍ ആഹ്വാനം നല്‍കിയതായും മുതിര്‍ന്ന എന്‍ എസ് എ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജര്‍മനിയിലെ ബില്‍ഡാം സൊന്‍ടാഗ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. എന്‍ എസ് എ മേധാവി കെയ്ത് അലക്‌സാണ്ടറാണ് ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് ഒബാമയോട് പറഞ്ഞിരുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
സഖ്യരാഷ്ട്രമായ ജര്‍മനിയിലെയും ഫ്രാന്‍സിലെയും പ്രമുഖരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത് സംബന്ധിച്ച വിവാദം കത്തി നില്‍ക്കുമ്പോഴാണ് പുതിയ റിപ്പോര്‍ട്ടുകള്‍ എന്നത് ശ്രദ്ധേയമാണ്. ലോകത്തെ 80 കേന്ദ്രങ്ങള്‍ എന്‍ എസ് എയുടെ നിരീക്ഷണത്തിലാണെന്നും ഇതില്‍ 19 എണ്ണം യൂറോപ്യന്‍ നഗരങ്ങളില്‍ നിന്നുള്ളതാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബെര്‍ലിനിലെ യു എസ് എംബസി കേന്ദ്രീകരിച്ചാണ് ചാന്‍സലറുടെ ഫോണ്‍ ചോര്‍ത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചാന്‍സലറുടെ ഫോണ്‍ കോളുകള്‍ക്ക് പുറമെ ലക്ഷക്കണക്കിന് ജര്‍മന്‍ പൗരന്‍മാരുടെ ഫോണ്‍ വിവരങ്ങളും എന്‍ എസ് എ ചോര്‍ത്തിയിട്ടുണ്ട്.
അതിനിടെ, ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും എന്‍ എസ് എയുടെ നേതൃത്വത്തില്‍ അങ്ങനെ എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ ഉടന്‍ അവസാനിപ്പിക്കുമെന്നും മെര്‍ക്കലിനോട് യു എസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി.
ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വൈറ്റ് ഹൗസ് വക്താക്കള്‍ ജര്‍മന്‍, ഫ്രഞ്ച് വക്താക്കളോട് പറഞ്ഞിട്ടുണ്ടെന്ന് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.