Connect with us

Wayanad

ഇന്ദിരാജി സ്മൃതി സംഗമം 31ന് സുല്‍ത്താന്‍ ബത്തേരിയില്‍

Published

|

Last Updated

കല്‍പറ്റ: വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 31ന് ബത്തേരിയില്‍ ഇന്ദിരാജി സ്മൃതിസംഗമം നടക്കുമെന്ന് പ്രസിഡന്റ് കെ എല്‍ പൗലോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല സംഗമം ഉദ്ഘാടനം ചെയ്യും. എ ഐ സി സി സെക്രട്ടറി ദീപക് ബാബ്രിയ, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, പി കെ ജയലക്ഷ്മി, എം ഐ ഷാനവാസ് എം പി, കെ സുധാകരന്‍ എം പി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കെ പി സി സി ഭാരവാഹികള്‍, പോഷകസംഘടനാപ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും. സംഗമത്തോട് അനുബന്ധിച്ച് നടത്തുന്ന റാലിയില്‍ 20,000 പ്രവര്‍ത്തകര്‍ അണിനിരക്കും. 31ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് റാലി സര്‍വ്വജന ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ആരംഭിച്ച് അസംപ്ഷന്‍ ജംങ്ഷനില്‍ നിന്നും തിരിഞ്ഞ് റഹീം മെമ്മോറിയല്‍ റോഡ് വഴി ഗാന്ധി ജംങ്ഷനിലെ ഇന്ദിരാജി നഗറില്‍ സമാപിക്കും. റാലിയില്‍ ദേശഭക്തിഗാന ഗായകസംഘം, ബാന്റ് സെറ്റ് തുടങ്ങിയവയുണ്ടാകും. പ്രത്യേകം സജ്ജമാക്കിയ സംഗമനഗരിയിലെ ഇന്ദിരാജി സ്മൃതിമണ്ഡപത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തുന്നതോടെ വേദിയിലെ പരിപാടികള്‍ക്ക് തുടക്കമാവും. നേതാക്കള്‍ ബത്തേരി ടൗണില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ റാലിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ വീക്ഷിച്ച് അഭിവാദ്യം അര്‍പ്പിക്കും. ഇന്ദിരാജി സ്മൃതിസംഗമവേദിയില്‍ സ്ഥാപിക്കാനുള്ള ഇന്ദിരാജിയുടെ ഛായാചിത്ര പ്രയാണജാഥ 30ന് വൈകിട്ട് നാല് മണിക്ക് ബത്തേരി അസംപ്ഷന്‍ ജംങ്ഷനില്‍ നിന്നും ആരംഭിക്കും. റാലിയിലേക്ക് പ്രവര്‍ത്തകരെ കൊണ്ടുവരുന്ന വാഹനങ്ങള്‍ രണ്ട് മണിക്ക് മുമ്പായി സര്‍വ്വജാ പരിസരത്ത് പ്രവര്‍ത്തകരെ ഇറക്കി ചീരാര്‍ റോഡില്‍ പുത്തന്‍കുന്ന് ഭാഗത്തേക്ക് പാര്‍ക്ക് ചെയ്യണം. റാലിക്ക് ശേഷം മാനന്തവാടി, കല്‍പ്പറ്റ, പൂതാടി ഭാഗത്ത് നിന്നും വന്ന വാഹനങ്ങള്‍ മാനിക്കുനി മുതല്‍ എന്‍ എച്ചില്‍ പാര്‍ക്ക് ചെയ്യേണ്ടതും, അമ്പലവയല്‍, തോമാട്ടുചാല്‍, നെന്മേനി ഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ കൈപ്പഞ്ചേരി വഴി തിരിഞ്ഞ് ചുള്ളിയോട് റോഡില്‍ കല്ലുവയല്‍ മുതല്‍ പാര്‍ക്ക് ചെയ്യേണ്ടതും പുല്‍പ്പള്ളി, ഇരുളം, മുള്ളന്‍കൊല്ലി ഭാഗത്ത് നിന്നുമുള്ള വാഹനങ്ങള്‍ സെന്റ് മേരീസ് കോളജ് ഭാഗത്തും പാര്‍ക്ക് ചെയ്യേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുത്തനുണര്‍വ്വ് പകരുന്ന രീതിയിലുള്ള ഒരു പരിപാടിയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയില്‍ അതിന് വേണ്ടിയുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ജില്ലയിലാ ആറ് ബ്ലോക്കുകളിലും 35 മണ്ഡലങ്ങളിലും, 450-ഓളം വാര്‍ഡുകളിലും കണ്‍വെന്‍ഷനുകള്‍ നടത്തി പ്രവര്‍ത്തകരെ സജ്ജരാക്കിയിട്ടുണ്ട്.
പോഷകസംഘടനകളുടെ യോഗങ്ങള്‍ പ്രത്യേകമായി ചേര്‍ന്ന് റാലിയുടെ വിജയം ഉറപ്പാക്കിയിട്ടുണ്ട്. ഏറ്റവും താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ മുതല്‍ ജില്ലാതലം വരെയുള്ള നേതാക്കന്മാര്‍ വരെ ഒറ്റക്കെട്ടായാണ് പരിപാടിയുടെ വിജയത്തിനായി രംഗത്തുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ മന്ത്രി പി കെ ജയലക്ഷ്മി, കെ പി സി സി സെക്രട്ടറിമാരായ കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, മുന്‍ ഡി സി സി പ്രസിഡന്റ് പി വി ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.