Connect with us

International

അമേരിക്കക്കെതിരെ ജര്‍മനിയും ബ്രസീലും യു എന്നില്‍ പ്രമേയം അവതരിപ്പിക്കും

Published

|

Last Updated

ബര്‍ലിന്‍: യു എസ് ചാരസംഘടനയായ എന്‍ എസ് എയുടെ നേതൃത്വത്തില്‍ നടക്കുന്ന ചാരപ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജര്‍മനിയും ബ്രസീലും യു എന്നില്‍ പ്രമേയം അവതരിപ്പിക്കും. ഇതിന്റെ തയ്യാറെടുപ്പുകള്‍ നടക്കുന്നതായി ഇരുരാജ്യങ്ങളുടെയും യു എന്‍ പ്രതിനിധികള്‍ അറിയിച്ചു.
ഫ്രാന്‍സ്, ജര്‍മനിയടക്കമുള്ള സഖ്യ രാജ്യങ്ങളിലെ പൗരന്‍മാരുടെയും പ്രമുഖ വ്യക്തികളുടെയും ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തിയതായി മുന്‍ എന്‍ എസ് എ ഉദ്യോഗസ്ഥനും അമേരിക്കയുടെ ചാരപ്രവൃത്തികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുക്കൊണ്ടുവരികയും ചെയ്ത എഡ്വാര്‍ഡ് സ്‌നോഡന്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ബ്രസീലിന്റെയും ജര്‍മനിയുടെയും ശ്രദ്ധേയമായ തീരുമാനം. അമേരിക്കയുടെ ചോര്‍ത്തല്‍ പദ്ധതികള്‍ പ്രതിഷേധാര്‍ഹവും ഉത്കണ്ഠാകുലവുമാണെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൗസെഫും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മര്‍ക്കലും വ്യക്തമാക്കി. മര്‍ക്കലയുടെ ഫോണ്‍ വിവരങ്ങള്‍ അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തലുണ്ടായിരുന്നു.
193 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ജനറല്‍ അസംബ്ലിയിലാണ് ഇരു രാജ്യങ്ങളും അമേരിക്കക്കെതിരായ പ്രമേയം കൊണ്ടുവരിക. പ്രമേയത്തിന് യു എന്നിന്റെ അംഗീകാരം കിട്ടുമെന്നാണ് കരുതുന്നത്. കാരണം, അമേരിക്കയുടെ ചാരപ്രവൃത്തികളെ കുറിച്ച് യു എന്നിലെ ഭൂരിപക്ഷം രാജ്യങ്ങളും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. അമേരിക്കയുടെ സഖ്യ രാഷ്ട്രങ്ങളെല്ലാം ചാര പ്രവൃത്തികള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ, മര്‍ക്കലയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുകയും നിരീക്ഷിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ജര്‍മന്‍ രഹസ്യാന്വേഷണ മേധാവി അമേരിക്കയില്‍ സന്ദര്‍ശനം നടത്തും. വെളിപ്പെടുത്തലിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജര്‍മനിയുടെ വിദേശകാര്യ പ്രതിനിധികള്‍ വൈറ്റ് ഹൗസ്, എന്‍ എസ് എ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. അടുത്തയാഴ്ചയായിരിക്കും ഇവരുടെ യു എസ് സന്ദര്‍ശനമെന്ന് ജര്‍മന്‍ വക്താക്കള്‍ അറിയിച്ചു. അമേരിക്കയുടെ ചാരപ്രവര്‍ത്തനത്തെ തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് ഫ്രാന്‍സിലും ജര്‍മനിയിലും നടക്കുന്നത്.
ചാരപ്രവര്‍ത്തനം നടത്തില്ലെന്ന കരാറില്‍ ഈ വര്‍ഷാവസാനത്തോടെ ഒപ്പ് വെക്കണമെന്ന് ഇരു രാജ്യങ്ങളും അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദ വിരുദ്ധ ആക്രമണങ്ങളിലടക്കം അമേരിക്കയുമായി സഹകരിച്ച് നീങ്ങുന്ന ഫ്രാന്‍സും ജര്‍മനിയും തങ്ങള്‍ക്ക് അമേരിക്കയോടുള്ള വിശ്വാസം കുറഞ്ഞിട്ടുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
യു എസ് നടപടിയില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ യൂനിയനും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, പുതിയ വെളിപ്പെടുത്തല്‍ തങ്ങളുടെ സഖ്യരാജ്യങ്ങളെ ഏറെ പ്രകോപിതരാക്കിയിട്ടുണ്ടെന്നും വെളിപ്പെടുത്തലിനെ കുറിച്ചും മറ്റും വിശദമായി ചര്‍ച്ച ചെയ്യുമെന്നും യു എസ് വിദേശകാര്യ വക്താവ് ജെന്‍ പെസാകി വ്യക്തമാക്കി.

---- facebook comment plugin here -----

Latest