ജര്‍മനിയിലെ ‘ആഡംബര ബിഷപ്പി’നെ പുറത്താക്കി

Posted on: October 23, 2013 11:20 pm | Last updated: October 23, 2013 at 11:20 pm
SHARE

23_bishop_jpg_1628111fവത്തിക്കാന്‍ സിറ്റി/ബര്‍ലിന്‍: ഔദ്യോഗിക വസതിക്ക് വേണ്ടി കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ച ജര്‍മനിയിലെ ‘ആഡംബര ബിഷപ്പി’നെ വത്തിക്കാന്‍ പുറത്താക്കി. ലിംബര്‍ഗ് രൂപതയിലെ ഫ്രാന്‍സ് പീറ്റര്‍ ടെബാര്‍ട്‌സ് വാന്‍ എല്‍സ്തിനെയാണ് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഔദ്യോഗിക സ്ഥാനത്ത് നിന്ന് താത്കാലികമായി പുറത്താക്കിയത്. വീടിന് വേണ്ടി 3.1 കോടി യൂറോ (4.2 കോടി ഡോളര്‍) ചെലവഴിച്ച ബിഷപ്പിനെ പിരിച്ചു വിടാനാണ് ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും താത്കാലികമായ പുറത്താക്കല്‍ മാത്രമാണ് ഇപ്പോഴുള്ളതെന്ന് വത്തിക്കാന്‍ വക്താക്കള്‍ അറിയിച്ചു. ആരോപണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയതിനു ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ആഡംബര വീടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ പൊതുജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ബിഷപ്പിനെ വത്തിക്കാന്‍ അധികൃതരും മറ്റും ‘സംരക്ഷിച്ചി’രിക്കുകയാണ്. ആഡംബര വീടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വിവാദമാകുകയും ഇതുസംബന്ധിച്ച് ബിഷപ്പ് പീറ്റര്‍ ടെബാര്‍ട്‌സ് ചര്‍ച്ചിന് നല്‍കിയ വിശദീകരണം തൃപ്തികരമല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്നും വത്തിക്കാന്‍ അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ആരോപണത്തെ കുറിച്ച് അന്വേഷണം നടത്താന്‍ വിദഗ്ധ സമിതിയെ പോപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ബിഷപ്പിനെ എവിടെയാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത് എന്നതിനെ കുറിച്ചോ അന്വേഷണ കാലയളവില്‍ അദ്ദേഹം എന്ത് ചെയ്യുമെന്നതിനെ കുറിച്ചോ വിശദീകരണം നല്‍കാന്‍ വത്തിക്കാന്‍ അധികാരികള്‍ തയ്യാറായില്ല.
ചര്‍ച്ചിനുള്ള നികുതി കുത്തനെ ഉയര്‍ത്തിയതിന് പിന്നാലെയാണ് വിവാദ വസതി നിര്‍മാണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ചര്‍ച്ചിന് നല്‍കുന്ന നികുതിയില്‍ നിന്നാണ് ആഡംബര ഭവനം പണിതതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ പണം ചെലവഴിച്ചുവെന്ന ആരോപണം ബിഷപ്പ് പീറ്റര്‍ ടെബാര്‍ട്‌സിനെതിരെ നേരെത്തെ ഉണ്ടായിരുന്നു. ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളെ സന്ദര്‍ശിക്കാന്‍ ആഡംബര യാത്ര നടത്തിയ വാര്‍ത്തയും നേരത്തെ വിവാദമായിരുന്നു.
ഖേദകരമായ വാര്‍ത്തകളാണ് കേള്‍ക്കുന്നതെന്നും വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന അന്വേഷണം ചര്‍ച്ചിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് കരുതുന്നതെന്നും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചലാ മര്‍ക്കല്‍ പ്രതികരിച്ചു. ലിംബര്‍ഗ് രൂപതയുടെ ചുമതല നിലവിലെ വികാരി ജനറലായ റവ. വോള്‍ഫ്ഗാംഗ് റൗസ്ചിന് നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here