Connect with us

Kannur

സര്‍ക്കാര്‍ കെട്ടിട നിര്‍മാണം ഇനി ഹരിത സാങ്കേതിക വിദ്യയില്‍

Published

|

Last Updated

കണ്ണൂര്‍: നിര്‍മാണത്തില്‍ ഹരിത സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള കെട്ടിടങ്ങളുടെ നിര്‍മാണം സംസ്ഥാനത്ത് വ്യാപകമായി തുടങ്ങാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. വളരെ കുറച്ച് ഊര്‍ജവും വെള്ളവും ഉപയോഗിക്കുകയും പരിസ്ഥിതി ആഘാതം ലഘൂകരിക്കുകയും ചെയ്യുന്ന സ്വയംപര്യാപ്ത കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള നടപടിക്രമങ്ങളാണ് സര്‍ക്കാര്‍തലത്തില്‍ സജീവമാകുന്നത്. വീടുകളുള്‍പ്പെടെ നിര്‍മാണം പരിസ്ഥിതിഹരിതമാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിത കെട്ടിട നയത്തിന്റെ ഭാഗമായാണ് ഇനി നിര്‍മിക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഹരിത കെട്ടിടമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടമെന്ന നിലയില്‍ എല്ലാ ജില്ലകളിലും ഓരോ ഹരിത കെട്ടിടമെങ്കിലും അടിയന്തരമായി നിര്‍മിക്കാനും നടപടി തുടങ്ങി. പൊതുമരാമത്ത് വകുപ്പ് മുഖേനയും അല്ലാതെയും ഭാവിയില്‍ നിര്‍മിക്കുന്ന മുഴുവന്‍ കെട്ടിടങ്ങളും ഹരിത കെട്ടിട നയത്തിനനുസരിച്ചാകണമെന്ന നിര്‍ദേശവും ഇതിനകം സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. കേരളത്തിന്റെ നിലവിലുള്ള പരിസ്ഥിതി – സാമൂഹിക പശ്ചാത്തലത്തിലാണ് ഹരിത കെട്ടിടങ്ങളെന്ന ആശയം രൂപം കൊണ്ടത്. രാജ്യത്ത് പ്രചാരത്തിലുള്ള “ഗൃഹ” (ഗ്രീന്‍ റേപ്പിംഗ് ഫോര്‍ ഇന്റഗ്രേറ്റഡ് ഹാബിറ്റിറ്റ് അസസ്‌മെന്റ്), ലീഡ് (ലീഡര്‍ഷിപ്പ് ഇന്‍ എനര്‍ജി ആന്‍ഡ് എന്‍വയണ്‍മെന്റല്‍ ഡിസൈന്‍) എന്നീ ഹരിത കെട്ടിട റേറ്റിംഗ് പ്രകാരമാണ് കെട്ടിടങ്ങളെ തരം തിരിക്കുന്നത്.

കെട്ടിട നിര്‍മാണത്തില്‍ ഹരിത സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് സര്‍ക്കാറിന്റെ ഹരിതനയം നിര്‍ദേശിക്കുന്നത്. ഹരിത കെട്ടിടമുണ്ടാക്കുകവഴി നിരവധി ഗുണങ്ങളാണ് സര്‍ക്കാറിനുണ്ടാകുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സാധാരണ കെട്ടിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി വൈദ്യുതി ഉപയോഗം 40 മുതല്‍ 60 ശതമാനം വരെയും ജല ഉപയോഗം 40 മുതല്‍ 80 ശതമാനം വരെയും ഹരിത കെട്ടിടങ്ങളില്‍ കുറക്കാനാകുമെന്ന് കണക്കാക്കുന്നുണ്ട്. സോളാര്‍ പാനലും മറ്റ് പരസ്യ ഊര്‍ജ ഉത്പാദനമാര്‍ഗങ്ങളും സ്ഥാപിക്കുക വഴി ഊര്‍ജം ഉത്പാദിപ്പിക്കാനും അതുവഴി വൈദ്യുതി ഉപയോഗം കുറക്കാനും കഴിയും. മാലിന്യമുണ്ടാകുന്നത് പരമാവധി കുറക്കാനും ഉള്ള മാലിന്യം ഫലപ്രദമായി കൈകാര്യം ചെയ്യുക വഴി മാലിന്യപ്രശ്‌നം പരിഹരിക്കാനും ഹരിത നയംമൂലം സാധ്യമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഹരിത കെട്ടിടങ്ങളുടെ നിര്‍മാണ ഘട്ടത്തിലും തുടര്‍ന്നും മലിനീകരണം പരമാവധി കുറക്കുക വഴി പിരിസ്ഥിതികാഘാതങ്ങള്‍ ഒഴിവാക്കാനാകും.
വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിടങ്ങളെ വിവിധ ഭാഗങ്ങളായി തിരിക്കുകയും സ്വീകരിച്ചിട്ടുള്ള ഹരിത ആശയങ്ങളുടെ അടിസ്ഥാനത്തില്‍ റേറ്റിംഗ് നല്‍കുകയും ചെയ്യും. റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ വസ്തുനികുതിയിലും കെട്ടിട നികുതിയിലും ഇളവ് അനുവദിക്കാനും ഹരിത നയം ശിപാര്‍ശ ചെയ്യുന്നുണ്ട്. അസ്ഥിവാരമുള്‍പ്പെടെയുള്ള വിസ്തീര്‍ണം 2,500 ചതുരശ്ര മീറ്ററില്‍ താഴെയുള്ള കെട്ടിടങ്ങളെ ചെറിയ കെട്ടിടങ്ങളായും ഇതിനു മുകളിലുള്ളവയെ വലിയ കെട്ടിടങ്ങളായും 1.5 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ളവയെ പ്രത്യേക വിഭാഗമായും പരിഗണിച്ചാണ് കെട്ടിടങ്ങളെ തരംതിരിക്കുക. ഹരിത കെട്ടിട ആശയത്തിന് പ്രോത്സാഹനം നല്‍കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും പ്രത്യേക ആനുകൂല്യം നല്‍കാനും തീരുമാനമുണ്ട്.
ഹരിത കെട്ടിടങ്ങളുടെ രൂപവത്കരണം സംബന്ധിച്ചുള്ള പഠനങ്ങളും ശില്‍പ്പശാലകളും ഇതിനകം തുടങ്ങിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ വിദഗ്ധരായ ആര്‍ക്കിടെക്ടുമാരുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 14 ജില്ലകളിലെ പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട ശില്‍പ്പശാല നടത്തിക്കഴിഞ്ഞു. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നീ കേന്ദ്രങ്ങളിലായി അടുത്ത ദിവസം മുതല്‍ രണ്ടാം ഘട്ട പഠന ശില്‍പശാലകള്‍ നടത്തുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പിലെ സീനിയര്‍ ആര്‍ക്കിടെക്ട്മാര്‍ പറഞ്ഞു.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി