സലാം ഹാജി വധം: അന്വേഷണസംഘത്തിന് പൗരാവലിയുടെ ആദരം

Posted on: October 21, 2013 11:13 pm | Last updated: October 21, 2013 at 11:13 pm

TKRതൃക്കരിപ്പൂര്‍: ദുബായിലെ നോവല്‍റ്റി ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ എ ബി അബ്ദുസ്സലാം ഹാജിയെ വധിച്ച് വീട് കൊള്ളയടിച്ച സംഘത്തെ പൂര്‍ണമായും പിടികൂടി നിയമത്തിന് മുന്നിലെത്തിച്ച അന്വേഷണ സംഘത്തിന് വെള്ളാപ്പ് പൗരാവലിയുടെ നേതൃത്വത്തില്‍ ആദരവും അനുമോദനവും.
തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്റ് പരിസരത്താണ് വളരെ അപൂര്‍വമായി നടക്കാറുള്ള പോലീസിനെ ആദരിക്കുന്ന ചടങ്ങ് നടന്നത്. വൈകീട്ട് അഞ്ചുമണിയോടെ നടന്ന ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. അന്വേഷണ സംഘത്തലവന്‍ സി ഐ. ടി എന്‍ സജീവന്‍ അടക്കം പതിനെട്ടോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ചടങ്ങില്‍ ആദരിച്ചത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു.
വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ആരെയും പീഡിപ്പിച്ചുവെന്ന ആക്ഷേപം ഉണ്ടാകാതെ കൃത്യനിര്‍വഹണം നടത്തിയ അന്വേഷണസംഘം ആദരവും അനുമോദനവും അര്‍ഹിക്കുന്നുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് എം എല്‍ എ പറഞ്ഞു. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ള വളരെ സൂക്ഷമതയുള്ള നിരീക്ഷണത്തിലൂടെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതിലുള്ള സന്തോഷപ്രകടനമാണ് ഇന്നലെ വെള്ളാപ്പ് പൗരാവലി ആദരവിലൂടെ അറിയിച്ചത്. ചടങ്ങ് വീക്ഷിക്കാന്‍ വാന്‍ ജനാവലി ബസ്സ്റ്റാന്ഡ് പരിസരത്ത് എത്തിച്ചേര്‍ന്നിരുന്നു.
കഴിഞ്ഞ റംസാന്‍ 27ന് രാത്രി 11 നും 12നും ഇടയില്‍ നടന്ന ഈ പൈശാചിക കൃത്യത്തില്‍ പങ്കെടുത്ത പ്രതികളായ 8 പേരെയും അന്വേഷണ സംഘത്തലവന്‍ സി.ഐ ,ടി.എന് സജീവന്റെ നേതൃത്വത്തിലുള്ള പൊലിസ് ഒന്നിന് പിറകെ ഒന്നായി പിടികൂടുകയായിരുന്നു.
മലപ്പുറം, തൃശൂര്‍, നീലേശ്വരം, നീലേശ്വരം ആനച്ചാല്‍, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലുള്ളവരായിരുന്നു പ്രതികള്‍. കുവൈറ്റില്‍ ജോലി ഉണ്ടായിരുന്ന നൗഷാദ്, സഹോദരന് റമീസ് എന്നിവരായിരുന്നു കൊലപാതകവും കൊള്ളയും ആസൂത്രണം ചെയ്യുകയും അതിന് നേതൃത്വം നല്കുകയും ചെയ്തത്. പോലിസ് പിടികൂടിയ എല്ലാ പ്രതികളും ഇപ്പോള്‍ റിമാന്റിലാണ്.