Connect with us

Kerala

അമൂല്യ ഗ്രന്ഥങ്ങളുമായി വിക്കി ഗ്രന്ഥശാലാ സി ഡികള്‍ വീണ്ടും

Published

|

Last Updated

തൃശൂര്‍: മലയാളത്തിലെ ആദ്യ ചെറുകഥയായ വാസനാവികൃതി എത്രപേര്‍ വായിച്ചിട്ടുണ്ട്.? 1891ല്‍ വിദ്യാ വിനോദിനി മാസികയില്‍ പ്രസിദ്ധീകരിച്ച ഈ കഥ ഇപ്പോള്‍ വായിക്കണമെങ്കില്‍ പുസ്തകം ലഭിക്കുക പ്രയാസം. അല്ലെങ്കില്‍ പണം മുടക്കി ഏതെങ്കിലും പ്രസാധകരില്‍ നിന്ന് വാങ്ങേണ്ടിവരും. ഒരു ക്ലിക്കിലൂടെ നിങ്ങളുടെ കമ്പ്യൂട്ടറിന് മുന്നിലെത്തുന്നു.

ഇത്തരത്തില്‍ പകര്‍പ്പവകാശ കാലവധി കഴിഞ്ഞതോ സ്വതന്ത്ര പകര്‍പ്പവകാശമുള്ളതോ ആയ ശ്രദ്ധേയ ഗ്രന്ഥങ്ങള്‍ ശേഖരിക്കുകയും പങ്ക് വെക്കുകയും ചെയ്യുകയാണ് മലയാളം വിക്കീപീഡിയ രംഗത്തെ സന്നദ്ധപ്രവര്‍ത്തകര്‍. സൗജന്യമായി ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തില്‍ ഒരു പരസ്യവുമില്ലാതെ വായിക്കാം. ഇവര്‍ തയ്യാറാക്കിയ പുതിയ സി ഡിയില്‍ മലയാളത്തിലെ പഴയകാല നിരവധി കൃതികളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കുമാരനാശാന്‍, ചങ്ങമ്പുഴ, കുഞ്ചന്‍ നമ്പ്യാര്‍, ഇടപ്പള്ളി, ഉള്ളൂര്‍ തുടങ്ങി മലയാളത്തിലെ മഹാരഥന്‍മാരുടെ കൃതികള്‍ ഈ സി ഡിയില്‍ ലഭ്യമാണ്.
മുഹ്‌യുദ്ദീന്‍ മാലയുടെ മലയാളത്തിലുള്ള രൂപവും പൂന്താനത്തിന്റെ സ്‌ത്രോത്ര കൃതികളും തുടങ്ങി കൃസ്തീയ ഭക്തിഗാനങ്ങളുടെ മലയാള രൂപങ്ങളും ഇതിലുണ്ട്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ “വൃത്താന്ത പത്രപ്രവര്‍ത്തനം”, “എന്റെ നാടുകടത്തല്‍”, നോവലുകളായ “ധര്‍മരാജാ”, “രാമരാജാ ബഹദൂര്‍”, “ഭാസ്‌ക്കരമേനോന്‍”, “ആള്‍മാറാട്ട”മെന്ന മലയാളത്തിലെ ആദ്യകാല നാടകം, ആദ്യ യാത്രാ വിവരണങ്ങളിലൊന്നായ “കൊളംബ് യാത്രാവിവരണം” തുടങ്ങി ഒട്ടനവധി കൃതികള്‍ ഈ പതിപ്പില്‍ അധികമായി ചേര്‍ത്തിട്ടുണ്ട്.
2011 ജൂണ്‍ പതിനൊന്നിനാണ് മലയാളം വിക്കി ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള സി ഡി ആദ്യമായി പുറത്തിറക്കിയത്. ലോകഭാഷയിലാദ്യമായാണ് വിക്കി ഗ്രന്ഥശാലയിലെ കൃതികള്‍ ഉള്‍പ്പെടുത്തി സി ഡി തയ്യാറാക്കിയത്. മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖ ലോകത്തിന്റെ പലഭാഗത്തുള്ള മലയാളികള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്തശേഷം ഒരാഴ്ചക്കുള്ളില്‍ നടത്തിയ പരിശോധനാ യജ്ഞത്തിലൂടെയാണ് പൂര്‍ത്തിയാക്കിയത്.
വയനാട് ജില്ലയിലെ കബനിഗിരി നിര്‍മല ഹൈസ്‌കൂളിലെ 25 ഓളം കുട്ടികളാണ് അപ്പു നെടുങ്ങാടിയുടെ കുന്ദലത ഗ്രന്ഥശാലയിലേക്ക് സംഭാവന നല്‍കിയത്. 1850ല്‍ പ്രസിദ്ധീകരിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ “ഒരായിരം പഴഞ്ചൊല്‍” എന്ന ഗ്രന്ഥം ഡിജിറ്റലൈസ് ചെയ്തത് തലശ്ശേരി ഗവ.ബ്രണ്ണന്‍ ഹൈസ്‌കൂളിലേയും കോട്ടയം സെന്റ് പോള്‍സ്, സെന്റ് തോമസ് എന്നീ ഹൈസ്‌കൂളിലേയും കൊല്ലം ഗവ. ടി ടി ഐ, അഞ്ചല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും വിദ്യാര്‍ഥികളാണ്.
സംസ്ഥാനത്തെ വിവിധ സ്‌കൂള്‍ വിദ്യാര്‍ഥികളും നിരവധി കൃതികള്‍ ടൈപ്പ് ചെയ്ത് വിക്കി ഗ്രന്ഥശാലയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ സി ഡി ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലൈബ്രറികളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആര്‍ക്കും യഥേഷ്ടം പകര്‍പ്പെടുക്കാം. ഗ്രന്ഥങ്ങളിലെ വിവരങ്ങള്‍ കോപ്പി ചെയ്തുമെടുക്കാം. സിഡി ലഭിക്കാത്തവര്‍ക്ക് ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള സൗകര്യവുമുണ്ട്. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനം തയ്യാറാകുമെന്ന് മലയാളം വിക്കി ഗ്രന്ഥശാല പ്രവര്‍ത്തകനായ മനോജ് കെ മോഹന്‍ പറഞ്ഞു.

 

 

Latest