Connect with us

Kasargod

രുചിഭേദങ്ങളുമായി കഫെ കുടുംബശ്രീ യൂനിറ്റുകള്‍

Published

|

Last Updated

കാസര്‍കോട്: നാടന്‍ വിഭവങ്ങളുടെ രുചിക്കൂട്ടുമായി കഫെ കുടുംബശ്രീ യൂനിറ്റുകള്‍. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 10 ഗ്രാമപഞ്ചായത്തുകളായ പള്ളിക്കര, മധൂര്‍, കോടോം ബേളൂര്‍, കയ്യൂര്‍-ചീമേനി, ബേഡഡുക്ക, പിലിക്കോട്, പടന്ന, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, കാസര്‍കോട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ കുടുംബശ്രീ കാന്റീന്‍ യൂനിറ്റുകള്‍ തൃശൂരിലെ അബ്‌ഹെദ ഇന്‍സ്റ്റിറ്റിയൂട്ട് ഫുഡ് റിസര്‍ച്ച് ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റുമായി ചേര്‍ന്നുള്ള 15 ദിവസത്തെ പരിശീലനപരിപാടി കാസര്‍കോട്ട് സമാപിച്ചു.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞു. പരിശീലനം ലഭിച്ച യൂനിറ്റുകള്‍ ജില്ലയിലെ പ്രധാന സ്ഥലങ്ങളില്‍ കഫെ യൂനിറ്റുകള്‍ ആരംഭിക്കും.
ഭക്ഷ്യസുരക്ഷാ നിയമം പൂര്‍ണമായും പാലിച്ചുകൊണ്ടാണ് കഫേ ആരംഭിക്കുക. അഞ്ചു മുതല്‍ പത്തുവരെ അംഗങ്ങള്‍ അടങ്ങിയ ഗ്രൂപ്പിനാണ് ഓരോ കഫേയുടേയും ചുമതല. ഒരാള്‍ക്ക് 10,000 രൂപ കുടുംബശ്രീ ജില്ലാ മിഷന്‍ സബ്‌സിഡി അനുവദിക്കും. 25 നും 50 നും ഇടയില്‍ പ്രായമുളള വീട്ടമ്മമാരാണ് കാസര്‍കോട് പരിശീലനം നേടിയത്. സംരംഭകത്വ വികസനം, പാചകം, വിതരണം, പരിചരണം, പരിപാലനം, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ തൃശ്ശൂര്‍ ഐഫ്രത്തിലെ ദയാശീലന്‍, സജിത്, രാമകൃഷ്ണന്‍, ഷെഫ്മാരായ രാഗേഷ് അന്തിക്കാട്, ഗിരീഷ് എന്നിവരാണ് പരിശീലനം നല്‍കിയത്.
ആഡംബര ഹോട്ടലിന്റെ പകിട്ടോടെ പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന കഫെ കുടുംബശ്രീ മിതമായ നിരക്കില്‍ വ്യത്യസ്തമായ വിഭവങ്ങളാണ് അതിഥികള്‍ക്ക് ഒരുക്കുന്നത്. പ്രത്യേകം യൂണിഫോം അണിഞ്ഞ വനിതകളാണ് കഫെ നിയന്ത്രിക്കുക. ശീതീകരിക്കാത്ത ഭക്ഷ്യ വിഭവങ്ങളാണ് വിളമ്പുക. മുപ്പതുതരം ദോശകള്‍, ചൈനീസ് വിഭവങ്ങള്‍, വിവിധതരം പായസം, ഔഷധപാനീയം എന്നിവ ഉണ്ടാക്കുന്നതിലാണ് പരിശീലനം നേടിയത്. കാസര്‍കോട്ടെ വീട്ടമ്മമാര്‍ തയ്യാറാക്കുന്ന നാടന്‍ വിഭവങ്ങളുടേയും മധുര പലഹാരങ്ങളുടേയും രുചികൂട്ടുകള്‍ പരിശീലനത്തില്‍ പങ്കുവെച്ചു.

 

 

Latest