Connect with us

National

ബീഹാറിലെ രാഷ്ട്രപതിയുടെ പരിപാടിയില്‍ മാറ്റംവരുത്തി

Published

|

Last Updated

ന്യൂഡല്‍ഹി: നേരത്തെ തീരുമാനിച്ച ബീഹാര്‍ യാത്രയില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മാറ്റം വരുത്തി. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി പാറ്റ്‌നയില്‍ റാലി നടത്തുന്നതിനാലാണ് രാഷ്ട്രപതി സന്ദര്‍ശനം ചുരുക്കിയത്. കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച ബീഹാറില്‍ നിന്നുള്ള ബി ജെ പി നേതാക്കളായ രാജീവ് പ്രതാപ് റൂഡി എം പിയെയും ഷാനവാസ് ഹുസൈന്‍ എം പിയെയും ഇക്കാര്യം പ്രണാബ് അറിയിച്ചു.
ഒരു ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ഈ മാസം 26ന് രാഷ്ട്രപതി ബീഹാറിലെത്തുമെന്നും അന്നുതന്നെ ഡല്‍ഹിയിലേക്ക് മടങ്ങുമെന്നും തങ്ങളെ അറിയിച്ചതായി ഷാനവാസ് ഹുസൈന്‍ അറിയിച്ചു. 27നാണ് മോഡിയുടെ പാറ്റ്‌ന റാലി. രാഷ്ട്രപതിയുടെ സന്ദര്‍ശനവും മോഡിയുടെ റാലിയും “കൂട്ടിമുട്ടുന്നത്” ബീഹാറിലെ ബി ജെ പിയുടെയും ജെ ഡി (യു)വിന്റെയും ഇടയില്‍ തര്‍ക്കത്തിന് കാരണമായിരുന്നു. റാലിക്ക് മനഃപൂര്‍വം തടസ്സമുണ്ടാക്കാന്‍ 27ന് രാഷ്ട്രപതിയെ ക്ഷണിക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചെയ്തതെന്ന് ബി ജെ പി ആരോപിച്ചു.
26ന് രാഷ്ട്രപതിയെ സ്വീകരിക്കുന്നതിന് ബി ജെ പി നേതാക്കള്‍ ഉണ്ടാകുമെന്ന് റൂഡി പറഞ്ഞു. രാഷ്ട്രപതിയെ സ്വീകരിച്ച് തൊട്ടടുത്ത ദിവസം ഭാവി പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നത് ബീഹാറിനുള്ള ബഹുമാനമാണെന്ന് റൂഡി അഭിപ്രായപ്പെട്ടു.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ തീയതി നിശ്ചയിച്ചതിലൂടെ നിതീഷ് കുമാര്‍ ജനങ്ങളെ തെറ്റായി നയിക്കുകയാണെന്ന് ബീഹാര്‍ ബി ജെ പി ഘടകം ആരോപിച്ചു. മാര്‍ച്ച് 20ന് തന്നെ മോഡിയുടെ റാലി തീരുമാനിച്ചതാണെന്നും ഇത് നിതീഷിന് നല്ലപോലെ അറിയാമായിരുന്നെന്നും ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോഡി പറഞ്ഞു.
സംഘാടകരുടെ അഭ്യര്‍ഥന മാനിച്ച് 27 ാം തീയതിയിലെ പരിപാടി രാഷ്ട്രപതി റദ്ദാക്കിയതായി രാഷ്ട്രപതി ഭവന്‍ പിന്നീട് അറിയിച്ചു. ബാബു ജഗ്ജീവന്‍ രാമിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയാണ് റദ്ദാക്കിയത്. ബീഹാര്‍ സര്‍ക്കാറല്ല ഈ പരിപാടി സംഘടിപ്പിച്ചതെന്ന് ജെ ഡി (യു) നേതാവ് ശരദ് യാദവ് പ്രതികരിച്ചു. ഐ ഐ ടി ബിരുദദാന ചടങ്ങാണ് 26 ാം തീയതി.

Latest