Connect with us

Kozhikode

ആധാര്‍ കാര്‍ഡ് ബേങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചത് 29 ശതമാനം പേര്‍ മാത്രം

Published

|

Last Updated

കോഴിക്കോട്: ജില്ലയിലെ 6,19,747 പാചകവാതക ഉപഭോക്താക്കളില്‍ 3,18,047 പേര്‍ ഒക്‌ടോബര്‍ എട്ട് വരെ ആധാര്‍ കാര്‍ഡുകള്‍ ഗ്യാസ് ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാതല ബേങ്കിംഗ് അവലോകന യോഗ റിപ്പോര്‍ട്ട്.
34 ഗ്യാസ് ഡീലര്‍മാരാണ് ജില്ലയിലുള്ളത്. എന്നാല്‍ ആധാര്‍ കാര്‍ഡ് ബേങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവര്‍ 1,81,529 പേര്‍ മാത്രമാണ്. 29ശതമാനം. സര്‍ക്കാറിന്റെ വിവിധ ആനുകൂല്യങ്ങള്‍ ബേങ്ക് അക്കൗണ്ട്, പോസ്റ്റ് ഓഫീസ്, മണി ഓഡര്‍ എന്നിവ വഴി നല്‍കുന്ന ഡയരകട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിയില്‍ (ഡി ബി ടി) ഇതിനകം മൊത്തം ഗുണഭോക്താക്കളുടെ 95 ശതമാനം പേരും ഉള്‍പ്പെട്ടിട്ടുണ്ട്.
1,00,975 ഗുണഭോക്താക്കളില്‍ 95,722 പേരും ഡിബി ടി വഴിയാണ് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത്. ഇനി 5253 പേര്‍ മാത്രമാണ് പദ്ധതിയില്‍ വരാനുള്ളത്. ഗുണഭോക്താക്കളില്‍ 81,628 പേരും ആധാര്‍ കാര്‍ഡുള്ളവരാണ്.
2013 ജൂണ്‍ 30ന് അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ജില്ലയിലെ ബേങ്കുകള്‍ 1382 കോടി രൂപ വായ്പ നല്‍കി.
കാര്‍ഷിക മേഖലയില്‍ 488 കോടി രൂപയും മറ്റ് മുന്‍ഗണനാ വിഭാത്തില്‍ 267 കോടിയും മുന്‍ഗണനേതര വിഭാഗത്തില്‍ 612 കോടി രൂപയുമാണ് വായ്പ നല്‍കിയത്. ഇക്കാലയളവില്‍ 717 വിദ്യാര്‍ത്ഥികള്‍ക്ക് 98 കോടി രൂപ വിദ്യാഭ്യാസ വായ്പ അനുവദിച്ചു.
ജില്ലയിലെ ബേങ്കുകളിലെ മൊത്തം നിക്ഷേപം 19,016 കോടി രൂപയും വായ്പ 14541 കോടിയുമാണ്. വായ്പാ നിക്ഷേപാനുപാതം 76 ശതമാനം. സംസ്ഥാനത്തെ വായ്പാ നിക്ഷേപാനുപാതത്തേക്കാള്‍ മൂന്ന് ശതമാനം കൂടുതലാണിത്.
കോസ്‌മോപൊളിറ്റന്‍ ക്ലബ്ബില്‍ നടന്ന യോഗം പുരുഷന്‍ കടലുണ്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ സി എ ലത അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ലീഡ് ഡിസ്ട്രിക്ട് ഡിവിഷനല്‍ മാനേജര്‍ കെ ഭുവനദാസ്, കനറാ ബേങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ ആര്‍ ബാലചന്ദ്രന്‍, ആര്‍ ബി ഐ എ ജി എം വി രവീന്ദ്രന്‍, നബാര്‍ഡ് എ ജി എം കെ പി പദ്മകുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ ഒ രവീന്ദ്രന്‍ പ്രസംഗിച്ചു.