Connect with us

Kerala

ഡാറ്റാ സെന്റര്‍: സര്‍ക്കാര്‍ കോടതിയെ കബളിപ്പിക്കുകയാണോ എന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഡാറ്റാ സെന്റര്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. സി ബി ഐ അന്വേഷണവുമായി മുന്നോട്ടു പോകുകയാണെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ കോടതിയെ കളിയാക്കുകയാണോയെന്ന് ചോദിച്ച ജസ്റ്റിസ് എച്ച് എല്‍ ദത്തു, കേസിലെ കാര്യങ്ങള്‍ ഒരു തമാശ സിനിമയിലെ രംഗം പോലെയാണെന്നും നിരീക്ഷിച്ചു. സത്യവാങ്മൂലം നല്‍കേണ്ടത് അഡ്വക്കറ്റ് ജനറലാണെന്നും എന്തടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കിയതെന്നുമായിരുന്നു കോടതിയുടെ ചോദ്യം.

അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി തന്നെ കേസില്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി അറിയിച്ചു. കേസ് 21ന് വീണ്ടും പരിഗണിക്കും. സി ബി ഐ അന്വേഷണത്തിനെതിരെ ടി ജി നന്ദകുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതിയാണ് ഹാജരായിരുന്നത്. കേസില്‍ സി ബി ഐ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം കോടതിയെ അറിയിക്കുകയും ചെയ്തു. ഇക്കാര്യം രേഖാമൂലം അറിയിക്കണമെന്ന് കോടതി അന്ന് നിര്‍ദേശിച്ചിരുന്നു. സി ബി ഐ അന്വേഷണം വേണ്ടെന്ന നിലപാട് വിവാദമായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും തീരുമാനം മാറ്റിയത്. കേസില്‍ സി ബി ഐ അന്വേഷണവുമായി മുന്നോട്ടു പോകാനാണ് മന്ത്രിസഭാ തീരുമാനമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലവും നല്‍കി.
ഇന്നലെ ഇത് പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് ദത്തു സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്. അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി എന്തുകൊണ്ട് ഹാജരായില്ല എന്ന ചോദ്യത്തോടെയാണ് ഡാറ്റാ സെന്റര്‍ കേസിലെ കോടതി നടപടികള്‍ തുടങ്ങിയത്. നിയമരംഗത്ത് ഉന്നത പദവിയിലിരിക്കുന്ന അറ്റോര്‍ണി ജനറല്‍ പറഞ്ഞ നിലപാടിന്മേലുള്ള തുടര്‍നടപടികള്‍ എന്തൊക്കെയെന്ന് സര്‍ക്കാറിനോട് കോടതി ചോദിച്ചു. എന്നാല്‍, അറ്റോര്‍ണി ജനറല്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും സി ബി ഐ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ മന്ത്രിസഭ എടുത്ത തീരുമാനം അംഗീകരിക്കണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി ആവശ്യപ്പെട്ടു.
ഇതോടെയാണ് സര്‍ക്കാറിനെതിരെ കോടതി കടുത്ത നിരീക്ഷണങ്ങള്‍ നടത്തിയത്. പീപ്പിലി ലൈവ് എന്ന സിനിമയിലെ കഥ പോലെയാണ് കേസിന്റെ നടപടികളെന്ന് കോടതി പറഞ്ഞു. കോടതിയെ സര്‍ക്കാര്‍ പരിഹസിക്കാനാണ് ശ്രമിക്കുന്നത്. അഡ്വക്കറ്റ് ജനറല്‍ നല്‍കേണ്ട സത്യവാങ്മൂലം നല്‍കിയിരിക്കുന്നത് ചീഫ് സെക്രട്ടറിയാണ്. അഡ്വക്കറ്റ് ജനറല്‍ എന്തുകൊണ്ട് സത്യവാങ്മൂലം നല്‍കിയില്ല എന്ന് കോടതി ചോദിച്ചു. അഡ്വക്കറ്റ് ജനറലിന് വേണ്ടി സത്യവാങ്മൂലം ചീഫ് സെക്രട്ടറിക്ക് നല്‍കാനാകില്ല. സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി. കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പുതിയ സത്യവാങ്മൂലം അഡ്വക്കറ്റ് ജനറല്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഗുരുതരമായ പ്രശ്‌നമാണ് ഈ കേസില്‍ ഉണ്ടായിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ഒരാഴ്ച മുമ്പ് കോടതിയില്‍ അറിയിച്ച നിലപാട് മാറ്റി പറഞ്ഞതാണ് കോടതിയെ ചൊടിപ്പിച്ചത്.
ഡാറ്റാ സെന്റര്‍ നടത്തിപ്പ് റിലയന്‍സിന് കൈമാറിയതില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിന്റെ തുടക്കം. കേസില്‍ വി എസ് അച്യുതാനന്ദന്‍, വിവാദ ഇടനിലക്കാരനായ ടി ജി നന്ദകുമാര്‍ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. അന്വേഷണം സി ബി ഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അറിയിച്ചതോടെ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു.
ഇതോടെ സി ബി ഐ അന്വേഷണത്തിനെതിരെ ടി ജി നന്ദകുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. മന്ത്രിസഭാ തീരുമാനം വരുന്നതിന് മുമ്പാണ് അഡ്വക്കറ്റ് ജനറല്‍ സി ബി ഐ അന്വേഷണത്തിന് സന്നദ്ധത അറിയിച്ചതെന്ന് നന്ദകുമാര്‍ വാദിച്ചു. എ ജിക്കെതിരെ സുപ്രീം കോടതി നിശിത വിമര്‍ശം നടത്തിയതോടെ സി ബി ഐ അന്വേഷണമില്ലെന്ന് സര്‍ക്കാര്‍ തന്നെ കോടതിയെ അറിയിക്കുകയായിരുന്നു. അറ്റോര്‍ണി ജനറലാണ് ഈ നിലപാട് കോടതിയെ അറിയിച്ചത്.

---- facebook comment plugin here -----

Latest