Connect with us

Kozhikode

കാട്ടാനശല്യം രൂക്ഷം

Published

|

Last Updated

താമരശ്ശേരി: തിരുവമ്പാടി പഞ്ചായത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ കാട്ടാന പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. ആനക്കാംപൊയില്‍, കക്കാട്ടുപാറ, കരിമ്പ്, പൂമരത്തുംകൊല്ലി, പൊന്നാങ്കയം ഭാഗങ്ങളില്‍ കൃഷിനശിപ്പിക്കുന്ന ആനയെ പേടിച്ച് പൊന്നാങ്കയം ഭാഗത്ത് 30ഓളം കുടുംബാംഗങ്ങളാണ് കഴിയുന്നത്.
മേന്‍മല ഭാഗത്തെ വനപ്രദേശത്തുനിന്ന് ഇറങ്ങിവരുന്ന ഒറ്റയാനാണ് നാല് വര്‍ഷമായി ഇവരുടെ ഉറക്കം കെടുത്തുന്നത്. വൈകിട്ടോടെ മലയിറങ്ങുന്ന ഒറ്റയാന്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചാണ് തിരിച്ച് കയറുന്നത്. പുത്തന്‍പുരയില്‍ മോഹനന്‍, ഗോപിനാഥ്, ഷാജി, മുരിങ്ങയില്‍ ദേവസ്യ, ജോയി, മണിക്കോംവേരുമ്മല്‍ ജെയ്‌സണ്‍ അന്നക്കുട്ടി, ജോസഫ് തുടങ്ങിയവരുടെ 30 ഓളം ഏക്കറിലെ തെങ്ങ്, കമുക്, വാഴ, റബര്‍ തുടങ്ങിയവ കാട്ടാന നശിപ്പിച്ചു.
വീടുകള്‍ക്ക് സമീപത്തെത്തുന്ന കാട്ടാനയെ നേരില്‍ കണ്ട് ജീവനും പണയപ്പെടുത്തിയാണ് പ്രദേശവാസികള്‍ ദിനങ്ങള്‍ തള്ളിനീക്കുന്നത്. വന്യ ജിവികളെ തുരത്താനായി രണ്ട് ലക്ഷം ചെലവഴിച്ച് സ്ഥാപിച്ച സോളാര്‍ ഫെന്‍സിങ്ങിന്റെ കാര്യമാണ് ഏറെ വിചിത്രം. വനാതിര്‍ത്തിയിലെ പച്ചമരങ്ങളിലാണ് വൈദ്യുതി പ്രവഹിക്കേണ്ട കമ്പികള്‍ ബന്ധിച്ചിരിക്കുന്നത്.
ആനക്കാംപൊയില്‍, കക്കാട്ടുപാറ, കരിമ്പ്, പൂമരത്തുംകൊല്ലി ഭാഗങ്ങളിലെ ജനവാസമില്ലാത്ത കൃഷിയിടങ്ങളില്‍ കാട്ടാനയിറങ്ങുന്നത് കര്‍ഷകര്‍ അറിയുന്നതും ഏറെ വൈകിയാണ്. കുന്നത്തുപൊതി ദേവസ്യ, തറക്കുന്നേല്‍ കരുണാകരന്‍, പൂമറ്റത്തില്‍ ജോഷി, തറക്കുന്നേല്‍ ഗോപി, കിടത്തറ ചാക്കോ എന്നിവരുടെ ഏക്കര്‍ കണക്കായ കൃഷിയാണ് നശിപ്പിക്കപ്പെട്ടത്.
കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണയാവുന്ന കാട്ടാനകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

---- facebook comment plugin here -----

Latest