Connect with us

Kasargod

ട്രഞ്ചിംഗ് ഗ്രൗണ്ട് വികസനം വീണ്ടും അനിശ്ചിതത്വത്തില്‍

Published

|

Last Updated

കാഞ്ഞങ്ങാട്: നഗരസഭയുടെ അധീനതയില്‍ ചെമ്മട്ടംവയലിലുളള ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റി നിയമയുദ്ധം ആരംഭിച്ചതോടെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ച് മാലിന്യസംസ്‌കരണം നടത്താനുളള നടപടികള്‍ അനിശ്ചിതത്വത്തിലായി.
കാഞ്ഞങ്ങാട് സബ് കലക്ടറായിരുന്ന വെങ്കിടേശപതിയുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ചെമ്മട്ടംവയലില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാന്‍ ധാരണയായിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാനുളള തീരുമാനം അംഗീകരിക്കുകയും ജില്ലാ കലക്ടറുടെ അറിവോടെ ഈ നടപടി പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട് കെ നാരായണന്‍ നായരും പരിസരവാസികളായ ചി ണ്ടന്‍, ജോണ്‍പോള്‍ എന്നിവര്‍ ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയെ സമീപിച്ചത്.
കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറി, സംസ്ഥാന സര്‍ക്കാറിനു വേണ്ടി ജില്ലാ കലക്ടര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി ഫയല്‍ ചെയ്തത്. ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്യണമെന്നും ഇവിടെ ഇനി മുതല്‍ തുടര്‍ന്ന് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് ആക്ഷന്‍ കമ്മിറ്റി കോടതിയിലെത്തിയത്. ഹരജി ഫയലില്‍ സ്വീകരിച്ച മുന്‍സിഫ് സജീര്‍കുമാര്‍ ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന്‍ എം പുരുഷോത്തമനെ കമ്മീഷനായി നിയമിച്ചു. കമ്മീഷന്‍ ഇന്നലെ രാവിലെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ പരിശോധന നടത്തുകയും പരാതിക്കാധാരമായ കാര്യങ്ങള്‍ വിലയിരുത്തുകയും പരിസരവാസികളില്‍ നിന്ന് വിശദവിവരങ്ങള്‍ ശേഖരിക്കുകയുംചെയ്തു.
ഹരജിക്കാര്‍ക്ക് പുറമെ വാര്‍ഡ് കൗണ്‍സിലര്‍ കെ കുസുമം, കോണ്‍ഗ്രസ് നേതാവ് സുകുമാരന്‍, കെ ബാലകൃഷ്ണന്‍, എന്‍ അശോക് കുമാര്‍, രാഘവ പൊതുവാള്‍, വേണുഗോപാലന്‍ മാസ്റ്റര്‍ തുടങ്ങിയവരും മൊഴി നല്‍കാന്‍ കമ്മീഷന് മുമ്പാകെ എത്തിയിരുന്നു.