Connect with us

Gulf

തലസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നതായി പഠനം

Published

|

Last Updated

അബുദാബി: തലസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായി പഠനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13.5 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. തലസ്ഥാനം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
മയക്കുമരുന്നില്‍ നിന്നും രക്ഷ തേടി സെന്ററിനെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന ഉയര്‍ച്ച കാണിക്കുന്നത് എമിറേറ്റില്‍ ഇത്തരം വസ്തുക്കള്‍ക്ക് അടിപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുവെന്നാണെന്ന് സെന്റര്‍ ഡയറക്ടര്‍ ഡോ. ഹാമിദ് അല്‍ ഖഫീരി വ്യക്തമാക്കി. 15 വയസുള്ളവര്‍ പോലും മയക്കുമരുന്നിന് അടിപ്പെട്ട് സെന്ററിനെ സമീപിക്കുന്നുണ്ട്. ഇത്തരക്കാരില്‍ ആണും പെണ്ണുമുണ്ടൈന്നും അദ്ദേഹം പറഞ്ഞു.
2002ല്‍ നാഷണല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 3,500 പേര്‍ ചികിത്സ തേടി എത്തിയതായി സൈക്കോളജി കണ്‍സള്‍ട്ടന്റായ ഡോ. ഷാമില്‍ ദാവിദ് വാണിഗ്‌രത്‌നെ വെളിപ്പെടുത്തി.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലാണ് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇത്തരം ദുഷ്യങ്ങളെക്കുറിച്ച് അറിയാന്‍ അധികം വൈകാതെ സര്‍വേ സംഘടിപ്പിക്കാന്‍ സെന്റര്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ചോദ്യാവലികള്‍ അയച്ചുകൊടുക്കും.
അബുദാബിയില്‍ തുടക്കമിട്ട് രാജ്യം മുഴുവന്‍ കുട്ടികളെ മയക്കുമരുന്നിന് അടിപ്പെടുന്നതില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമമാണ് സെന്റര്‍ നടത്തുന്നത്. പ്രധാനമായും കുട്ടികള്‍ ട്രമഡോള്‍, ഹെറോയിന്‍ തുടങ്ങിയവക്കാണ് അടിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പല വിദ്യാര്‍ഥികളും മരുന്നിനുള്ള കുറിപ്പടികള്‍ ഉപയോഗിച്ചാണ് ട്രമഡോള്‍ പോലുള്ള മയക്കുമരുന്ന് ഗുളികകള്‍ സംഘടിപ്പിക്കുന്നത്. ഇത് തടയാന്‍ രാജ്യത്തെ ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍ ആവശ്യമായ മാറ്റം ഉണ്ടാവണം. പലരും ഒരേ രോഗത്തിന്റെ പേരില്‍ പല ഡോക്ടര്‍മാരെ കാണുകയും ട്രമഡോള്‍ പോലുള്ള മയക്കുമരുന്ന് കരസ്ഥമാക്കുകയും ചെയ്യുന്ന സ്ഥിതി കണ്ടു വരുന്നുണ്ട്. ഇത് തടയേണ്ടിയിരിക്കുന്നുവെന്നും വാണിഗ്‌രത്‌നെ അഭിപ്രായപ്പെട്ടു.

---- facebook comment plugin here -----

Latest