തുവ്വക്കാട് വൈദ്യുതി സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം ആറിന്‌

Posted on: October 1, 2013 1:41 am | Last updated: October 1, 2013 at 1:41 am

കല്‍പകഞ്ചേരി: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ വളവന്നൂര്‍ പഞ്ചായത്തിലെ തുവക്കാട്ട് കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് യാഥാര്‍ഥ്യമാകുന്നു. ഓഫീസിന്റെ ഉദ്ഘാടനം ഈ മാസം ആറിന് വൈകുന്നേരം നാലിന് വൈദ്യുതി ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കും. പുത്തനത്താണി സെക്ഷന്‍ ഓഫീസ് വിഭജിച്ചാണ് പുതിയ സെക്ഷന്‍ ഓഫീസ് വരുന്നത്. തുവ്വക്കാട് സെക്ഷന്‍ ഓഫീസ് വരുന്നതോടെ മേഖലയിലെ വൈദ്യുതി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഏറെ കുറെ പരിഹാരമാകും. നിലവില്‍ ഈ പ്രദേശം പുത്തനത്താണി സെക്ഷന്‍ ഓഫീസിന് കീഴിലാണ് ഉള്‍പ്പെടുന്നത്.
ബില്ലടക്കുന്നതിനും പുതിയ കണക്ഷനെടുക്കുന്നതിനും വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനുമായി പുത്തനത്താണി സെക്ഷന്‍ ഓഫീസിനെയാണ് ഇവിടുത്തെ ഉപഭോക്താക്കള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. തുവക്കാട് സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഉപഭോക്താക്കളുടെ ബാഹുല്യത്താലുള്ള പുത്തനത്താണി ഓഫീസിലെ തിരക്ക് കുറക്കാനാകും. കന്മനം, പാറക്കല്‍, തുവ്വക്കാട്, വാരണാക്കര, പോത്തന്നൂര്‍, അല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങിലുള്ളവരാണ് ഈ സെക്ഷന്‍ പരിധിയില്‍പ്പെടുക. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തെ തുടര്‍ന്നാണ് ഈ ഭാഗത്ത് സെക്ഷന്‍ ഓഫീസ് അനുവദിച്ചത്.