അന്യസംസ്ഥാന തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധിച്ചു

Posted on: October 1, 2013 1:38 am | Last updated: October 1, 2013 at 1:38 am

ഫറോക്ക്: മോഡേണ്‍ ബസാര്‍ കൊളത്തറ റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ദാരുണമായി മരിച്ച സംഭവത്തില്‍ റഹ്മാന്‍ ബസാര്‍, കൊളത്തറ മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധവുമായി രംഗത്തെത്തി. ബീഹാര്‍ സ്വദേശികളായ ലക്ഷ്മിറാം (31), ശത്രുഘ്‌നന്‍ റാം (20) സംജിത്കുമാര്‍ ചവാന്‍ (26) എന്നിവരാണ് ഞായറാഴ്ച അപകടത്തില്‍ മരിച്ചത്. റോഡിലൂടെ നടന്നുവരികയായിരുന്ന ഇവരെ നിയന്ത്രണം വിട്ടെത്തിയ പാഴ്‌സല്‍ വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബീഹാറികളായ സന്തോഷ് റാം (21), സുശീല്‍ റാം (22) സഞ്ജയ് ചവാന്‍ (26) എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.
മരിച്ചവരുടെ മൃതദേഹം റഹ്മാന്‍ ബസാറില്‍ പൊതുദര്‍ശനത്തിന് വെക്കണമെന്നും മരിച്ചവരുടെ കുടുംബത്തിന് കമ്പനി അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണി മുടക്കി പ്രതിഷേധവുമായി എത്തിയത്്. റഹ്മാന്‍ ബസാര്‍, കൊളത്തറ, നല്ലളം, മോഡേണ്‍ മേഖലകളിലെ വിവിധ ചെരുപ്പ് കമ്പനികളിലെ നൂറ് കണക്കിന് തൊഴിലാളികളാണ് പ്രകടനമായെത്തിയത്.
പിന്നീട് നല്ലളം എസ് ഐ. ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ തൊഴിലാളികളെ ബോധ്യപ്പെടുത്തി. ആവശ്യമായവര്‍ക്ക് മെഡിക്കല്‍ കോളജില്‍ എത്തിച്ച് കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്താമെന്നും പറഞ്ഞതോടെയാണ് തൊഴിലാളികള്‍ പിരിഞ്ഞുപോയത്.