വിത്ത് വണ്ടിക്ക് സ്വീകരണം നല്‍കി

Posted on: October 1, 2013 1:00 am | Last updated: October 1, 2013 at 1:38 am

മുക്കം: കേരള കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സഹകരിച്ചുകൊണ്ട് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ നടത്തിയ കൃഷി സന്ദേശ പ്രചാരണ പരിപാടിയായ വിത്ത് വണ്ടിക്ക് മണാശ്ശേരി ഗവ. യു പി സ്‌കൂളില്‍ സ്വീകരണം നല്‍കി.
കര്‍ഷകരുടെ വേഷമണിഞ്ഞും കലപ്പയേന്തിയും കുട്ടികള്‍ വിത്ത് വണ്ടിയെ സ്വീകരിച്ചു.
മുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ സുരേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചടങ്ങ് സി മോയിന്‍കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്കുള്ള പച്ചക്കറി വിത്തുകള്‍ കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ എം അബ്ദുല്‍ ലത്വീഫ് വിതരണം ചെയതു. മത്സര വിജയികള്‍ക്ക് എ ഇ ഒ. കെ ടി അബ്ദുസ്സലാം സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിവിധ കക്ഷി നേതാക്കള്‍ പ്രസംഗിച്ചു.
ചൊല്‍ക്കാഴ്ച, നാടന്‍പാട്ട്, ഘോഷയാത്ര, കാര്‍ഷിക ക്വിസ് മത്സരം, കാര്‍ഷിക ഉപകരണ പ്രദര്‍ശനം, വിത്ത് വിതരണം എന്നിവയും നടന്നു.