കഞ്ചാവുമായി തിരൂര്‍ സ്വദേശി പിടിയില്‍

Posted on: October 1, 2013 1:36 am | Last updated: October 1, 2013 at 1:36 am
SHARE

എടക്കര: ഒന്നരക്കിലോ കഞ്ചാവുമായി തിരൂര്‍ സ്വദേശി എടക്കര പോലീസിന്റെ പിടിയിലായി. പുത്തന്‍തെങ്ങ് താനാളൂര്‍ മുക്കാട്ടില്‍ ഇബ്രാഹിം എന്ന ബാവ (58) യാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് എസ്.ഐ ജ്യോതീന്ദര്‍കുമാറും സംഘവും നടത്തിയ പരിശോധനയില്‍ മൂത്തേടം കാരപ്പുറം അങ്ങാടിക്ക് സമീപം വെയിറ്റിംഗ് ഷെഡ്ഡില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. വര്‍ഷങ്ങളായി മേഖലയില്‍ കഞ്ചാവ് കച്ചവടം നടത്തിവരുന്നതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് പോലീസിന്റെ പിടിയിലാകുന്നത്. തമിഴ്‌നാട്ടിലെ ഉസിലാംപെട്ടിയില്‍ നിന്നുമാണ് ഇയാള്‍ കഞ്ചാവെത്തിക്കുന്നത്. മുന്‍പ് ഇവിടെ ചായക്കട നടത്തിയിരുന്ന ഇയാള്‍ ഈ ബന്ധമുപയോഗിച്ചാണ് കഞ്ചാവ് കച്ചവടം ആരംഭിച്ചത്. വില്‍പ്പന നടത്തിയ ശേഷം തമിഴനായ കഞ്ചാവ് വ്യാപാരിയുടെ അക്കൗണ്ടിലേക്ക് പണമയച്ചുകൊടുക്കുകയാണ് പതിവ്. അനധികൃത മണല്‍ വാരല്‍ തൊഴിലാളികള്‍, ടിപ്പര്‍, ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍മാര്‍, അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നിവരാണ് ഇയാളുടെ ഇടപാടുകാര്‍.