Connect with us

Wayanad

കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം വൈകുന്നു; കര്‍ഷകര്‍ പെരുവഴിയില്‍

Published

|

Last Updated

മാനന്തവാടി: ജില്ലയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള നഷ്ടപരിഹാരം വൈകുന്നതോടെ കര്‍ഷകര്‍ പെരുവഴിയിലായി. കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ളത്.
2011, 12, 13 വര്‍ഷത്തെ നഷ്ടപരിഹാരം ഇതുവരെയായും വിതരണം ചെയ്തിട്ടില്ല. 2011 വര്‍ഷത്തില്‍ 997861 രൂപയും, 2012 വര്‍ഷത്തില്‍ വേനല്‍മഴയില്‍ 34479953 രൂപയും, കാലവര്‍ഷത്തില്‍ 10036125 രൂപയും, തുലാവര്‍ഷത്തില്‍ 623125 രൂപയും നഷ്ടം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കനത്ത വരള്‍ച്ചയില്‍ 62821930 രൂപയും കൃഷിനാശം സംഭവിച്ചപ്പോള്‍ കൃഷി വകുപ്പ് അധികൃതരുടെ രേഖയില്‍ മൂന്ന് കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2013 വര്‍ഷത്തില്‍ എട്ട് കോടിയോളം രൂപയുടെ കാര്‍ഷിക നഷ്ടം വയനാട്ടില്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ നാമമാത്രമായ തുകയാണ് വിതരണം ചെയ്തിട്ടുള്ളത്. ബാക്കി കര്‍ഷകരുടെ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് ഇതുവരെയായും യാതൊരു രൂപ രേഖയുമായിട്ടില്ല. 2011, 12 വര്‍ഷത്തെ കൃഷിനാശം സംഭവിച്ചവര്‍ക്ക് ഒരു രൂപപോലും ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. മാത്രവുമല്ല ഈ നഷ്ടപരിഹാര തുക കേന്ദ്രത്തില്‍ സമ്മര്‍ദ്ദംചൊലുത്തി വാങ്ങിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അത് ണ്ട് തന്നെ ഈ രണ്ട് വര്‍ഷങ്ങളിലും കൃഷി നശിച്ചവര്‍ക്ക് ഇനി നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യതയും കുറവുമാണ്.

ജില്ലയില്‍ വരള്‍ച്ച മൂലം ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ചിട്ടുള്ളത് പുല്‍പ്പള്ളി മേഖലയിലും, കാലവര്‍ഷത്തില്‍ മാനന്തവാടി മേഖലയിലുമാണ്. വാഴകൃഷി നശിച്ചവര്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടപരിഹാം നല്‍കാനുള്ളത്. കുലച്ച വാഴക്ക് 100 രൂപയും, കുലക്കാത്ത വാഴക്ക് 75 രൂപയും, ഒരു ഹെക്ടര്‍ നെല്ല് കൃഷി നശിച്ചാല്‍ 10000നഷ്ടപരിഹാരം നല്‍കുമെന്നാണ് കൃഷി വകുപ്പിന്റെ അവകാശ വാദം. എന്നാല്‍ പലപ്പോഴും കൃഷി ഓഫീസര്‍ക്ക് അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന വിള നഷ്ടത്തിന്റെ ഫോട്ടോയുടെ തുക പോലും ലഭിക്കാറില്ലെന്നാണ് സത്യം. 50000 രൂപയിലധികം കൃഷിനഷ്ടമുണ്ടായാല്‍ കൃഷിവകുപ്പ് ഡയറക്ടറില്‍ നിന്നാണ് നഷ്ടപരിഹാര തുക പാസായി ലഭിക്കേണ്ടത്. ഇതും കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള നഷ്ടപരിഹാരം വൈകുന്നതിന് കാരണമാകുന്നു. കാലവര്‍ഷകെടുതി കൂടാതെ ജില്ലയിലെ കവുങ്ങ് കൃഷി മേഖലയില്‍ വ്യാപകമായ രീതിയില്‍ മഹാളി പിടിപ്പെട്ട് ഹെക്ടര്‍ കണക്കിന് കവുങ്ങ് കൃഷിയും നശിച്ചിരിക്കുകയാണ്. കോടിക്കണക്കിണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായി കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
ബേങ്കില്‍ നിന്നും വായ്പയെടുത്തും, സ്വര്‍ണ്ണം പണയം വെച്ചും ബ്ലേഡ് ബാങ്കില്‍ നിന്നും പണം കൊള്ള പലിശക്ക് പണം വാങ്ങിയുമെല്ലാമാണ് കര്‍ഷകന്‍ കൃഷിചെയ്തത്. എന്നാല്‍ രാസവളങ്ങളുടെ അമിത വിലവര്‍ദ്ധനവ്, കാലവര്‍ഷവും വരള്‍ച്ചയും മൂലമുള്ള കൃഷി നാശം എന്നിവ മൂലം കൃഷി പാടേ തകര്‍ന്നു. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള നഷ്ട പരിഹാരം സര്‍ക്കാര്‍ വൈകിപ്പിക്കുന്നത്. മാത്രമല്ല വയനാട് ജില്ലയിലെ കര്‍ഷകര്‍ക്കെതിരെ ജപ്തി നടപടികള്‍ പരിപൂര്‍ണ്ണമായി നിര്‍ത്തിവെച്ചു എന്നവകാശപ്പെട്ട സര്‍ക്കാര്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകുകയാണ്. രൂക്ഷമായ വിലക്കയറ്റം, വൈദ്യുതി വിലവര്‍ധന, പെട്രോളിനും ഡീസലിനും അടിക്കടിയുള്ള വര്‍ദ്ദനവ് ഇവയെല്ലാം കര്‍ഷകന്റെ ജീവിതം ദുരിത പൂര്‍ണ്ണമാക്കി.