‘ഉപയോഗിച്ചു തീര്‍ന്ന’തിനെ വലിച്ചെറിയാമോ?

Posted on: October 1, 2013 12:58 am | Last updated: October 1, 2013 at 7:49 am

vayojanamഇന്ന് വയോജന ദിനം

ഒരു മാധ്യമ റിപ്പോര്‍ട്ട്: ”കോട്ടയം നഗരത്തിലെ തിരക്കേറിയ പുളിമൂട് ജംഗ്ഷന്‍. വൈകുന്നേരം ആറ് മണിയോടെ ഒരു ആഡംബരക്കാര്‍ അവിടെയെത്തിനില്‍ക്കുന്നു. കാറിന്റെ പിറകിലത്തെ വാതില്‍ തുറന്ന് വളയിട്ട കൈകള്‍, വാര്‍ധക്യം കൊണ്ട് അവശനായ ഒരു മുന്തിയ ഇനം പട്ടിയെ റോഡിലേക്ക് തള്ളുന്നു. കാറിന്റെ ഡോര്‍ വലിച്ചടക്കുന്നു. ശരവേഗത്തില്‍ കാര്‍ വിട്ടുപോകുന്നു…. ”നടക്കാന്‍ പോലും അവശനായ ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട നായക്ക് സമീപത്തുള്ള കടക്കാരന്‍ പാത്രത്തില്‍ വെള്ളം കൊടുക്കുന്ന ചിത്രവും ആ മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു.
മരിച്ച് ഒരു മാസത്തിലേറെയായി പുറംലോകമറിയാതെ പുഴു അരിച്ച് കിടന്ന വിരമിച്ച അധ്യാപികയുടെ ജീര്‍ണിച്ച മൃതശരീരം പോലീസ് പരിശോധിക്കുന്നതിന്റെ ചിത്രവും വാര്‍ത്തയും മാധ്യമങ്ങള്‍ പ്രാധാന്യത്തോടു കൂടി പ്രസിദ്ധീകരിച്ചിരുന്നു. മക്കളും മരുമക്കളും ഉണ്ടായിട്ടും ഒറ്റക്ക് താമസിക്കുകയായിരുന്നു ആ അമ്മ. ഒരു മാസമായി അവരെ അയല്‍പക്കത്തുള്ളവര്‍ കണ്ടിട്ട്. അവര്‍ മരിച്ചത് ആരും അറിഞ്ഞില്ല. മക്കള്‍ പോലും! അതിനര്‍ഥം ഒന്ന് ഫോണ്‍ ചെയ്തു പോലും അമ്മയുടെ വിവരം തിരക്കാന്‍ മക്കള്‍ക്ക് സമയം കിട്ടിയില്ല എന്നതാണ്. അവരത് ചെയ്തിരുന്നെങ്കില്‍ ലോകത്ത് ‘ഒരമ്മക്ക് ഉണ്ടാകരുതേ’ എന്ന് ഹൃദയമുള്ളവര്‍ പ്രാര്‍ഥിച്ചുപോകുന്ന ദാരുണമായ ഒരു അന്ത്യം ആ അമ്മക്ക് ഉണ്ടാകുമായിരുന്നില്ല.
ഓച്ചിറ ക്ഷേത്രമൈതാനത്ത് എങ്ങോട്ട് പോകണമെന്നറിയാതെ ഉറക്കെ കരഞ്ഞുകൊണ്ടിരുന്ന, എഴുന്നേറ്റ് നില്‍ക്കാന്‍ പോലും വയ്യാത്ത ഒരമ്മയുടെ ചുറ്റും ആള്‍ക്കാര്‍ കൂടി. വിവരങ്ങള്‍ അന്വേഷിച്ചു.
ഉത്സവം കാണാമെന്ന് പറഞ്ഞ് മകനും മരുമകളും കൊച്ചു മകനും കൂടി കാറില്‍ കയറ്റിക്കൊണ്ടുവന്നതാണ് അമ്മയെ. ഉത്സവപ്പറമ്പിലെ തിരക്കിനിടയില്‍ ആ അമ്മയെ ഉപേക്ഷിച്ച് അവര്‍ കടന്നുകളഞ്ഞു. ദിവസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും അമ്മയെ അന്വേഷിച്ച് ആരും വന്നില്ല. അവരിപ്പോള്‍ ഏതോ സുമനസ്സുകളുടെ സംരക്ഷണയില്‍ കഴിയുകയാണ്.
‘ഉപയോഗിച്ചു തീര്‍ന്ന’തിനെ വലിച്ചെറിയാനുള്ള ഒരു പ്രവണതക്ക് സമൂഹം അടിപ്പെടുകയാണോ? ഉത്സവപ്പറമ്പിലെ തിരക്കിനിടയില്‍ അമ്മയെ ഉപേക്ഷിച്ചുപോയ മക്കളുടെ മാനസികാവസ്ഥയില്‍ കഴിയുകയും മാന്യത നടിക്കുകയും ചെയ്യുന്നവര്‍ നമുക്കിടയിലും ധാരാളമായിട്ടുണ്ട്.
3,34,06,061 പേര്‍ വരുന്ന സംസ്ഥാന ജനസംഖ്യയിലെ 10 ശതമാനത്തിലേറെ പേര്‍ 60 വയസ്സ് പിന്നിട്ടവരാണ്. വൃദ്ധ ജനസംഖ്യ വര്‍ധിച്ചതോടെ അവരുടെ ക്ഷേമകാര്യങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ 1990കളുടെ ആരംഭത്തോടെ തന്നെ ലോകരാഷ്ട്രങ്ങള്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. 1975ന് ശേഷം ജനനനിരക്കിലുണ്ടായ ക്രമാതീതമായ കുറവും ആയുര്‍ദൈര്‍ഘ്യത്തിലുള്ള വര്‍ധനവും സാമൂഹിക ക്ഷേമപ്രവര്‍ത്തകരുടെ സജീവ ശ്രദ്ധയില്‍ വന്നു. 2002ല്‍ മാഡ്രിഡില്‍ നടന്ന വയോജനങ്ങള്‍ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മേളത്തിലൂടെ വൃദ്ധജന ക്ഷേമം സംബന്ധിച്ച രൂപരേഖ അംഗ രാജ്യങ്ങള്‍ക്കായി ഐക്യരാഷ്ട്ര സംഘടന നല്‍കി.
വികസിത രാജ്യങ്ങളേക്കാള്‍ വികസ്വര രാജ്യങ്ങളിലാണ് വൃദ്ധജനസംഖ്യയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ലോകത്തിലെ മൂന്നില്‍ രണ്ട് ഭാഗം വൃദ്ധ ജനസംഖ്യയും വികസ്വര രാജ്യങ്ങളിലാണുള്ളത്. ഈ നൂറ്റാണ്ടിന്റെ പകുതി ആകുമ്പോഴേക്കും ലോകത്തുള്ള കുട്ടികളുടെ എണ്ണത്തേക്കാളേറെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കും ഉണ്ടാകുക. ഇപ്പോഴത്തെ ആഗോള ജനസംഖ്യയില്‍ 810 ദശലക്ഷം (81 കോടി)ആളുകള്‍ക്ക് 80 വയസ്സ് പിന്നിട്ടു. 2050ല്‍ ഇത് അഞ്ചിരട്ടിയിലേറെയായി വര്‍ധിക്കും. അക്കാലത്തെ ലോകജനസംഖ്യയുടെ 20 ശതമാനവും വാര്‍ധക്യത്തിലെത്തിയവരാകും എന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചനകള്‍. ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായിരിക്കുന്ന ഈ വര്‍ധനവ് ആഹ്ലാദത്തേക്കാള്‍ ആശങ്കകളാണ് ഉയര്‍ത്തുന്നത്.
ഊര്‍ജിത ശ്രമങ്ങളുടെ ഫലമായി ജനസംഖ്യാ നിരക്ക് ഓരോ സെന്‍സസ് കഴിയുമ്പോഴും ഗണ്യമായി നമ്മുടെ രാജ്യത്തും കുറയുകയാണ്. കേരളം ഇക്കാര്യത്തില്‍ വളരെ മുന്‍പിലാണ്. 2021 ലെ സെന്‍സസ് കാലത്ത് ജനസംഖ്യാ നിരക്ക് സൂചിക താഴേക്ക് പോകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയേക്കാമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. 1971നു ശേഷം നടന്ന ഓരോ സെന്‍സസ് വര്‍ഷത്തിലും ജനസംഖ്യാ നിരക്കില്‍ അഞ്ച് ശതമാനം സ്ഥിരമായ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. 2011ലെ സെന്‍സസ് പ്രകാരം മധ്യതിരുവിതാംകൂറിലെ 12 താലൂക്കുകളില്‍ ജനസംഖ്യ വളര്‍ച്ചാനിരക്ക് പൂജ്യത്തിലും താഴേക്കാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അടൂര്‍, മല്ലപ്പള്ളി, കോഴഞ്ചേരി, റാന്നി, തിരുവല്ല, ചെങ്ങന്നൂര്‍, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ആലപ്പുഴ, പത്തനാപുരം എന്നിവിടങ്ങളില്‍ ജനസംഖ്യാ നിരക്ക് കുത്തനെ താഴേക്കാണ്. ജനന നിരക്ക് താഴേക്ക് പോകുകയും ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയും ചെയ്ത സാഹചര്യമാണ് സംസ്ഥാനം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. 2061 ആകുമ്പോള്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള ഏറ്റവും അധികം പേര്‍ താമസിക്കുന്ന സംസ്ഥാനമായി കേരളം മാറാന്‍ പോവുകയാണ്.
വ്യാവസായികാടിസ്ഥാനത്തിലുള്ള വൃദ്ധസദനങ്ങളുടെയും അഗതി മന്ദിരങ്ങളുടെയും എണ്ണം സംസ്ഥാനത്ത് വളര്‍ന്നു വരികയാണ്. എല്ലാ മാസവും എത്തിക്കുന്ന കൃത്യമായ തുകയില്‍ ബന്ധങ്ങള്‍ സൂക്ഷിക്കുന്ന മക്കളുടെയും മരുമക്കളുടെയും പേരമക്കളുടെയും എണ്ണവും വര്‍ധിച്ചുവരുന്നു. ഇതാണ് വൃദ്ധജനസംഖ്യ വര്‍ധിച്ച കേരളത്തിന്റെ ഇപ്പോഴത്തെ ആശങ്കയുണര്‍ത്തുന്ന ചിത്രം.
സംസ്ഥാനത്തിന്റെ മുഖമുദ്രയായിരുന്നു പവിത്രമായ കുടുംബബന്ധങ്ങള്‍. അതിപ്പോള്‍ ‘ഞാന്‍, എന്റെ ഭാര്യ’, അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്ന നിലയില്‍ അണുകുടുംബ സംസ്‌കാരത്തിന് വഴി മാറി. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി സ്വയം സമര്‍പ്പണ മനോഭാവത്തോടെ നിര്‍വഹിച്ചിരുന്ന വൃദ്ധജനസംരക്ഷണം ഇന്ന് ഓര്‍മയായി. തിരക്കേറിയ തങ്ങളുടെ ജീവിതത്തില്‍ നിന്ന് എങ്ങനെയെങ്കിലും ഒഴിവാക്കാനാഗ്രഹിക്കുന്നവരായി വയോജനങ്ങള്‍ മാറി എന്നത് സങ്കടകരമായ കാര്യമാണ്. മനുഷ്യബന്ധങ്ങളിലുണ്ടായ വലിയ അകല്‍ച്ച ഇത്തരം ചിന്താഗതികളുടെ ആക്കം വര്‍ധിപ്പിക്കുന്നു. വേഗമേറിയ ലോകത്തിനൊപ്പം ഓടി എല്ലാം വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ മനുഷ്യര്‍ക്ക് സംഭവിച്ച ഒട്ടേറെ മറവികള്‍ക്കിടയില്‍ അച്ഛനമ്മമാരും അപ്പൂപ്പന്‍ അമ്മൂമ്മമാരും പെട്ടുപോയി എന്നതിന് ആര് ആരെ പഴിക്കണം? കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ച മാത്രമല്ല, ജോലി തേടി അന്യ രാജ്യങ്ങളിലേക്കും സംസ്ഥാനത്തിന് പുറത്തേക്കും മഹാ പ്രവാഹമുണ്ടായപ്പോള്‍ ഒറ്റപ്പെട്ടുപോയ ഒട്ടേറെ വൃദ്ധജനങ്ങള്‍ നമ്മുക്കിടയിലുണ്ട്. നോക്കാനും സംരക്ഷിക്കാനും ആളില്ലാതെ എല്ലാ വേദനകളും കടിച്ചമര്‍ത്തി വീട്ടു തടങ്കലിലെന്നപോലെ ഏകാന്ത വാസം നയിക്കുന്ന അത്തരക്കാരുടെ എണ്ണം നാട്ടില്‍ ഒട്ടും കുറവല്ല.
ശകാരങ്ങളും കുത്തുവാക്കുകളും ദിനംപ്രതി മക്കളില്‍ നിന്നും കേട്ട് കഴിയുന്ന വൃദ്ധജനങ്ങളുടെ എണ്ണം 62 ശതമാനത്തോളമാണ്. മികച്ച പരിപാലനമോ ശ്രദ്ധയോ മെച്ചപ്പെട്ട ചികിത്സയോ ലഭിക്കാത്തവര്‍ 70 ശതമാനവും മക്കളില്‍ നിന്നും മരുമക്കളില്‍ നിന്നും അവര്‍ നോക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നവരില്‍ നിന്നും ശാരീരിക പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ 52 ശതമാനവും.
സാധ്യമായ എല്ലാ അധ്വാന പ്രക്രിയകളിലൂടെയും പ്രയത്‌നശേഷി വിനിയോഗിച്ച് ഇന്നീ കാണുന്നതും നാം അനുഭവിക്കുന്നതുമായതെല്ലാം സൃഷ്ടിച്ചെടുത്തവരാണ് ഇന്ന് വാര്‍ധക്യത്തിന്റെ പിടിയിലമര്‍ന്നവര്‍. അവരെ സംരക്ഷിക്കാത്തതും പരിപാലിക്കാത്തതും സന്തോഷകരമായ ജീവിതസാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാത്തതും ക്രൂരമായ മനുഷ്യാവകാശലംഘനം തന്നെയാണ്. പഴുത്ത ഇല കൊഴിയുമ്പോള്‍ ചിരിക്കുന്ന പച്ചിലയുടെ മാനസികാവസ്ഥയുമായി കഴിയുന്നവര്‍ നാളെ തന്റെ ഗതി എന്താകുമെന്ന് ചിന്തിക്കണം.
വയോജനങ്ങള്‍ക്ക് ജീവിതാന്ത്യം കഴിച്ചുകൂട്ടാനുള്ള സന്തോഷകരമായ അവസരങ്ങള്‍ ഒരുക്കി അവരെ സംരക്ഷിക്കേണ്ടത് ഭരണഘടനയും നിയമവും കോടതിയും പോലീസുമൊന്നുമല്ല; നാം ഓരോരുത്തരും തന്നെയാണ്.

ALSO READ  ചൈനക്ക് ക്ലീന്‍ചിറ്റ്‌ !