ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍ക്ക് വീട് നല്‍കുന്നു

Posted on: October 1, 2013 12:01 am | Last updated: October 1, 2013 at 12:01 am

തിരുവനന്തപുരം: മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയ പുനര്‍വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്കും സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാനത്തുടനീളം 250 വീടുകള്‍ നിര്‍മിച്ച് നല്‍കുന്നു. ഒരു വീടിന് രണ്ട് ലക്ഷം രൂപയാണ് ധനസഹായമായി നല്‍കുക. തുക തിരിച്ചടക്കേണ്ടതില്ല.
അപേക്ഷ സമര്‍പ്പിക്കുന്ന തീയതി മുതല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ അപേക്ഷക പുനര്‍ വിവാഹം ചെയ്തവര്‍ ആകരുത്. അപേക്ഷകയുടെ പേരില്‍ ബാധ്യതകള്‍ ഇല്ലാതെ ചുരുങ്ങിയത് മൂന്ന് സെന്റ് സ്ഥലം ഉണ്ടാകണം. സര്‍ക്കാറില്‍ നിന്നോ മറ്റ് സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. ബി പി എല്‍ കുടുംബങ്ങള്‍, വിധവകളോ അവരുടെ മക്കളോ, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, പെണ്‍മക്കള്‍ മാത്രമുള്ള വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഈ മാസം 31 ആണ് അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി.
താത്പര്യമുള്ളവര്‍ക്ക് നിശ്ചിത അപേക്ഷാ ഫോറം പൂരിപ്പിച്ച് സ്ഥലത്തിന്റെ കരം തീര്‍ത്ത രശീതി, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് എന്നിവയും വിവരങ്ങളും സഹിതം ഡെപ്യൂട്ടി കലക്ടര്‍, ജില്ലാ ന്യൂനപക്ഷ ക്ഷേമ സെന്റര്‍, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്. ഫോണ്‍: 0471-2302090, 2300523.