Kerala
ഇളങ്കൂര്‍ സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍
മലപ്പുറം: ഇളങ്കൂരില്‍ മഹല്ല് കമ്മിറ്റി ട്രഷററും എസ് വൈ എസ് യൂനിറ്റ് വൈസ് പ്രസിഡന്റുമായ തിരുത്തിയില്‍ അബുഹാജിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരെ മഞ്ചേരി സി ഐ വി എ കൃഷ്ണദാസ് അറസ്റ്റ് ചെയ്തു. മയിലത്തൂര്‍ ചങ്ങരായി അബ്ദുല്‍ കബീര്‍ (30),സഹോദരന്‍ അബ്ദുന്നാസര്‍ (35), ആലങ്ങാടന്‍ അക്ബര്‍ അലി (26), കളത്തില്‍ മുഹമ്മദ് ഫസലുള്ള എന്ന ഫസല്‍ (36), തളത്തില്‍ മുഹമ്മദ് ഹനീഫ എന്ന ഹനീഫ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 148, 323, 304 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതികളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ ഒക്ടോബര്‍ 11 വരെ റിമാന്റ് ചെയ്തു.
സെപ്റ്റംബര്‍ 23ന് രാത്രി ഏഴ് മണിക്കാണ് അബുഹാജി കൊല്ലപ്പെട്ടത്. മഞ്ഞപ്പറ്റ കുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന പരിപാടിയില്‍ എസ് കെ എസ് എസ് എഫിന്റെ സംഘടനാ ഗാനം വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികള്‍ അബുഹാജിയെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.