സമ്മേളനത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പണം പിരിവ്

Posted on: September 30, 2013 1:27 pm | Last updated: September 30, 2013 at 1:27 pm

മാനന്തവാടി: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സമ്മേളനത്തിന് ഭീഷണിപ്പെടുത്തിയും പണപ്പിരിവ്. മാനന്തവാടി, തിരുനെല്ലി പ്രദേശങ്ങളിലെ ഹോട്ടലുകള്‍, ബാറുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കോണ്‍ഗ്രസ് അനുകൂല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സമ്മേളനത്തിനായി കഴിഞ്ഞ 25ാംതിയ്യതി മുതല്‍ വ്യാപകമായ പണപ്പിരിവ് നടത്തിയത്. 25ന് രാവിലെ മാനന്തവാടിയിലേയും പരിസരപ്രദേശങ്ങളിലേയും ചില ഹോട്ടലുകളിലും ബാറുകളിലും റെയ്ഡ് നടത്തുകയും ഉച്ചക്കഴിഞ്ഞ് മൂന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഹെല്‍ത്ത് സൂപ്രവൈസര്‍, രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവിടങ്ങളില്‍ വീണ്ടും കയറി പണപ്പിരിവ് നടത്തിയത്. ഹോട്ടലുകളില്‍ നിന്ന് ആയിരത്തില്‍ കുറയാതേയും, ബാറുകളിലും, റിസേര്‍ട്ട്കളില്‍ നിന്നും അയ്യായിരത്തില്‍ കുറയാതേയും ഈ സംഘം പണം പിരിച്ചത്. പണം നല്‍കാന്‍ കൂട്ടാക്കാത്ത ഹോട്ടലുകാരെ ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയത്.
ഇതേസമയം തന്നെ തിരുനെല്ലി കാട്ടിക്കുളം മേഖലയില്‍ മറ്റൊരു സംഘവും പണപ്പിരിവിന് ചുക്കാന്‍ പിടിച്ചു. ഇത്തരത്തില്‍ പതിനായിരക്കണക്കിന് രൂപയാണ് ഇവര്‍ പിരിച്ചെടുത്തത്. ഭാവിയില്‍ തങ്ങളുടെ കച്ചവടത്തിന് ഭീഷണിയാകുമെന്ന് ഭയന്നാണ് പല ഹോട്ടലുടമകളും പണം നല്‍കിയത്. ഭീഷണിപ്പെടുത്തി പണം പിരിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നിലപാടില്‍ കടുത്ത പ്രതിഷേധത്തിലാണ് കച്ചവടക്കാര്‍.