ഒരു തുണ്ട് ഭൂമി പോലുമില്ലാതെ ആദിവാസികള്‍ ദുരിതത്തില്‍

Posted on: September 30, 2013 1:14 pm | Last updated: September 30, 2013 at 1:14 pm

കാളികാവ്: നാല് മാസത്തോളമായി ഭൂമിയും വീടും നല്‍കാമെന്ന് പറഞ്ഞ് കാട്ടില്‍ നിന്നിറക്കിയ ആദിവാസി കുടുംബങ്ങള്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി അലയുന്നു. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന ഭൂരഹിത കേരളം പദ്ധതിയിലും ചേനപ്പാടി ആദിവാസികളെ അവഗണിച്ചു.
ഇന്ന് തലസ്ഥാനത്ത് ഭൂരഹിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുമ്പോള്‍ 50 സെന്റ് സ്ഥലവും, താമസിക്കാന്‍ വീടും വാഗ്ദാനം ചെയ്യപ്പെട്ട് പത്ത് ആദിവാസി കുടുംബങ്ങളാണ് സര്‍ക്കാറിന്റെ അനാസ്ഥ കാരണം അലയുന്നത്. ചേനപ്പാടിക്കാര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച ഭൂമി നല്‍കുന്നതിനോ, മറ്റേതെങ്കിലും ഭൂമി കണ്ടെത്തുന്നതിനോ സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ തയ്യാറാകുന്നുമില്ല.
ചേനപ്പാടി കോളനി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രണ്ടര ലക്ഷം രൂപ ചിലവില്‍ ഐ ടി ഡി പി വീട് വെച്ച് നല്‍കുന്നതിന് തുടക്കം കുറിച്ചിരുന്നു. താമസിക്കുന്ന വീടുകള്‍ പൊളിച്ച് മാറ്റി കാട്ട് കല്ല് ഉപയോഗിച്ച് തറപ്പണികള്‍ തുങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് ചേനപ്പാടി കോളനി സ്ഥിതി ചെയ്യുന്ന സ്ഥലം താമസ യോഗ്യമല്ല എന്ന് രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് ഒരു വര്‍ഷത്തോളം കൊടും കാട്ടില്‍ കടുത്ത ദുരിതത്തിലായ കുടുംബങ്ങളെ ഏറെ വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷം ചോക്കാട് ജി എല്‍ പി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. നാല് മാസത്തോളമായിട്ടും സ്ഥലം നല്‍കുന്നതിനോ, വീട് വെച്ച് നല്‍കുന്നതിനോ ഇത് വരേ നടപടിയായിട്ടില്ല.
ചോക്കാട് നാല്‍പത് സെന്റ് ഗിരിജന്‍ കോളനിയില്‍ ആദിവാസി സഹകരണ സംഘത്തിന്റെ ഭൂമിയില്‍ നിന്ന് പത്ത് കുടുംബങ്ങള്‍ക്കും അര ഏക്കര്‍ വീതം ഭൂമിയും, മൂന്നര ലക്ഷം രൂപ ചിലവില്‍ ഒരോ വീടും വെച്ച് നല്‍കുമെന്നായിരുന്നു പട്ടിക വര്‍ഗ വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. മന്ത്രി എ പി അനില്‍കുമാറാണ് ഈ വാഗ്ദാനം പ്രഖ്യാപിച്ചത്. എന്നാല്‍ ഭൂരഹിതരായ കുടുംബങ്ങള്‍ കുറുമ്പി മുത്തശ്ശിയും, ചെറിയ കുറുമ്പനും, ശ്രീനിയും, ശശിയും, ചന്ദ്രനും, വിജയനും ഇവരുടെ കുടുംബങ്ങളും ഇപ്പോള്‍ തിരിച്ച് കൊടും വനത്തിലേക്ക് തന്നെ തിരിച്ച് പോന്നു. മുണ്ടക്കടവ് കോളനിയിലേക്ക് രാജേഷും കുടുംബവും, മറ്റൊരു കുടുംബം വാടക പുരയിലേക്കും താമസം മാറി.
കോളനിക്കാര്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നും കാട്ടിലേക്ക് തന്നെ മടങ്ങിയ വിവരം ഐ ടി ഡി പി അധികൃതര്‍ അറിഞ്ഞ മട്ടുപോലുംമില്ല. സ്‌കൂളില്‍ പ്രാധമിക കര്‍മ്മത്തിന് പോലും പ്രയാസത്തിലായിരുന്ന കുടുംബങ്ങള്‍ ഒരു മുറിക്കകതായിരുന്നു കഴിഞ്ഞിരുന്നത്. പത്ത് കുടുംബങ്ങള്‍ സ്‌കൂളിലെ ഒരു ക്ലാസ് മുറിയില്‍ താമസം തുടങ്ങിയതോടെ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളും അവതാളത്തിലായിരുന്നു. കോളനിക്കാരെ ഭൂരഹിത കേരളം പദ്ധതിയില്‍ പെടുത്തി സ്ഥലവും വീടും വെച്ച് നല്‍കുമെന്ന വാഗ്ദാനം ജലരേഖയിയിമാറിയിരിക്കുകയാണ്.

ALSO READ  ആര്‍ച്ച മുഖ്യമന്ത്രിക്ക് കത്തെഴുതി;  റോഡിന് പണം അനുവദിച്ച വിവരവുമായി എം എല്‍ എ വീട്ടിലെത്തി