Connect with us

Gulf

ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ അവഗണിക്കരുത്: ഖലീല്‍ ബുഖാരി

Published

|

Last Updated

കുവൈത്ത് സിറ്റി: മാനസിക ശാരീരിക വൈകല്യങ്ങള്‍ നേരിടുന്ന കുട്ടികളെ സമൂഹം അവഗണിക്കരുതെന്നും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നുമുള്ള സ്‌നേഹവും സന്തോഷവുമാണ് അത്തരം കുട്ടികള്‍ ആഗ്രഹിക്കുന്നതെന്നും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും മലപ്പുറം മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി പ്രസ്താവിച്ചു. ഐ.സി. എഫ് കുവൈത്ത് നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇത്തരം കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു പോലും വേണ്ടത്ര പരിഗണന ലഭിക്കാറില്ല. യു.കെ പോലുയുള്ള രാഷ്ട്രങ്ങളില്‍ ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ക്ക് ജനനം മുതല്‍ മരണം വരെയും അവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ വിധ പരിഗണനയും നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന മഅ്ദിന്‍ അക്കാദമിയില്‍ ഇത്തരം കുട്ടികള്‍ക്കുള്ള പ്രത്യേക സ്ഥാപനം 12 വര്‍ഷക്കാലമായി ഭംഗിയായി നടക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. യു.കെ. സ്‌പെയിന്‍, ഇന്തോനേഷ്യ, ആസ്‌ത്രേലിയ എന്നീ വിദേശരാജ്യങ്ങളിലെ വ്യത്യസ്ത സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ടാണ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും മഅ്ദിനില്‍ നടക്കുന്നത്. പ്രസ്തുത രാജ്യങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുങ്ങി വരുന്നുണ്ടെന്നും ഖലീല്‍ ബുഖാരി അറിയിച്ചു.
സാല്‍മിയ പി.ഇ.ഡി ഹാളില്‍ നടന്ന സമ്മേളനം നാഷനല്‍ പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമിയുടെ അധ്യക്ഷതയില്‍ കാവനൂര്‍ അഹ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടരിഅലവി സഖാഫി തെഞ്ചേരി സ്വാഗതവും അഡ്വക്കറ്റ് തന്‍വീര്‍ നന്ദിയും പറഞ്ഞു. സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി ആശംസ അര്‍പ്പിച്ചു.
കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥിയായി ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ സയ്യിദ് ഖലീല്‍ ബുഖാരിക്ക്, നേരത്തെ ഐ.സി.എഫ് ഫര്‍വാനിയ സെന്‍ട്രല്‍ കമ്മിറ്റി നാഷനല്‍ കമ്മിറ്റി ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കി.

 

Latest