Connect with us

Malappuram

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം: ജീവനക്കാരെ നിലനിര്‍ത്തണമെന്ന് വികസന സമിതി

Published

|

Last Updated

മലപ്പുറം: ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍ ആര്‍ എച്ച് എം) മുഖേന ജില്ലയില്‍ നിയമിച്ച ഡോക്റ്റര്‍മാരെയും മറ്റ് ജീവനക്കാരേയും പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി ഉബൈദുള്ള എം എല്‍ എയാണ് ഇത് സംബന്ധിച്ച പ്രമേയം അവതിരിപ്പിച്ചത്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തത്തെ ബാധിക്കുകയും പാവപ്പെട്ട രോഗികള്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന തീരുമാനം പിന്‍വലിക്കണമെന്ന പ്രമേയം ജില്ലാ കലക്റ്റര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചു.
എം എല്‍ എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കെട്ടിട നിര്‍മാണത്തിന് അനുവദിക്കുന്ന തുക സമയബന്ധിതമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍വഹണത്തിലുള്ള തടസങ്ങള്‍ യഥാസമയം എം എല്‍ എമാരെ അറിയിക്കണമെന്നും എം ഉമ്മര്‍ എം എല്‍ എ പൊതുമരാമത്ത് കെട്ടിട വിഭാഗം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. എംഎല്‍.എ. ഫണ്ടില്‍ നിന്നും സ്‌കൂളുകള്‍ക്ക് കംപ്യൂട്ടര്‍ വാങ്ങാന്‍ തുക അനുവദിച്ച് മാസങ്ങളായ സാഹചര്യത്തില്‍ കംപ്യൂട്ടര്‍ ലഭ്യമാക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍ക്ക് നിര്‍ദേശം നല്‍കി. കമ്പ്യൂട്ടര്‍ ലഭ്യമാക്കുന്നതിന് കെല്‍ട്രോണുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്തി കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധി മുഹമ്മദ് മുസ്തഫ അറിയിച്ചു.
രണ്ട് വര്‍ഷമായിട്ടും പൂര്‍ത്തിയാവാത്ത പൊതുമരാമത്ത് കെട്ടിട വിഭാഗം പ്രവൃത്തികളുടെ പട്ടിക ലഭ്യമാക്കാന്‍ ജില്ലാ കലക്റ്റര്‍ നിര്‍ദേശിച്ചു. ഇന്ദിരാ ആവാസ് യോജന (ഐ എ വൈ.) യില്‍ ജില്ലക്ക് കൂടുതല്‍ വീടുകള്‍ അനുവദിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി കെ എ റസാക്കാണ് ഇക്കാര്യം ഉന്നയിച്ചത്. അങ്കണവാടികളില്‍ വിതരണം ചെയ്യാതെ ഭക്ഷ്യധാന്യങ്ങള്‍ കെട്ടികിടക്കുന്നുണ്ടോയെന്നും വിതരണം ചെയ്യുന്നവ ഗുണമേന്മയുള്ളതാണെന്ന് ഉറപ്പാക്കാനും ഐ സി ഡി എസ് ഓഫീസറോട് ആവശ്യപ്പെട്ടു. പഞ്ചായത്തുകളില്‍ ക്ലാര്‍ക്കുമാരുടെ ഒഴിവുകള്‍ക്ക് ആനുപാതികമായി വേണം നിയമനം നടത്താനെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്റര്‍ക്ക് നിര്‍ദേശം നല്‍കി. കലക്റ്റടറേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രതിനിധി വി എ കരീം, മന്ത്രി എ പി അനില്‍കുമാര്‍ന്റെ പ്രതിനിധി കെ സി കുഞ്ഞിമുഹമ്മദ്, മന്ത്രി മഞ്ഞളാംകുഴി അലിയുടെ പ്രതിനിധി സ്രാജൂട്ടി, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധി മുഹമ്മദ് മുസ്തഫ, എ ഡി എം. പി മുരളീധരന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എം. അബ്ദുല്ലക്കുട്ടി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി കെ ലഎ റസാഖ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ശശികുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest