Connect with us

International

റൂഹാനിയുമായി ഒബാമയുടെ ചരിത്ര സംഭാഷണം

Published

|

Last Updated

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ബരാക് ഒബാമ, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ഫോണിലൂടെ ചര്‍ച്ച നടത്തി. മൂന്ന് പതിറ്റാണ്ടുകളുടെ ഇടവേളക്ക് ശേഷം ഇതാദ്യമായാണ് ഇറാന്‍ – യു എസ് പ്രസിഡന്റുമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത്. നേരിട്ടുള്ള ചര്‍ച്ചക്ക് റൂഹാനി സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും ചര്‍ച്ചക്ക് ഒബാമ തയ്യാറായിരുന്നില്ല. അമേരിക്കയില്‍ നടന്ന യു എന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങവെ ന്യൂയോര്‍ക്കിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വൈറ്റ് ഹൗസില്‍ നിന്ന് റൂഹാനിക്ക് ഒബാമയുടെ ഫോണ്‍ വന്നത്.
റൂഹാനിയുമായി പതിനഞ്ച് മിനുട്ടോളം സംസാരിച്ചുവെന്നും ആണവോര്‍ജ വിഷയത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ധാരണയുണ്ടാക്കേണ്ടതിനെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും ഫോണ്‍ സംഭാഷണത്തിന് ശേഷം ഒബാമ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. ഈ വിഷയത്തില്‍ വ്യക്തമായ പരിഹാരം നേടാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഒബാമ ഇറാന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചത്. ആണവോര്‍ജ വിഷയവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെ കത്തുകള്‍ കൈമാറിയിരുന്നു. ഇറാന്റെ ആണവോര്‍ജവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ള്വരീഫുമായി സംഭാഷണം നടത്തിയിരുന്നു.
ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നാണ് ള്വരീഫിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്ന് ജോണ്‍ കെറി വ്യക്തമാക്കിയിരുന്നു. അടുത്ത മാസം 15നും ജനീവയില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ ആണവ പദ്ധതിക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇറാന്‍ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. നിലവിലെ സാഹചര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മറികടക്കാന്‍ യു എസിന് അനുകൂലമായ നടപടികള്‍ സ്വീകരിക്കാന്‍ ഇറാന്‍ തയ്യാറായേക്കുമെന്നാണ് അനുമാനം. അഹ്മദി നജാദിന് ശേഷം ഇറാന്‍ പ്രസിഡന്റായി അധികാരമേറ്റ ഹസന്‍ റൂഹാനി, ആണവോര്‍ജ വിഷയത്തില്‍ വ്യത്യസ്തമായ നിലപാടുമായാണ് രംഗത്തെത്തിയത്. ആണവ പദ്ധതി സംബന്ധിച്ച് പാശ്ചാത്യ ശക്തികളുമായി വ്യവസ്ഥകളില്ലാതെ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് റൂഹാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയുമായി സൂക്ഷ്മതയില്ലാത്ത ബന്ധമാണ് റൂഹാനി നടത്തുന്നതെന്നും ഇത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും ആരോപിച്ച് ഇറാന്‍ സൈന്യമായ റവല്യൂഷണറി ഗാര്‍ഡ് റൂഹാനിക്കെതിരെ ശക്തമായ പരാമര്‍ശം നടത്തിയിരുന്നു. ആഭ്യന്തരമായ നിരവധി വെല്ലുവിളികള്‍ നേരിടുന്ന റൂഹാനിക്ക് അമേരിക്കയുമായുള്ള ബന്ധം പുതിയ പ്രതിസന്ധികള്‍ ക്ഷണിച്ചുവരുത്തും.
1979ലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം വളരെ അപൂര്‍വമായിട്ടേ ഗൗരവതരമായ വിഷയങ്ങളില്‍ ഇറാനും അമേരിക്കയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ച നടത്തിയിട്ടുള്ളൂ. ആണവോര്‍ജ വിഷയവുമായി ബന്ധപ്പെട്ട് 1979ന് ശേഷം ഇതാദ്യമായാണ് ഇരുരാഷ്ട്രങ്ങളും തമ്മില്‍ ചര്‍ച്ച നടത്തുന്നത്.

Latest