റൂഹാനിക്ക് ഇറാനില്‍ പൂമാലയും ചെരിപ്പേറും

Posted on: September 29, 2013 1:18 am | Last updated: September 29, 2013 at 1:18 am

Hassan-Rouhani1ടെഹ്‌റാന്‍: ന്യൂയോര്‍ക്കിലെ യു എന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിക്ക് ‘പൂമാല’യും ചെരിപ്പേറും. യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി ഫോണ്‍ സംഭാഷണം നടത്തുകയും ആണവോര്‍ജ വിഷയത്തില്‍ മുന്‍ പ്രസിഡന്റ്മാരെ അപേക്ഷിച്ച് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുകയും ചെയ്ത റൂഹാനിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആയിരങ്ങള്‍ പ്രകടനം നടത്തി. റൂഹാനിയെ സ്വീകരിക്കാന്‍ ടെഹ്‌റാന്‍ വിമാനത്താവളത്തിലെത്തിയ ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രസിഡന്റിനെതിരെ രൂക്ഷമായ മുദ്രാവാക്യം ഉയര്‍ന്നു. പ്രതിഷേധക്കാരില്‍ ചിലര്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് നേരെ ചെരിപ്പേറും ചീമുട്ടയേറും നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആണവോര്‍ജ വിവാദത്തെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുകയും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ റൂഹാനി സ്വീകരിച്ച നിലപാടുകള്‍ ക്രിയാത്മകമാണെന്നും രാജ്യത്തിന് ഗുണകരമാണെന്നും പ്രഖ്യാപിച്ച് ഒരു വിഭാഗം രംഗത്തെത്തിയപ്പോള്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികളോട് റൂഹാനി സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്ന മുദ്രാവാക്യവുമായി മറ്റൊരു വിഭാഗവും രംഗത്തെത്തി.
റൂഹാനി സ്വീകരിച്ച നിലപാടിനെ കാബിനറ്റ് അംഗങ്ങളും പരമോന്നത സഭയുടെ വക്താക്കളും സ്വാഗതം ചെയ്തു. റൂഹാനിയുടെ യു എസ് സന്ദര്‍ശനവും യു എന്നിലെ പ്രഭാഷണവും പ്രതീക്ഷക്ക് വകനല്‍കുന്നതാണെന്ന് പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇയുടെ വക്താവ് അലി അക്ബര്‍ വിലായത്തി വ്യക്തമാക്കി.