Connect with us

International

രാജിക്ക് സന്നദ്ധമെന്ന് ടുണീഷ്യന്‍ സര്‍ക്കാര്‍

Published

|

Last Updated

ടൂണിസ്: പ്രതിപക്ഷ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ രാജിവെച്ച് തിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് ടുണീഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രതിപക്ഷ സഖ്യവുമായി നടന്ന ചര്‍ച്ചക്കൊടുവിലാണ് രാജിസന്നദ്ധത സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചത്. ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് പ്രതിപക്ഷ സഖ്യവുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു.
ദേശീയ തൊഴിലാളി സംഘടനയായ യു ജി ടി ടിയുടെ മധ്യസ്ഥതതയില്‍ ആഴ്ചകളോളമായി തുടര്‍ന്ന ചര്‍ച്ചക്ക് ശേഷമാണ് സര്‍ക്കാര്‍ രാജിസന്നദ്ധതയറിയിച്ചത്. ഇരുവിഭാഗം നേതാക്കളും തമ്മിലുള്ള ചര്‍ച്ച അടുത്തയാഴ്ച നടക്കുമെന്ന് യു ജി ടി ടിയുടെ നേതാവ് ബൗലി യംബാര്‍കി അറിയിച്ചു. പാര്‍ലിമെന്റ്, പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുന്നതിനും നടത്തുന്നതിനും പക്ഷാപാതമില്ലാത്ത ഇടക്കാല സര്‍ക്കാറിന് രൂപം നല്‍കുകയാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ പ്രക്ഷോഭം അവസാനിപ്പിച്ച് ചര്‍ച്ചക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാക്കളോട് യു ജി ടി ടി വക്താക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ അന്നഹ്ദ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറായതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാസങ്ങളോളമായി രാജ്യത്ത് നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വിജയം കണ്ടതായി പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി.
രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച പ്രക്ഷോഭം പ്രതിപക്ഷ നേതാവ് മുഹമ്മദ് ഇബ്‌റാഹീമിന്റെ കൊലപാതകത്തെ തുടര്‍ന്ന് കൂടതല്‍ രൂക്ഷമാകുകയായിരുന്നു. അന്നഹ്ദയുമായി ബന്ധമുള്ള സായുധ സംഘമാണ് ഇബ്‌റാഹീമിന്റെ വധത്തിന് പിന്നിലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.