Connect with us

Gulf

സൈക്കിള്‍ യാത്രക്കാര്‍ റോഡപകടങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന്‌

Published

|

Last Updated

ഷാര്‍ജ: തിരക്കേറിയ റോഡുകളില്‍ അലക്ഷ്യമായി സൈക്കിള്‍ ഓടിക്കുന്നവര്‍ റോഡപകടങ്ങള്‍ക്ക് ഇടയാക്കുന്നതായി വാഹനം ഓടിക്കുന്നവര്‍ പരാതിപ്പെടുന്നു.
വാഹനങ്ങള്‍ സഞ്ചരിക്കുന്നതിന് എതിര്‍ ദിശയില്‍ സൈക്കിള്‍ ഓടിക്കുന്നതും സൈക്കിള്‍ ഓടിക്കവേ ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കാതെ മൊബൈലില്‍ സംസാരിച്ച് നീങ്ങുന്നതുമെല്ലാമാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് ഷാര്‍ജയില്‍ താമസിക്കുന്ന കാര്‍ ഡ്രൈവറായ മുഹമ്മദ് കബീര്‍ വ്യക്തമാക്കി.
രണ്ടാഴ്ച മുമ്പ് റോഡ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി മൊബൈലില്‍ സംസാരിച്ച് എതിര്‍ ദിശയില്‍ നീങ്ങിയ സൈക്കിള്‍ സവാരിക്കാരന്‍ കാറിന് മുമ്പിലേക്ക് പെട്ടെന്ന് വരികയും ഭാഗ്യത്തിന് കാര്‍ നിര്‍ത്താന്‍ സാധിച്ചതിനാല്‍ അപകടം തലനാരിഴക്ക് ഒഴിവാകുകയായിരുന്നുവെന്നും ഇദ്ദേഹം വിശദീകരിച്ചു. ഷാര്‍ജയിലെ അല്‍ സുവൈഹന്‍ മേഖലയിലായിരുന്നു സംഭവം.
എമിറേറ്റ്‌സ് റോഡ് ഉള്‍പ്പെടെയുള്ളവയില്‍ സൈക്കിളുകള്‍ പ്രവേശിക്കരുതെന്ന് ഏതാനും ദിവസം മുമ്പ് ദുബൈ പോലീസ് വ്യക്തമാക്കിയിരുന്നു. സൈക്കിളിനായി പ്രത്യേക ട്രാക്കില്ലാത്ത തിരക്കുപിടിച്ച റോഡുകളില്‍ സൈക്കിളുമായി പ്രവേശിക്കുന്നത് ആത്മഹത്യാപരമായ നടപടിയാണെന്നും ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും പൊതുജനം വിട്ടുനില്‍ക്കണമെന്നുമായിരുന്നു ദുബൈ പോലീസിന്റെ ഗതാഗത വിഭാഗം അഭ്യര്‍ഥിച്ചിരുന്നത്. കഴിഞ്ഞ മാസം പ്രഭാത സവാരിക്കിറങ്ങിയ സുപ്രസിദ്ധ സൈക്കിള്‍ താരം റോയ് നാസര്‍ കാറിടിച്ച് മരിച്ചിരുന്നു. നഗരത്തെ നടുക്കിയ ഈ സംഭവത്തിന് ശേഷമായിരുന്നു ദുബൈ പോലീസ് അഭ്യര്‍ഥനയുമായി രംഗത്ത് വന്നത്.
ഷാര്‍ജയില്‍ പലയിടങ്ങളിലും റോഡ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി സൈക്കിള്‍ ഓടിക്കുന്ന പ്രവണത വര്‍ധിക്കുന്നതായാണ് വാഹനം ഓടിക്കുന്നവരുടെ പരാതി. പലപ്പോഴും ആരുടെയെല്ലാമോ ഭാഗ്യത്തിനാണ് അപകടം വഴിമാറിപോകുന്നതെന്ന് ദുബൈ-ഷാര്‍ജ റൂട്ടില്‍ പതിവായി കാറുമായി സഞ്ചരിക്കുന്ന വി സി കൃഷ്ണദാസും വ്യക്തമാക്കി. റോഡപകങ്ങളുടെ വര്‍ധന തടയാന്‍ കാല്‍നട യാത്രക്കാരും സൈക്കിള്‍ സവാരിക്കാരും ഡ്രൈവര്‍മാര്‍ക്കൊപ്പം ജാഗ്രത പുലര്‍ത്തണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

Latest