Connect with us

Gulf

ഗള്‍ഫ് മലയാളികളെ നാട്ടുകാര്‍ വിലയിരുത്തുന്ന വിധം

Published

|

Last Updated

ഇക്കഴിഞ്ഞ ദിവസം, ഒരു ചാനല്‍ ചര്‍ച്ചയില്‍ അവതാരകന്റെ ചോദ്യം: ഗള്‍ഫില്‍ പോയി രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് കോടികളുടെ സമ്പാദ്യവുമായി ആളുകള്‍ തിരിച്ചെത്തുന്നത് എങ്ങിനെയാണ്?
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തു കേസിലാണ് ചര്‍ച്ച. വിവേകമതിയായ രാഷ്ട്രീയ നേതാവ് മറുപടി പറഞ്ഞു: ഗള്‍ഫിലെത്തി സമ്പാദിക്കുന്നവരെ മുഴുവന്‍ ആക്ഷേപിക്കേണ്ടതില്ല. ശരിയായ വഴികളിലൂടെ നേട്ടങ്ങള്‍ കൊയ്യുന്നവരാണ് അധികവും. കൂട്ടത്തില്‍ ഫായിസിനെപ്പോലുള്ളവരും കാണും.
നാട്ടിലെ പൊതുവികാരമാണ് അവതാരകന്‍ ചോദ്യത്തിലൂടെ ഉന്നയിച്ചത്. നാലാം ക്ലാസ് വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്തവര്‍ ഒരു സുപ്രഭാതത്തില്‍ കോടീശ്വരനായി നാട്ടില്‍ അവതരിക്കുന്നു. ഗള്‍ഫിലെ സാധ്യതകളുടെ കൂറ്റന്‍ കഥകള്‍ പറഞ്ഞു ഫലിപ്പിക്കുന്നു. യാഥാര്‍ഥ്യമെന്തെന്ന് അന്വേഷിക്കാന്‍ പലരും മെനക്കെടുന്നില്ല. സ്വാഭാവികമായും അത്ഭുതപരിവേഷമണിഞ്ഞ് അത്തരമാളുകള്‍ നാട്ടില്‍ വിലസും. ചൂഷണം അവിടെയും തുടരും.
യാഥാര്‍ഥ്യമെന്തെന്ന് ഗള്‍ഫിലുള്ളവര്‍ക്ക് നന്നായറിയാം. ഗള്‍ഫില്‍ അധ്വാനിച്ച്, സമ്പന്നരായവര്‍ കുറച്ചു പേരെയുള്ളൂ. അവരുടെ കഥകള്‍ കേള്‍ക്കാനാണ് നാട്ടുകാര്‍ക്ക് തല്‍പര്യം. ഒരു പുരുഷായുസ് മുഴുവന്‍ എല്ല് മുറിയെ പണിയെടുത്ത് വീടുപോലും നിര്‍മിക്കാന്‍ കഴിയാത്തവരാണ് മഹാഭൂരിപക്ഷം. അവരെ കുറിച്ച് ആരും ചോദിച്ചറിയുന്നില്ല. ചര്‍ച്ചയില്ല.
ഫായിസ്, വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പലരില്‍ നിന്നും നിക്ഷേപം സ്വീകരിച്ച്, പണം ധൂര്‍ത്തടിക്കുന്ന ആളാണെന്ന് പരിചയമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ആഡംബര വാഹനങ്ങള്‍, സിനിമാ നടിമാരുമായി സൗഹൃദം ഇവയൊക്കെ തരാതരം പോലെ ഉപയോഗിച്ചു. കൂട്ടത്തില്‍ കള്ളക്കടത്ത് നടത്തി.
ശരാശരി ഗള്‍ഫുകാരന്റെ ജീവിതം ഇതല്ല; ഇതിന്റെ ഏഴയലത്തു പോലും എത്തില്ല.
അവര്‍, ലേബര്‍ ക്യാമ്പുകളിലെ ഇരട്ടക്കട്ടിലിനു താഴെയോ മേലെയോ കിടന്നും പൊരിവെയിലില്‍ അധ്വാനിച്ചും മാസവരുമാനത്തിലെ വലിയൊരു ഭാഗം വാടക കൊടുത്തും വര്‍ഷങ്ങള്‍ തള്ളി നീക്കുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്ക് പോകുന്നു. തിരിച്ചു വരുമ്പോള്‍ കടബാധ്യതകളുടെ മാറാപ്പ്.

ഈയിടെ ഷാര്‍ജയില്‍ ഒരാള്‍ മരിച്ചപ്പോഴാണ്, അറിയുന്നത്; 35 വര്‍ഷത്തോളം അയാള്‍ നാട് കണ്ടിട്ടില്ല. ഒരു ചെറിയ റസ്‌റ്റോറന്റ് നടത്തുകയായിരുന്നു. ഭക്ഷണം ഉണ്ടാക്കുന്നതും വിളമ്പുന്നതും പണം വാങ്ങുന്നതും അയാള്‍ തന്നെ. നാട്ടില്‍ പോകണമെങ്കില്‍ റസ്‌റ്റോറന്റ് അടച്ചുപൂട്ടണം. മാത്രമല്ല, നാട്ടിലെ കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ കാണണം. അതിനൊന്നും വയ്യാത്തതുകൊണ്ടാകാം നാട്ടില്‍ പോയില്ല. പലരും നിര്‍ബന്ധിച്ചിട്ടും നാട്ടില്‍ പോകാന്‍ കൂട്ടാക്കിയില്ല. ഉള്ളില്‍ ഭയം നിറഞ്ഞിരിക്കണം. നാട്ടില്‍ പോയാല്‍, റസ്‌റ്റോറന്റ് നഷ്ടപ്പെട്ടാല്‍ തെരുവില്‍ തെണ്ടി നടക്കേണ്ടി വന്നാലോ?
മറ്റൊരാള്‍, ഒരു സലൂണ്‍ ജീവനക്കാരനാണ്. ദേരയിലെ സലൂണിലും തൊട്ടടുത്ത ബാച്ചിലര്‍ മുറിയിലുമായി 15 വര്‍ഷം ജീവിതം തളച്ചിട്ടു. ഇയാള്‍ വല്ലപ്പോഴുമാണ് നാട്ടിലേക്ക് പോയത്. ദുബൈ നഗരത്തിന്റെ പകിട്ടുകളൊന്നും അയാള്‍ കണ്ടിട്ടില്ല. മെട്രോ ട്രെയിനില്‍ കയറിയിട്ടില്ല. ലോകത്തിലെ ഏറ്റവും ഉയരും കൂടിയ കെട്ടിടം ബുര്‍ജ് ഖലീഫ ദൂരത്തു നിന്നു പോലും കാണാന്‍ കഴിഞ്ഞിട്ടില്ല. നാട്ടിലെത്തിയാല്‍ ഇവരൊക്കെ ഗള്‍ഫുകാരാണ്. ഫായിസിനെയും റഹീമിനെയും (പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ പ്രതി) നോക്കുന്ന അതേ കണ്ണോടെ സലൂണ്‍ ജീവനക്കാരനെയും അളന്നു മുറിക്കും. മരുഭൂമിയിലെ തണുപ്പും ചൂടും തകര്‍ത്ത ശരീരത്തിലെ വടുക്കള്‍ പോലും ആരുടെയും കണ്ണില്‍പ്പെടില്ല.
സമ്പത്തിന്റെ കൊടുമുടി കയറിയവരിലും ഭൂരിപക്ഷം, യാത്രാവഴികളിലെ കല്ലുംമുള്ളും താണ്ടിയവരാണ്. വാണിജ്യ സ്ഥപനങ്ങള്‍ കെട്ടിപ്പൊക്കാന്‍ അവര്‍ എത്രയോ രാത്രികള്‍ ഉറക്കമിളച്ച് അധ്വാനിച്ചിരിക്കും. അസാധാരണ ഇച്ഛാശക്തി കൊണ്ട് പ്രതിസന്ധികളെ തട്ടിമാറ്റിയിരിക്കും. ചിലപ്പോള്‍, ജീവന്‍ തന്നെ പണയപ്പെടുത്തിയായിരിക്കും സാധ്യതകളുടെ കടലില്‍ നങ്കൂരമിട്ടിരിക്കുക.
ഏതാണ്ട്, 40 വര്‍ഷം മുമ്പാണ് മലയാളികള്‍ ഗള്‍ഫില്‍ വന്‍തോതില്‍ എത്തിപ്പെട്ടു തുടങ്ങിയത്. ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളില്‍ നിന്ന് നൗകകളില്‍ കയറിയാണ് പലരുടെയും ആദ്യ യാത്ര. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്രക്കിടയില്‍ കടലില്‍ അല്ലെങ്കില്‍ മരണത്തെ മുഖാമുഖം കണ്ടവരുണ്ട്. അവര്‍, ഏതെങ്കിലും പട്ടണത്തില്‍ എത്തിപ്പെടുന്നത് ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ തുരുമ്പിച്ച വാഹനത്തിലാണ്. സ്വദേശികളുടെ കാരുണ്യം കൊണ്ട്, ചിലര്‍ വീട്ടുജോലിക്കാരായി. മറ്റു ചിലര്‍ വാണിജ്യ സംരംഭങ്ങളിലേര്‍പ്പെട്ടു. നഗരത്തിന്റെ വളര്‍ച്ചക്കൊപ്പം ചിലര്‍ക്ക് പുതിയ മേഖലകള്‍ വെട്ടിപ്പിടിക്കാന്‍ കഴിഞ്ഞു. അവരാണ് നാട്ടില്‍ തരക്കേടില്ലാത്ത കെട്ടിടങ്ങള്‍ പണിതത്.
എല്ലാ നഗരങ്ങള്‍ക്കും ഇരുണ്ട ഭാഗങ്ങളുണ്ടാകുമല്ലോ? അതിനെ ദുരുപയോഗം ചെയ്തവരും കൂട്ടത്തില്‍ കാണും. അവര്‍ വഞ്ചിച്ചും മോഷ്ടിച്ചും കുറച്ചധികം കൈക്കലാക്കിയിട്ടുണ്ടാകാം. എന്നാല്‍, അതിന് ശാശ്വത സ്വഭാവമില്ല. അസത്യത്തെ, തട്ടിപ്പിനെ എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും ഒരിക്കല്‍ പുറത്തു ചാടും. നന്മയുടെ വഴികള്‍ക്കു മാത്രമേ നിലനില്‍പ്പുള്ളൂ.
പുതിയകാലത്ത്, പല തരത്തില്‍ പണം കൈയില്‍ വന്നുപെടാം. അതില്‍ ചതിക്കുഴികള്‍ മണത്താല്‍, ഉപേക്ഷിക്കുകയാണ് നല്ലത്. നെടുമ്പാശ്ശേരിയില്‍ പിടിയിലായ രണ്ടു സ്ത്രീകള്‍ക്ക് 1,000 ദിര്‍ഹം വീതമാണത്രെ പ്രതിഫലം ലഭിച്ചത്. പത്ത് കിലോ സ്വര്‍ണം കടത്തുന്നതിനാണിത്. ഇക്കാലത്ത് തുച്ഛമായ തുക. ഏതാനും പച്ച നോട്ടുകളുടെ പ്രലോഭനത്തില്‍ അവര്‍ എളുപ്പം വീണു. ജീവിതം മുഴുവന്‍ അവര്‍ക്ക് ഹോമിക്കേണ്ടി വന്നു. ഇതൊക്കെ വായിക്കുമ്പോള്‍, നമ്മില്‍ രോഷവും സഹതാപവും ഉണരണം. ഗള്‍ഫ് മലയാളികള്‍ ഇങ്ങിനെയാകാന്‍ പാടില്ലാത്തതാണ്. നേരത്തെ പറഞ്ഞ റസ്റ്റോറന്റുകാരനും സലൂണ്‍ ജീവനക്കാരനും ഒന്നും നേടിയിട്ടില്ലെങ്കിലും ഗള്‍ഫ് മലയാളികള്‍ക്ക് അപമാനമായില്ല.

Latest