അടുത്ത വര്‍ഷം മുതല്‍ ഇ സിഗ്നേച്ചര്‍ പ്രാബല്യത്തില്‍

Posted on: September 27, 2013 7:58 pm | Last updated: September 27, 2013 at 7:58 pm

അബുദാബി: രാജ്യത്ത് അടുത്ത വര്‍ഷം മുതല്‍ ഇലക്ട്രോണിക് സിഗ്നേച്ചര്‍ പ്രാബല്യത്തില്‍ വരുമെന്ന് എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി. രാജ്യത്തെ സര്‍ക്കാര്‍ സേവനങ്ങള്‍ മുഴുവനും ഇലക്ട്രോണിക് വത്കരിക്കുന്നതിന്റെ ഭാഗമായാണിത്.
സര്‍ക്കാര്‍-സര്‍ക്കാരേതര മേഖലയിലെ മുഴുവന്‍ അപേക്ഷകളുടെയും അവയുടെ തുടര്‍ നടപടികളുടെയും പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പുതിയ ഇ സിഗ്നേച്ചര്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഐ ഡി അതോറിറ്റിയുമായി ബന്ധപ്പെട്ട 20 അപേക്ഷകള്‍ ഈ വര്‍ഷാവസാനത്തോടെ പൂര്‍ണമായും സ്മാര്‍ട്ട് ഫോണ്‍ വഴിയാക്കും.
രാജ്യത്തെ ബേങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട വകുപ്പുകളുമായി സ്മാര്‍ട്ട് ബേങ്കിംഗ് വ്യാപകമാക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ബേങ്കുകളില്‍ രേഖയായി ഉപയോഗിച്ചുവരുന്ന വിവിധ കാര്‍ഡുകളുടെ സ്ഥാനത്ത് എമിറേറ്റ്‌സ് ഐ ഡി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ച നടക്കുന്നു. എമിറേറ്റ്‌സ് സെന്‍ട്രല്‍ ബേങ്കുമായാണ് പ്രധാനമായും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഐ ഡി അതോറിറ്റി കേന്ദ്രങ്ങള്‍ അറിയിച്ചു. ലേബര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങി വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിവിധ കാര്‍ഡുകള്‍ അടുത്ത വര്‍ഷം മുതല്‍ ഏകീകരിക്കാന്‍ പദ്ധതിയുണ്ട്. ലേബര്‍ കാര്‍ഡിന്റെയും ലൈസന്‍സിന്റെയും വിവരങ്ങള്‍ ഐഡിയില്‍ ചേര്‍ക്കുകയും ഏത് വകുപ്പിലുള്ള ഉദ്യോഗസ്ഥര്‍ക്കും ഐഡിയിലുള്ള ഡാറ്റകളിലേക്ക് പ്രവേശിക്കാനുള്ള സൗകര്യമൊരുക്കുകയും ചെയ്യും.
ഇതുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട അഞ്ച് സര്‍ക്കാര്‍ വകുപ്പുകളുമായി ഇലക്ട്രോണിക് ലിങ്ക് സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഈ വര്‍ഷാവസാനം തന്നെ ഇത് പൂര്‍ത്തിയാകുമെന്നും എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. എഞ്ചി. അലി മുഹമ്മദ് അല്‍ ഖൂരി അറിയിച്ചു.
അടുത്ത വര്‍ഷത്തോടെ ഒമ്പത് സര്‍ക്കാര്‍ വകുപ്പുകളുമായുള്ള ഇലക്ട്രോണിക് ബന്ധങ്ങള്‍ കൂടി പൂര്‍ത്തിയാകും. ഡ്രൈവിംഗ് ലൈസന്‍സുള്‍പ്പെടെയുള്ള മറ്റു കാര്‍ഡുകളുടെ വിവരങ്ങള്‍ ചേര്‍ത്ത് ഈ കാലയളവില്‍ എമിറേറ്റ്‌സ് ഐ ഡി ഏകീകൃത കാര്‍ഡെന്ന സ്വഭാവത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.