സുബ്രതോ മുഖര്‍ജി കപ്പ്: കേരളം ഇന്നിറങ്ങുന്നു

Posted on: September 27, 2013 6:29 am | Last updated: September 27, 2013 at 8:30 am

അരീക്കോട്: സുബ്രതോമുഖര്‍ജി കപ്പ് അന്താരാഷ്ട്ര സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യമത്സരത്തില്‍ കേരളം ഇന്ന് മണിപ്പൂരിനെ നേരിടും. ഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30 ന് ആണ് മത്സരം. അണ്ടര്‍ 14 വിഭാഗത്തില്‍ നിലവിലെ സെമിഫൈനലിസ്റ്റാണ് മണിപ്പൂര്‍. വന്‍ താരനിരയുമായാണ് കളത്തിലിറങ്ങുന്നത്. കേരളത്തിനു വേണ്ടി മലപ്പുറം എംഎസ്പി സ്‌കൂള്‍ ടീമാണ് ബൂട്ടണിയുന്നത്. സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് എറണാകുളത്തെയും അന്താരാഷ്ട്ര മത്സരപരിചയമുള്ള സെപ്റ്റ് ടീമിനെ അണിനിരത്തിയ ഫറൂഖ് കോളേജ് എച്ച്എസ്എസിനെയും തോല്‍പ്പിച്ചാണ് എംഎസ്പി ടീം യോഗ്യത നേടിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് സുബ്രതോകപ്പ്.

മികച്ച മധ്യനിരയാണ് എംഎസ്പി ടീമിന്റെ കരുത്തെന്നും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെച്ചാല്‍ വിജയം ഉറപ്പാണെന്നും കോച്ച് സി ഷിന്‍ജിത് സിറാജിനോടു പറഞ്ഞു.28 ന് ഗുജറാത്തുമായും 29 ന് മധ്യപ്രദേശുമായാണ് കേരളത്തിന്റെ മത്സരം. ഒക്‌ടോബര്‍ ഒന്നിനാണ് ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ടീം: അര്‍ജുന്‍, അഭിഷേഖ്, ദിപിന്‍ബാബു, ജിബിന്‍രാജ്, അമല്‍ഹമീദ്, അശ്വിന്‍, വിജേഷ്, ജിഫ്രി, ഷഫീഖ്, ദീപന്‍രാജ്, സുബീഷ്, ഋത്വിക് കൃഷ്ണ, ജിനീഷ്ബാബു, അഖില്‍, രാജില്‍: ഒഫീഷ്യല്‍സ്: ഷിന്‍ജിത്, സന്തോഷ്, ഷുഹൈബ്.