Connect with us

Ongoing News

ലിവര്‍പൂളിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

Published

|

Last Updated

ലണ്ടന്‍: കാപിറ്റല്‍ വണ്‍ കപ്പി (ലീഗ് കപ്പ്) ന്റെ മൂന്നാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് ലിവര്‍പൂളിനെ കീഴടക്കി. ആഴ്‌സണല്‍ ഷൂട്ടൗട്ടില്‍ (4-3) വെസ്റ്റ് ബ്രോമിനെയും ന്യൂകാസില്‍ 2-0ന് ലീഡ്‌സ് യുനൈറ്റഡിനെയും ബിമിംഗ്ഹാം 3-1ന് സ്വാന്‍സിയ സിറ്റിയെയും തോല്‍പ്പിച്ചു.
നാലാം റൗണ്ടില്‍ ആഴ്‌സണല്‍-ചെല്‍സി, ന്യൂകാസില്‍-മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ മത്സരങ്ങള്‍ക്ക് വഴിയൊരുങ്ങി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നോര്‍വിചാണ് എതിരാളി. ബിമിംഗ്ഹാം – സ്റ്റോക്, ലീസെസ്റ്റര്‍-ഫുള്‍ഹാം, സണ്ടര്‍ലാന്‍ഡ്-സതംപ്ടണ്‍, ടോട്ടനം ഹോസ്പര്‍ – ഹള്‍ സിറ്റി, ബണ്‍ലി- വെസ്റ്റ് ഹാം എന്നിങ്ങനെയാണ് നാലാം റൗണ്ട് പോരാട്ടങ്ങള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് 4-1ന് തകര്‍ന്നതിന്റെ നാണക്കേടും പേറിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഹോംഗ്രൗണ്ടില്‍ ലിവര്‍പൂളിനെ നേരിട്ടത്. ജയത്തില്‍ കുറഞ്ഞതൊന്നും കോച്ച് ഡേവിഡ് മോയസിന് ഭൂഷണമാകുമായിരുന്നില്ല. മെക്‌സിക്കന്‍ സ്‌ട്രൈക്കര്‍ ജാവിയര്‍ ഹെര്‍നാണ്ടസിന്റെ ഗോളില്‍ യുനൈറ്റഡ് അനിവാര്യമായ ജയം പിടിച്ചെടുത്തു.
പരുക്കേറ്റ ഡച്ച് സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍ പഴ്‌സിയെ കൂടാതെയാണ് മോയസ് ടീമിനെ ഇറക്കിയത്. ഫസ്റ്റ് ടീമിലെയും രണ്ടാം നിരയിലെയും താരങ്ങളുടെ മിശ്രിതമായിരുന്നു മോയസ് പരീക്ഷിച്ചത്. നാനി, ഷിന്‍ജി കഗാവ, അലക്‌സാണ്ടര്‍ ബട്‌നര്‍, ജോണി ഇവാന്‍സ് എന്നിവര്‍ ആദ്യ ലൈനപ്പില്‍ ഉള്‍പ്പെട്ടു. ലിവര്‍പൂള്‍ കോച്ച് റോഡ്‌ജേഴ്‌സിന് സൂപ്പര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ തിരിച്ചുവരവ് മുതലെടുക്കാന്‍ സാധിച്ചില്ല. യുനൈറ്റഡിന്റെ ഗോള്‍മുഖത്ത് പലതവണ അപകടം വിതച്ചെങ്കിലും ഒന്നും തന്നെ ലക്ഷ്യംകണ്ടില്ല.
വെയിന്‍ റൂണിയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടാണ് മോയസ് ലിവര്‍പൂളിനെ നേരിട്ടത്. ലീഗ് കപ്പിലെ വിജയത്തോടെ മോയസ് ആത്മവിശ്വാസം വീണ്ടെടുത്തു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകരില്‍ ഏറ്റവും മികച്ച തുടക്കമിടാന്‍ മോയസിന് സാധിച്ചു. 1945 ല്‍ മാറ്റ് ബസ്ബിക്ക് ശേഷം മികച്ച വിജയങ്ങളോടെ സീസണ്‍ തുടങ്ങാനായത് മോയസിന് മാത്രം. അലക്‌സ് ഫെര്‍ഗൂസന് പോലും ഇത്ര മികച്ച തുടക്കം ലഭിച്ചിരുന്നില്ല.
ലിവര്‍പൂളിനെതിരെ ആക്രമിച്ചു കളിച്ച മാഞ്ചസ്റ്റര്‍ ആദ്യ മിനുട്ടുകളില്‍ ബോള്‍ പൊസഷന്‍ സ്വന്തമാക്കി. എന്നാല്‍, ലൂയിസ് സുവാരസിന്റെ തകര്‍പ്പന്‍ ഷോട്ടിലൂടെ ലിവര്‍പൂള്‍ മത്സരത്തിലേക്ക് തിരിച്ചെത്തി.
ഇടത് വിംഗില്‍ നിന്ന് എന്റികെ തൊടുത്ത ലോംഗ് പാസ് സുവാരസ് പിടിച്ചെടുത്തതോടെ യുനൈറ്റഡ് പ്രതിരോധം ഉലഞ്ഞു. പക്ഷേ, ഗോളി ഡേവിഡ് ഗിയയെ മറികടക്കാന്‍ ഉറുഗ്വെ സ്‌ട്രൈക്കര്‍ക്ക്‌സാധിച്ചില്ല. റൂണി ഡാനിയല്‍ സ്റ്ററിഡ്ജിനും ഹെര്‍നാണ്ടസിനുമൊപ്പം ഗോള്‍ അന്വേഷിച്ച് മികച്ച നീക്കങ്ങള്‍ നടത്തി.
ആഴ്‌സണല്‍ 1-1ന് വെസ്റ്റ് ബ്രോംവിച് ആല്‍ബിയനുമായി സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടത്. ഷൂട്ടൗട്ടില്‍ 3-1ന് പിറകിലായ ആഴ്‌സണലിന് രക്ഷയായത് എതിരാളികള്‍ തുടരെ രണ്ട് കിക്കുകള്‍ പാഴാക്കിയത്. മെസുറ്റ് ഒസില്‍, ജാക് വില്‍ഷര്‍, ആരോന്‍ റാംസി എന്നീ മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗര്‍ തന്റെ കൈയ്യിലെ പഴയ ആയുധം നികോളാസ് ബെന്റ്‌നറെ കളത്തിലിറക്കി. 25 മാസങ്ങള്‍ക്ക് ശേഷമാണ് ഡെന്‍മാര്‍ക്ക് സ്‌ട്രൈക്കര്‍ ആഴ്‌സണലിനായി കളിക്കാനിറങ്ങുന്നത്.
ലോണില്‍ വിവിധ ക്ലബ്ബുകളില്‍ കളിച്ച ബെന്റ്‌നറുടെ തിരിച്ചുവരവ് മികച്ചതായിരുന്നു. ആഴ്‌സണലിന് സീസണില്‍ മുതല്‍ക്കൂട്ടായി മാറുമെന്ന സൂചനയാണ് ബെന്റ്‌നര്‍ നല്‍കിയത്.

---- facebook comment plugin here -----

Latest