വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി ധനസഹായം അനുവദിച്ചു

Posted on: September 27, 2013 6:00 am | Last updated: September 27, 2013 at 8:25 am

പാലക്കാട്: ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്റെ ചേമ്പറില്‍ നടന്ന മുഖ്യമന്ത്രിയുടെ സുതാര്യകേരളം വീഡിയോ കോണ്‍ഫറന്‍സില്‍ രണ്ട് അപേക്ഷകള്‍ പരിഗണിച്ച് മുഖ്യമന്ത്രി പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ഒന്നര വയസില്‍ ശരീരത്തില്‍ ആസിഡ് പതിച്ച് പൊളളലേറ്റ് ഏഴ് വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന അല്‍ഫോന്‍സ എന്ന കുട്ടിയുടെ പ്ലാസ്റ്റിക് സര്‍ജറിക്കും മറ്റ് ചെലവുകള്‍ക്കുമായി ഒരു ലക്ഷം രൂപ അനുവദിച്ചു. ഇതില്‍ 50,000 രൂപ സര്‍ജറിക്കും ബാക്കിയുളളത് അനുബന്ധ ചെലവുകള്‍ക്കുമായിരിക്കും.
ആസിഡ് വീണതുമായി ബന്ധപ്പെട്ട് കോടതിയില്‍ നിലവിലുളള പരാതിയിന്മേല്‍ ആവശ്യമായ നിയമസഹായം നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ബസപകടത്തില്‍ പരിക്കേറ്റ് കൈ മുറിഞ്ഞുപോയ ദിവ്യ എന്ന കുട്ടിയുടെ വിദ്യാഭ്യാസ വായ്പ എഴുതി തളളണമെന്ന് അപേക്ഷയില്‍ വായ്പ നല്‍കിയ മണ്ണാര്‍ക്കാട് കാര്‍ഷിക ഗ്രാമവികസന ബാങ്കിനോട് പരമാവധി തുക എഴുതിത്തളളാന്‍ നിര്‍ദ്ദേശം നല്‍കി. ബാക്കിയുളള തുക ബാങ്കിന്റെ സംസ്ഥാന ഘടകവുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
കൈയ്ക്ക് സ്വാധീനം നഷ്ടപ്പെട്ട ദിവ്യയുടെ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് ബി പി എല്‍ ആക്കി മാറ്റി നല്‍കി.
കലക്ടറേറ്റ് ചേമ്പറില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ കലക്ടര്‍ കെ രാമചന്ദ്രന്‍, എ ഡി എം കെ ഗണേശന്‍ എന്നിവര്‍ പങ്കെടുത്തു.