മെഡല്‍ നേടിക്കൊടുത്ത കായികതാരങ്ങള്‍ക്ക് ജന്മനാട്ടില്‍ സ്വീകരണം

Posted on: September 27, 2013 6:22 am | Last updated: September 27, 2013 at 8:23 am

പാലക്കാട്:ഏഷ്യന്‍ സ്‌കൂള്‍ ഗെയിംസില്‍ മെഡല്‍നേട്ടവുമായെത്തിയ കായികതാരങ്ങള്‍ക്ക് പാലക്കാട് ഉജ്ജ്വല സ്വീകരണം നല്‍കി.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും വിദ്യാഭ്യാസവകുപ്പും ജില്ലാ‘ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണത്തില്‍ അഭിവാദ്യവുമായി നൂറുകണക്കിന് യുവജനസംഘടനാ പ്രവര്‍ത്തകരും എത്തിയിരുന്നു.
പ്രഥമ ഏഷ്യന്‍ സ്‌ക്കൂള്‍ ഗെയിംസില്‍ ഇന്ത്യക്ക് കൂടുതല്‍ സ്വര്‍ണ്ണമെഡലുകള്‍ സമ്മാനിച്ച പാലക്കാടിന്റെ കായികതാരങ്ങളായ പി യു ചിത്ര, മുഹമ്മദ് അഫ്‌സല്‍, അബ്ദുള്ള അബൂബക്കര്‍, വി വി ജിഷ, സി ബബിത എന്നിവരുമായി ആഹ്ലാദത്തിന്റെ ചൂളംവിളിച്ചെത്തിയ കേരള എക്‌സ്പ്രസ് രാവിലെ ഒലവക്കോട് റെയില്‍വേസ്‌റ്റേഷനില്‍ വന്നു നിന്നപ്പോള്‍ ഇവരെ സ്വീകരിക്കാന്‍ ജില്ലാകലക്ടറും എം എല്‍ എമാരായ കെ വി ിജയദാസ്, ഷാഫി പറമ്പില്‍ എന്നിവരുള്‍പ്പടെ നൂറുകണക്കിന് പേരാണുണ്ടായിരുന്നത്.
രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ കായികതാരങ്ങള്‍ക്ക് അഭിവാദ്യവുമായി ഡി വൈ എഫ് ഐ, യൂത്ത്‌കോണ്‍ഗ്രസ്, എ ഐ വൈ എഫ് തുടങ്ങിയ യുവജന സംഘടനകളിലെ നൂറുകണക്കിന് പ്രവര്‍ത്തകരെത്തിയത് സ്വീകരണം ആവേശമാക്കി. ചടങ്ങില്‍ പരിശീലകരായ പി ജി മനോജ്, എന്‍ എസ് സരിന്‍ എന്നിവര്‍ക്കും സ്വീകരണം നല്‍കി. രാജ്യത്തിന് വേണ്ടി മെഡല്‍ നേടാനായതില്‍ അഭിമാനമുണ്ടെങ്കിലും പരിശീലകര്‍ക്ക് പരിഗണന കിട്ടാത്തത് വേദനപ്പിച്ചുവെന്ന് ചിത്ര പറഞ്ഞു. മുണ്ടൂര്‍ സ്‌കൂളിലും പറളി സ്‌കൂളിലും സ്വീകരണം ഒരുക്കിയിരുന്നു.