പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ ലേലം ചെയ്തു

Posted on: September 27, 2013 6:06 am | Last updated: September 27, 2013 at 8:06 am

പേരാമ്പ്ര: പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങളില്‍ യഥാര്‍ഥ ഉടമകള്‍ അവകാശമുന്നയിച്ച് എത്തുന്നതിന് നല്‍കിയ സമയ പരിധി അവസാനിച്ചതിനെ തുടര്‍ന്ന് പരസ്യലേലത്തില്‍ വിറ്റു. 16 മോട്ടോര്‍ബൈക്കുകള്‍, ഒരു മിനി ലോറി, ജീപ്പ്, ഗുഡ്‌സ് ഓട്ടോ, രണ്ട് കാറുകള്‍ എന്നിവയാണ് സ്റ്റിക്കര്‍ പതിച്ച് ലേലത്തിന് വെച്ചത്. ഇവയില്‍ എന്‍ജിന്‍, ചേസിസ് നമ്പറുകളുള്ള വാഹനങ്ങള്‍ ലേലത്തില്‍ വിറ്റു. സ്ട്രാപ്പ് ഇനത്തില്‍ പെടുന്ന ഏതാനും വാഹനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച വില്‍പ്പന വില അധികമാണെന്ന് ആക്ഷേപമുന്നയിച്ചത് കാരണം ലേലത്തില്‍ പിടിക്കാന്‍ ആരും തയ്യാറായില്ല. റൂറല്‍ എ ആര്‍ ക്യാമ്പ് അസി. കമാന്‍ഡര്‍ ദേവദാസ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ എന്നിവരാണ് ലേലനടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. പിടികൂടന്ന വാഹനങ്ങളുടെ ഉടമകള്‍ സമയ ബന്ധിതമായി എത്തി നിയമാനുസരണം തിരിച്ചെടുക്കുന്നതിന് തയ്യാറാകാത്തപക്ഷം കാലതാമസം കൂടാതെ ലേലം ചെയ്ത് വില്‍ക്കാനുള്ള നിയമം നടപ്പാക്കിയാല്‍ ഈ വകയില്‍ സര്‍ക്കാറിന് കോടികളുടെ വരുമാനമുണ്ടാക്കാന്‍ കഴിയും. ഏതാണ്ട് 16 ലക്ഷത്തിന് മുകളില്‍ വില വരുന്ന വാഹനങ്ങളാണ് കഴിഞ്ഞ ദിവസം പേരാമ്പ്ര സ്റ്റേഷനില്‍ നിന്ന് ചുരുങ്ങിയ വിലക്ക് ലേലത്തില്‍ വി ല്‍ക്കേണ്ടിവന്നത്.